മലയാളത്തിന്റെ മഹാകഥാകാരന്റെ ഓർമകളുമായി 27-ാം ചരമദിനം ആചരിച്ചു
Jul 6, 2021, 14:40 IST
കാസർകോട്: (www.kasargodvartha.com 06.07.2021) മലയാളത്തിന്റെ മഹാകഥാകാരൻ വൈക്കം മുഹമ്മദ് ബശീറിന്റെ ഓർമകളുമായി വിവിധയിടങ്ങളിൽ അദ്ദേഹത്തിന്റെ 27-ാം ചരമദിനം ആചരിച്ചു.
വേറിട്ട അനുസ്മരണമൊരുക്കി മുഹിമ്മാത്ത് ഹയർ സെകൻഡറി സ്കൂൾ
പുത്തിഗെ: വൈക്കം മുഹമ്മദ് ബശീറെന്ന മഹാനായ കഥാകാരനെ വേറിട്ട രീതിയിൽ ഓർത്തെടുക്കുകയാണ് മുഹിമ്മാത്ത് ഹയർ സെകൻഡറി സ്കൂൾ. അദ്ദേഹത്തിന്റെ ഓർമ ദിനമായ തിങ്കളാഴ്ച വൈലാലിലെ വീടും ചുറ്റുപാടുകളും മറ്റും ദൃശ്യാവിഷ്കാരം നടത്തിയാണ് മരിച്ചിട്ടും മരിക്കാത്ത ഈ കഥാകാരന് സ്കൂളിലെ മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ജലി അർപിച്ചത്.
സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും സഹകരണത്തോടെ മാനേജർ സുലൈമാൻ കരിവെള്ളൂർ, ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദർ മാസ്റ്റർ, പ്രിൻസിപൽ രൂപേഷ് എന്നിവരുടെ നേതൃത്വത്തിൽ രാജീവൻ മാസ്റ്റർ സംവിധാനം നിർവഹിച്ചാണ് ഹൃസ്വമായ വിഡിയോ തയ്യറാക്കിയത്.
അധ്യാപകനായ ഹനീഫ് ഹിംസാക്ക് സാങ്കേതിക സഹായം നൽകി. രാജീവൻ മാസ്റ്റർ, ജ്യോതിഷ ടീചെർ എന്നിവർ സ്ക്രിപ്റ്റ് എഴുതി. ബശീറിന്റെ പ്രമുഖ കഥാപാത്രങ്ങൾക്ക് ശബ്ദത്തിലൂടെ ജീവൻ നൽകിയത് മാസ്റ്റർ സഞ്ജയ് കൃഷ്ണ, സ്കൂളിലെ മലയാള വിഭാഗം അധ്യാപകരായ രാജീവൻ, രേഷ്മ, തബ്ശീര ജ്യോതിഷ എന്നിവരാണ്. ഇതിനോടനുബന്ധിച്ച് ഒന്നു മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കായി 'ബഷീർ കഥാപാത്രങ്ങൾ കുട്ടികളുടെ ഭാവനയിൽ' എന്ന പേരിൽ ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.
എം എസ് മൊഗ്രാൽ ലൈബ്രറിയിൽ വൈക്കം മുഹമ്മദ് ബശീർ ഓർമ ദിനം ആചരിച്ചു
മൊഗ്രാൽ: വൈക്കം മുഹമ്മദ് ബശീറിന്റെ ചരമദിനാചരണവും വായന മത്സര വിജയികൾക്കുള്ള സമ്മാനദാനവും എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തിൽ നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂടീവ് അംഗം വിജയൻ കെ ടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് നിസാർ പെർവാഡ് മുഖ്യാതിഥിയായിരുന്നു.
വായനാമത്സരത്തിൽ ഖദീജത് അഫ്റ ഒന്നാം സ്ഥാനവും സൈനബത് ശിന മെഹ്സിൻ രണ്ടാം സ്ഥാനവും മറിയം നുസഹ മൂന്നാം സ്ഥാനവും നേടി.
സിദ്ദീഖ് അലി മൊഗ്രാൽ, എം സി എം അക്ബർ, എം എ അബ്ദുർ റഹ്മാൻ, മിശാൽ റഹ്മാൻ, നിഹാൽ സംസാരിച്ചു. ഫവാസ് ഇബ്രാഹിം സ്വാഗതവും റഈസ് നന്ദിയും പറഞ്ഞു.
'ഇമ്മിണി ബല്യ അകലം ' ഹ്രസ്വ സിനിമയുമായി മേലാങ്കോട്ടെ വിദ്യാർഥികൾ
കാഞ്ഞങ്ങാട്: വൈക്കം മുഹമ്മദ് ബശീറിന്റെ കഥാപാത്രങ്ങളെ കോവിഡ് പശ്ചാത്തലത്തിൽ വായിക്കാൻ ശ്രമിക്കുകയാണ് മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ഗവ. യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദി. അഞ്ചു മിനുറ്റ് ദൈർഘ്യമുള്ള ഹ്രസ്വ സിനിമയ്ക്ക് അവർ ബശീറിന്റെ ഭാഷയിൽ തന്നെ പേരുമിട്ടു. 'ഇമ്മിണി ബല്യ അകലം'. ഗ്രാമഫോണിൽ ഏകാന്തതയുടെ അപാര തീരം എന്ന പാട്ട് കേട്ട് കൊണ്ട് ചാരു കസേരയിൽ മയക്കത്തിലായിരുന്ന ബശീർ മതിലിനപ്പുറത്ത് നിന്ന് തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ ശബ്ദം കേട്ടാണ് ഉണരുന്നത്.
ബശീർ കഥകളിലെ മതിൽ സിനിമയിൽ സാമൂഹ്യ അകലത്തിന്റെ പ്രതീകമായി വളരുന്നു. ആടിന് മാസ്ക് കെട്ടാൻ കഴിയാത്തതിലുള്ള വേവലാതിയുമായി പാത്തുമ്മ, കണ്ണിന് ബ്ലാക് ഫംഗസ് വരുമെന്ന ഇബ്ലീസുകളുടെ പരിഹാസവുമായി ഒറ്റക്കണ്ണൻ പോക്കർ. ആകാശമിഠായി വാങ്ങാൻ ആകാശത്തേക്ക് വിമാനം കയറേണ്ടിവരുമെന്ന ആശങ്കയുമായി കേശവൻ നായരും സാറാമ്മയും. കണ്ണിൽ കാണാത്ത പ്രാണീന്റെ മുന്നിലല്ലപ്പാ കേമന്മാരായ മനുഷ്യര് തോറ്റതെന്ന് കുഞ്ഞിപ്പാത്തു. ലോകത്തെ മരമണ്ടനായി പണ്ടേ വിശേഷിപ്പിച്ചെന്ന് മണ്ടൻ മുത്തപ്പാ. ഇങ്ങനെ പോകുന്നു കഥാപാത്രങ്ങളുടെ കോവിഡ് കാല വർത്തമാനം.
രാഷ്ട്രീയ തടവുകാരനായി ജയിലിലെത്തുന്ന ബശീർ മതിലിനപ്പുറത്തെ സ്ത്രീ ജയിലിലെ നാരായണിയുമായുള്ള നഷ്ടപ്രണയത്തിന്റെ ദൃശ്യത്തോടെയാണ് സിനിമയുടെ തുടക്കം. മനുഷ്യർ ജയിക്കുന്ന ലോകമുണ്ടാകണമെങ്കിൽ പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യരുണ്ടാകണം. ജൈവായുധ യുദ്ധത്തെ ചൊറിയമ്പുഴു യുദ്ധമായി പരിഹസിച്ച ബശീർ കോവിഡ് മഹാമാരിയെയും തന്റെ കഥകളിലൂടെ പ്രവചിച്ചുവെന്ന് ചിത്രം പറഞ്ഞു വെക്കുന്നുണ്ട്.
മണ്ടൻ മുത്തപ്പയും മൂക്കനും ഒറ്റക്കണ്ണൻ പോക്കറും പാത്തുമ്മയും കേശവൻ നായരും സാറാമ്മയും കുഞ്ഞിപ്പാത്തുവും എട്ടുകാലി മമ്മൂഞ്ഞിയും മതിലിൻമേൽ കയറി നിന്ന് അതിജീവനത്തിന്റെ കാഹളം മുഴക്കുന്നിടത്ത് സിനിമ പൂർണമാകുന്നു. കേന്ദ്ര കഥാപാത്രമായ ബശീറിനെ ആറാം ക്ലാസിലെ ഋതുരാജ് അനായാസം അവതരിപ്പിച്ചു. ഒന്നാം തരത്തിലെ അക്ഷര കൃഷ്ണയാണ് കുഞ്ഞിപ്പാത്തുവായി അഭിനയിച്ചത്. മീനാക്ഷി, രാജലക്ഷ്മി, ജിഷ്ണ , അതുൽ, ആദിത്യൻ, നിവേദ്, രോഹിത്ത്, ആകാശ്, വിശ്വജിത്ത് എന്നിവർ മറ്റു കഥാപാത്രങ്ങൾക്ക് വേഷം പകർന്നു.
അധ്യാപകനും എഴുത്തുകാരനുമായ പ്രകാശൻ കരിവെള്ളൂരിന്റെതാണ് തിരക്കഥ. രാജേഷ് മധുരക്കാട്ട് സംവിധാനം നിർവ്വഹിച്ചു. സന്ധ്യാ ബാലകൃഷ്ണൻ, ജുബിൻ ബാബു, വിഷ്ണുദത്തൻ, പ്രധാനാധ്യാപകൻ ഡോ. കൊടക്കാട് നാരായണൻ, പി കുഞ്ഞിക്കണ്ണൻ, ജി ജയൻ, പി സജിത എന്നിവരാണ് അണിയറയിൽ.
ബശീർ ദിനാചരണ പരിപാടികൾ പ്രൊഫ. എം എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ടി ഗണേഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കാരക്ടർ പരേഡ്, ബശീർ ദ മാൻ ഡോക്യുമെന്ററി പ്രദർശനം, പുസ്തക പരിചയം എന്നിവയും വിവിധ ദിവസങ്ങളിലായി നടക്കും.
27-ാം ചരമ വാര്ഷികദിനത്തില് ബശീ ര് അനുസ്മരണവുമായി പബ്ലിക് റിലേഷൻ വകുപ്പ്
കാസർകോട്: ജീവിതാനുഭവങ്ങൾ കൊണ്ട് പൊള്ളലേറ്റ എഴുത്താണ് വൈക്കം മുഹമ്മദ് ബശീറിന്റേതെന്ന് കവി ദിവാകരൻ വിഷ്ണുമംഗലം പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ വൈക്കം മുഹമ്മദ് ബശീർ അനുസ്മരണത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബശീർ ചെയ്യാത്ത ജോലികളൊന്നും ഉണ്ടായിരുന്നില്ല. ഈ അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ രചനയുടെ കരുത്തായത്. പി കുഞ്ഞിരാമൻ നായർ കവിതയുടെ ആൾരൂപമാണെങ്കിൽ കഥയുടെ ആൾരൂപമാണ് ബശീർ എന്നും അദ്ദേഹം പറഞ്ഞു. ബഷീറിനെകുറിച്ചുള്ള തന്റെ കവിതയും അദ്ദേഹം ആലപിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് കലക്ടറേറ്റിലെ അക്ഷര ലൈബ്രറിയുമായി സഹകരിച്ചാണ് ബശീർ അനുസ്മരണം നടത്തിയത്. ഏത് സാധാരണക്കാരനും മനസിലാവുന്ന ഭാഷയിൽ എഴുതിയതിനാൽ മലയാളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരനാണ് ബശീറെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രടറി ഡോ. പി പ്രഭാകരൻ അനുസ്മരിച്ചു. ബേപ്പൂർ വൈലാൽ വീട്ടിൽ ബശീറിനൊപ്പം ചിലവഴിച്ച നിമിഷങ്ങളാണ് പി എൻ പണിക്കർ ഫൗൻഡേഷൻ ജില്ലാ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ അനുസ്മരിച്ചത്. ഏത് തരം വികാരങ്ങളെയും എഴുതി ഫലിപ്പിക്കുന്ന ബശീറിന്റെ എഴുത്ത് ശൈലിയാണ് ആകർഷകമെന്ന് അക്ഷര ലൈബ്രറി പ്രതിനിധി സതീശൻ പൊയ്യക്കോട് അനുസ്മരിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ അധ്യക്ഷത വഹിച്ചു. അസി. എഡിറ്റർ പി പി വിനീഷ് സ്വാഗതവും അസി. ഇൻഫർമേഷൻ ഓഫീസർ ജി എൻ പ്രദീപ് നന്ദിയും പറഞ്ഞു.
ബശീറിന്റെ ജീവിതത്തിലേക്കും കഥകളിലേക്കും ഒരെത്തിനോട്ടം;
എഴുത്തിന്റെ സുൽത്താനെ അനുസ്മരിച്ച് മണിച്ചേട്ടൻ നിലക്കാത്ത നാദം കൂട്ടായ്മ
കാഞ്ഞങ്ങാട്: വൈക്കം മുഹമ്മദ് ബശീറിന്റെ ചരമവാർഷികദിനത്തിൽ 'മണിച്ചേട്ടൻ നിലക്കാത്ത നാദം' സംഗീത കൂട്ടായ്മ ഓൺലൈൻ അനുസ്മരണം സംഘടിപ്പിച്ചു. ബശീറിന്റെ ജീവിതവും കഥകളും ഉൾപെടുത്തികൊണ്ട് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പ്രകാശൻ കരിവെള്ളൂർ അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ അനിൽ പുളിക്കൽ സംസാരിച്ചു.
മുസ്ത്വഫ പയ്യന്നൂർ, വിദ്യാധരൻ ബിരിക്കുളം, ബിജൂ മൊട്ടമ്മൽ, റശീദ് പെരുമ്പ, രമ്യ ആലപ്പുഴ, രവീന്ദ്രൻ ഏച്ചിക്കൊവ്വൽ, എം വി സുകുമാരൻ, ഷോജ വിജയൻ നീലേശ്വരം, പ്രമോദ് ആണൂർ, വിദ്യാ സുകുമാരൻ ബിരിക്കുളം നേതൃത്വം നൽകി.
Keywords: News, Malayalam, Teachers, School, Video, Headmaster, Drawing Competition, Kasaragod, Muhimmath, Kerala, Writer, Puthige, Mogral, Library, Documentary, Kanhangad, Remembered Vaikom Muhammad Basheer on his 27th Death anniversary.