city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രേഷ്മയുടെ തിരോധാനം; പ്രതികളുമായി പൊലീസ് ഒത്തുകളിക്കുന്നതായി പട്ടിക ജന സമാജം; സെപ്റ്റംബർ 29 ന് മിനി സിവിൽ സ്റ്റേഷൻ ഉപരോധിക്കും

കാസർകോട്: (www.kasargodvartha.com 01.09.2021) ഹൊസ്ദുർഗ് താലൂകിലെ മോയാളം സർകാർ കോളനിയിലെ രേഷ്‌മ എന്ന ആദിവാസി പെൺകുട്ടിയെ 2020 മെയ് മാസത്തിൽ ജോലി വാഗ്ദാനം ചെയ്തും പ്രണയം നടിച്ചും തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുമായി പൊലീസ് ഒത്തുകളിക്കുന്നതായി പട്ടിക ജന സമാജം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് സപ്തംബർ 29 ന് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ ഉപരോധിക്കും. വാർത്താസമ്മേളനത്തിൽ രേഷ്മയുടെ പിതാവ് എം സി രാമൻ, മാതാവ് കല്യാണി എന്നിവരും സംബന്ധിച്ചു.

    
രേഷ്മയുടെ തിരോധാനം; പ്രതികളുമായി പൊലീസ് ഒത്തുകളിക്കുന്നതായി പട്ടിക ജന സമാജം; സെപ്റ്റംബർ 29 ന് മിനി സിവിൽ സ്റ്റേഷൻ ഉപരോധിക്കും



രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അമ്പലത്തറ പൊലീസ് തുടക്കത്തിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷിച്ചിരുന്നു. മിസിംഗായി റെജിസ്റ്റർ ചെയ്ത കേസ് പിന്നീട് ബേക്കൽ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ തുടക്കം മുതൽ കുറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമം പൊലീസിൽ നിന്നുണ്ടായി. അന്വേഷണം നടന്നുവരുന്നതിനിടയിൽ തന്നെ രേഷ്മ കൊല്ലപ്പെട്ടു എന്ന വാർത്ത ചില മാധ്യമങ്ങളിൽ വരികയും പൊലീസിൽ പരാതി ലഭിക്കുകയും ചെയ്തിട്ടും ആ നിലയിൽ ഗൗരവതരമായ ഒരു അന്വേഷണവും നടന്നിട്ടില്ല.

പാണത്തൂരുള്ള ബിജു പൗലോസും, മമ്മി എന്ന് വിളിക്കുന്ന ഏലിയാമ്മയുമാണ് രേഷ്മയുടെ തിരോധാനത്തിനു പിന്നിൽ. ഇവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിരുന്നെങ്കിലും പ്രതികൾക്കൊപ്പം ചേർന്നാണ് പൊലീസ് പ്രവർത്തിച്ചത്. 10 വർഷത്തിലധികമായി അന്വേഷിക്കുന്ന കേസിൽ ഒരു തുമ്പും ഉണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ബിജു പൗലോസും ഏലിയാമ്മക്കും ഒപ്പം രേഷ്മ അജാനൂരിലുള്ള മടിയൻ എന്ന സ്ഥലത്ത് താമസിച്ചിരുന്നു.

ബിജു പൗലോസും രേഷ്മയും ദമ്പതികളായാണ് അവിടെ വാടകക്ക് വീടെടുത്ത് താമസിച്ചത്. ഭാര്യയും മക്കളുമുള്ള ബിജു പൗലോസ് ഈ കാര്യങ്ങളെല്ലാം മറച്ചുവച്ചാണ് 19 വയസുകാരി രേഷ്മ എന്ന ആദിവാസി പെൺകുട്ടിയെ കല്ല്യാണം കഴിച്ചതായി വിശ്വസിപ്പിച്ച് കൂടെ താമസിപ്പിച്ചത്. ഈ കൃത്യങ്ങൾക്കെല്ലാം അയാളുടെ അമ്മയുടെ പിന്തുണയും അയാൾക്കുണ്ടായിരുന്നതിന് തെളിവുകളുണ്ട്.

എറണാകുളത്ത് ജോലി ശരിയാക്കിയിട്ടുണ്ടെന്നും ഇവർക്കൊപ്പം അവിടേക്ക് പോകുന്നതായും രേഷ്മ വീട്ടുകാരെ അറിയിച്ചിരുന്നു. ഇവർക്കൊപ്പം രേഷ്മ എറണാകുളത്തേക്ക് പോയതായും അറിവ് കിട്ടിയിട്ടുണ്ട്. അവിടെവച്ച് ഇരുവരും ചേർന്ന് രേഷ്മയെ കൊലപ്പെടുത്തിയതായി ചില മാധ്യമങ്ങളിൽ വാർത്തകളും വന്നു. എങ്കിലും പൊലീസ് വുമൺ മിസിംഗ് എന്ന നിലയി ലാണ് അന്വേഷണം നടത്തിവരുന്നത്.

വ്യക്തമായ തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും രേഷ്മയുടെ തിരോധാനത്തിൽ ഉത്തരം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിയുന്നില്ല. ഒന്നാം ഘട്ട സമരത്തിൽ സർകാർ ഉചിതമായ നടപടി സ്വീകരിക്കാത്ത പക്ഷം ഗാന്ധി ജയന്തി ദിനം മുതൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ അനിശ്ചിതകാല സത്യഗ്രഹ സമരവും ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ പട്ടിക ജന സമാജം ജനറൽ സെക്രടറി തെക്കൻ സുനിൽ കുമാർ, യുവജന സമാജം സംസ്ഥാന പ്രസിഡണ്ട് കെ എം രാജീവൻ, മഹിളാസമാജം സംസ്ഥാന സെക്രടറി എം ആർ പുഷ്പ, ജാഗ്രത സമിതി ചെയർമാൻ രാജേഷ് മഞ്ഞളാംബര, യൂത് മൂവ്മെന്റ് ജില്ലാ സെക്രടറി ഹരികൃഷ്ണൻ കെ എന്നിവർ സംബന്ധിച്ചു.
  



Keywords: Kasaragod, Kerala, News, Press meet, Video, Hosdurg, Case, Kidnap, Kidnap Case, Police, Kanhangad, Ambalathara, Investigation, Ernakulam, Secretary, Reshma case; Mini Civil Station will be cordoned off on September 29th.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia