ഭക്ഷണത്തിന് വില ഏകീകരണം ഒരിക്കലും നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ഹോടെല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്; 'ഏകീകരിച്ചാല്‍ നഷ്ടം ഉപഭോക്താക്കള്‍ക്ക്'; നിത്യോപയോഗ സാധങ്ങളുടെ വില വർധനയ്ക്കെതിരെ പോസ്റ്റ് ഓഫീസ് ധർണ നടത്തി
Apr 6, 2022, 21:31 IST
കാസർകോട്: (www.kasargodvartha.com 06.04.2022) ഹോടെല്‍ ഭക്ഷണത്തിന് വില ഏകീകരണം ഒരിക്കലും നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ഹോടെല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓരോ ഹോടെലുകളിലും വ്യത്യസ്ത രീതിയിലാണ് ഭക്ഷണം വിളമ്പുന്നത്. തെരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താക്കള്‍ക്കാണ്. വില ഏകീകരിച്ചാല്‍ നഷ്ടം ഉപഭോക്താക്കള്‍ക്കായിരിക്കും. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ ഭക്ഷണം വിളമ്പുന്നത് കേരളത്തിലാണ്. വില ഏകീകരണം നിരവധി ചര്‍ചകള്‍ നടന്നിട്ടും അത് അസാധ്യമെന്ന് വിലയിരുത്തിയ കാര്യമാണ്.
പാചകഗ്യാസിന്റെ അടിക്കടിയുള്ള വിലവര്‍ധനവ് ചെറുകിട ഹോടെല്‍ മേഖലയെ ഇല്ലാതാക്കും. 250 രൂപയോളമാണ് ഏപ്രില്‍ മാസത്തില്‍ മാത്രം വില കൂടിയത്. ഹോടെലുകള്‍ക്ക് പ്രതിദിനം 750 രൂപ മുതല്‍ 2500 രൂപവരെ അധികബാധ്യത ഉണ്ടാക്കുന്നു. ഗാര്‍ഹികേതര ഗ്യാസിനുള്ള 18 ശതമാനം നികുതി ഗാര്‍ഹിക ഗ്യാസിനുള്ളത് പോലെ അഞ്ച് ശതമാനമായി കുറയ്ക്കാന്‍ സര്‍കാര്‍ നടപടിയെടുക്കണം.
യുക്രൈൻ യുദ്ധത്തിന്റെ പേരില്‍ പാചക എണ്ണ, പെട്രോള്‍ വില വര്‍ധനവ് ഹോടെല്‍ മേഖലയെ കാര്യമായി ബാധിച്ചിരിക്കുകയാണ്. സര്‍കാരിന്റെ ശബരി ചായക്ക് പോലും അടുത്തകാലത്ത് കിലോയ്ക്ക് 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ചെറുകിട ഹോടെലുകള്‍ക്ക് എത്രകാലം തുടരാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ജയപാല്‍ കൂട്ടിച്ചേർത്തു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രടറി കെ പി ബാലകൃഷ്ണ പൊതുവാള്, സെക്രടറി മുഹമ്മദ് ഗസാലി, ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ്, സെക്രടറി നാരായണന് പൂജാരി, ട്രഷറര്‍ രാജന് കളക്കര, അജേഷ് നുള്ളിപ്പാടി, സത്യനാഥന് ബോവിക്കാനം എന്നിവർ സംബന്ധിച്ചു.
പോസ്റ്റ് ഓഫീസ് ധർണ നടത്തി
കാസർകോട്: പാചക ഗ്യാസിനും, നിത്യോപയോഗ സാധനങ്ങള്‍ക്കും ഉണ്ടായ വിലവര്‍ധനവിനെതിരെ ഹോടെല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ ഉദ്ഘാടനം ചെയ്തു. ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിച്ച് ഹോടെല്‍ വ്യാപാരികളെ നിയന്ത്രിക്കാന്‍ ഇറങ്ങിയ സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഭീഷണിക്കുമുന്നില്‍ ഉടമകൾ തലകുനിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രടറി കെ ബാലകൃഷ്ണ പൊതുവാള്, സെക്രടറി മുഹമ്മദ് ഗസാലി, ജില്ലാ സെക്രടറി കെ നാരായണ പൂജാരി, ട്രഷറര്‍ രാജന് കളക്കര, അജേഷ് നുള്ളിപ്പാടി, സത്യനാഥന് ബോവിക്കാനം, ഗംഗാധരന്, ടി എം റഫീഖ്, ശ്രീധരാ ത്രിഭുവന്‍, ശംസുദ്ദീന്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Hotel, Press meet, Video, Price, Gas, Gas cylinder, Ukraine War, Government, Protest, Secretary, President, Hotel and Restaurant Association says price consolidation for hotel food can never be implemented. < !- START disable copy paste -->