കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്‌ടമായി; മാനസിക സംഘർഷത്തിലായ യുവാവ് രക്ഷപ്പെടാൻ കണ്ടെത്തിയ പോംവഴി വ്യത്യസ്തം, ശ്രദ്ധേയമായി സാഹസിക യാത്ര
May 11, 2021, 19:55 IST
കാസർകോട്: (www.kasargodvartha.com 11.05.2021) ലോക് ഡൗൺ മൂലം ജോലി നഷ്ടമായതോടെ കടുത്ത മാനസിക പ്രയാസത്തിൽ പെട്ട യുവാവ് പിരിമുറുക്കങ്ങളിൽ നിന്ന് രക്ഷപെടാൻ കണ്ടെത്തിയ പോംവഴി ഒറ്റയ്ക്ക് കാശ്മീരിലേക്കുള്ള സൈകിൾ സഞ്ചാരം. തൊടുപുഴ സ്വദേശിയായ ഗോകുലാണ് ഈ സാഹസത്തിന് മുതിർന്നത്. നാല് മാസം പിന്നിട്ട യാത്ര കഴിഞ്ഞു വരുന്നതിനിടെ തിങ്കളാഴ്ച ഈ 30 കാരൻ കാസർകോട്ടെത്തി. 7000 കിലോമീറ്ററാണ് യുവാവ് ഇതുവരെ സഞ്ചരിച്ചത്.
കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചു കുലുക്കിയതോടെയാണ് പ്രോജക്ട് എഞ്ചിനീയറായിരുന്ന ഗോകുലിന് ജോലി നഷ്ടപ്പെട്ടത്. ലോക് ഡൗൺ മൂലം കമ്പനി പ്രതിസന്ധിയിലായതോടെ ഗോകുലിന് പടിയിറങ്ങേണ്ടി വന്നു. ഭാര്യയും കുട്ടികളുമുള്ള ഈ യുവാവിന് പിന്നീടുള്ള ജീവിതം പ്രയാസങ്ങളുടേതായി. ഒടുവിൽ അത് വലിയൊരു മാനസിക സംഘർഷത്തിലേക്ക് തള്ളി വിട്ടു. ഈ സമയങ്ങളിൽ പല പരാക്രമണങ്ങളും കാട്ടി കൂടിയതായി ഗോകുൽ പറയുന്നു.
ഒടുവിൽ ഇതിനെയെല്ലാം മറികടക്കാൻ ഗോകുൽ കണ്ടെത്തിയ വഴിയായിരുന്നു കാശ്‌മീർ യാത്ര. നാടുകളുടെ മനസറിഞ്ഞു യാത്ര ചെയ്യണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആഗ്രഹം. അതിനായി യാത്ര സൈകിളിലാക്കി. 1500 രൂപ ചെലവഴിച്ചാണ് പഴയൊരു സൈകിൾ സംഘടിപ്പിച്ചത്. ഡിസംബർ 16 ന് യാത്ര പുറപ്പെട്ടു. 16 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു. അമ്പലങ്ങളിലും തെരുവുകളിലും ബീചുകളിലും അന്തിയുറങ്ങി.
യാത്രയിൽ ഒരു പ്രയാസവും ഉണ്ടായില്ലെന്നും സാധാരണക്കാരായ ആളുകളുടെ വലിയ പിന്തുണയാണ് തനിക്ക് ലഭിച്ചതെന്നും ഗോകുൽ കാസർകോട് വാർത്തയോട് പറഞ്ഞു. യാത്രയ്ക്കായി യൂട്യുബ്, ഇൻസ്റ്റാഗ്രാം, പേജുകളും തുറന്നു. ഇതിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കി. ഇനി ഈ മേഖലയിൽ തന്നെ തുടരാനാണ് ഗോകുലിന്റെ ആഗ്രഹം.
ലോക് ഡൗൺ പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട അനവധി ആളുകളുണ്ട്. മാനസികമായി തളരാതെ പുതിയ വഴികൾ കണ്ടെത്താൻ അത്തരം ആളുകൾക്ക് പ്രചോദനമാണ് ഗോകുലിന്റെ ജീവിതം.
Keywords: Kerala, News, Kasaragod, Kashmir, Video, Thodupuzha, Top-Headlines, COVID-19, Corona, Job, Youth, Bicycle, Job loss due to COVID crisis; The way the mentally disturbed young man found to escape was different.
< !- START disable copy paste -->