Weather | ചൂട് കൂടി, എ സി ഉപയോഗവും; വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലേക്ക്; കെഎസ്ഇബി നിയന്ത്രണങ്ങൾ കടുപ്പിക്കും?
● മുൻ വർഷങ്ങളെ അപേക്ഷിച്ച് എസി വിൽപന ഇരട്ടിയായി വർധിച്ചു.
● വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു.
● കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.
● എസിക്ക് ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് വില ഉയർത്താനും കമ്പനികൾ നിർബന്ധിതരാവുന്നു.
കൊച്ചി: (KasargodVartha) ചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെ എസിയുടെ ഉപയോഗവും കൂടി. ഈ വർഷത്തെ മൂന്ന് മാസത്തിനുള്ളിൽ തന്നെ എസിയുടെ വില്പന സംസ്ഥാനത്ത് എട്ടു ലക്ഷം കവിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യകാലങ്ങളിൽ ആഡംബരമായി കണ്ട എസി ഇന്ന് വീടുകളിൽ ആവശ്യ ഘടകമായി മാറിക്കഴിഞ്ഞു. അത്രയ്ക്കും ചൂടിന്റെ കാഠിന്യം കൂടിയിട്ടുണ്ട്. ഫാനിനും കൂളറിനൊന്നും റൂമുകളിലെ ചൂടിന്റെ കാഠിന്യം കുറക്കാൻ പര്യാപ്തമല്ല.
മുൻ വർഷങ്ങളിൽ രണ്ടോ, മൂന്നോ ലക്ഷം എസികളായിരുന്നു വിറ്റിരുന്നതെങ്കിൽ ഈ വർഷം തുടക്കത്തിൽ തന്നെ എസി വില്പന ഇരട്ടിയായി വർദ്ധിച്ചു. ഇതോടൊപ്പം വൈദ്യുതി ഉപയോഗവും സർവകാല റെക്കോഡിലേക്ക് കുതിക്കുന്നുമുണ്ട്. കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് ഇതിനകം തന്നെ കെഎസ്ഇബി വ്യക്തമാക്കിയിട്ടുമുണ്ട്. നിലവിൽ തന്നെ വൈദ്യുതി നിയന്ത്രണങ്ങളുണ്ട്.
ചൂട് കൂടികൂടി വരുന്നതിനാൽ കമ്പനികളുടെയും, ഡീലർമാരുടെയും ഓഫറുകൾ ദിവസേന വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നതിനാൽ എസിക്ക് ഡിമാന്റും ഇപ്പോൾ കൂടിയിട്ടുണ്ട്. ഒട്ടുമിക്ക ഇലക്ട്രോണിക് വ്യാപാര സ്ഥാപനങ്ങളിലും എ സി വിറ്റ് തീർന്നിട്ടുണ്ട്. വിൽപ്പന മുന്നിൽകണ്ട് ഉൽപാദനവും കമ്പനികൾ ഉയർത്തിയിട്ടുണ്ട്. മുപ്പതിനായിരം മുതൽ 50000 രൂപ വരെയുള്ള എസികൾ വിപണിയിലുണ്ട്. ഇതിനോടാണ് ഉപഭോക്താക്കൾക്ക് താല്പര്യം. അതിനിടെ എസിക്ക് ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് വില ഉയർത്താനും കമ്പനികൾ നിർബന്ധിതരാവുന്നുണ്ട്. 2000 രൂപ വരെ വില ഉയർത്താനാണ് ഇപ്പോൾ കമ്പനികളുടെ നീക്കം.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Increased heat and AC usage have driven electricity consumption to a record high in Kerala, prompting KSEB to consider stricter control measures.
#ElectricityConsumption, #ACUsage, #HeatWave, #KSEB, #PowerShortage, #KeralaWeather