പാലക്കാട്ടെ ഇരട്ട കൊലപാതകം; കാസര്‍കോട്ട് കര്‍ശന പരിശോധന; ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ നിരീക്ഷണത്തില്‍
Apr 16, 2022, 18:25 IST
കാസര്‍കോട്: (www.kasargodvartha.com 16.04.2022) പാലക്കാട്ടെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടും കര്‍ശന പരിശോധന ആരംഭിച്ചു. കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും വാഹന പരിശോധന തുടരുകയാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസിന്റെ സാന്നിധ്യം നിലനില്‍ക്കുന്നുണ്ട്.
പ്രശ്നബാധിത പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിമിനല്‍ കേസുകളിലെ പ്രതികളെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലും കണ്‍വെട്ടത്തിലും തന്നെയുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും അപ്പപ്പോള്‍ നാട്ടിലെ സ്പന്ദനങ്ങള്‍ ഉന്നത കേന്ദ്രങ്ങളില്‍ എത്തിക്കുന്നുണ്ട്.
ബൈക്, കാര്‍, ഓടോ, ഓംനി തുടങ്ങി സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും നടുറോഡില്‍വെച്ച് തന്നെ തടഞ്ഞ് മാറ്റി നിര്‍ത്തി പരിശോധിക്കുന്നുണ്ട്. രേഖകള്‍ കൃത്യമല്ലാത്ത വാഹനങ്ങള്‍ അപ്പോള്‍ തന്നെ കസ്റ്റഡിയിലെടുക്കുന്നു. പകല്‍ സമയത്തെ പരിശോധനയുടെ ഇരട്ടി പരിശോധന രാത്രിയില്‍ നടത്തുമെന്ന് പൊലീസ് പറഞ്ഞു. പ്രവര്‍ത്തിക്കാത്ത സിസിടിവികള്‍ ഇപ്പോള്‍ കുറവാണ്. മോടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയ സിസിടിവികള്‍ക്ക് പുറമേ സ്വകാര്യ സ്ഥാപനങ്ങളുടേയും വീടുകളുടേയും സിസിടിവികളുടെ കണക്കുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. എവിടെയെങ്കിലും അനിഷ്ട സംഭവങ്ങള്‍ നടന്നാല്‍ ഉടന്‍ നടപടി സ്വീകരിക്കാനുള്ള മുന്‍കരുതലുകളും പൊലീസ് സ്വീകരിക്കുന്നുണ്ട്.
നാട്ടില്‍ നടക്കുന്ന രഹസ്യ വിവരങ്ങള്‍ കൈമാറാന്‍ പ്രത്യേകം ആള്‍ക്കാരെത്തന്നെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. സെന്‍സിറ്റീവ് ഏരിയയായ കാസര്‍കോട്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമാധാനം നിലനില്‍ക്കുകയാണ്. ഇത് അതേപടി നിലനിര്‍ത്താനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൊലീസ് പൂര്‍ത്തിയാക്കിട്ടുണ്ട്.
Keywords: Kasaragod, Kerala, News, Top-Headlines, Police, Palakkad, Murder, Video, Murder-case, Criminal-Gang, Case, Palakkad double murder; Strict inspections in Kasargod.
< !- START disable copy paste -->