city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാരുണ്യ തുടര്‍ചികിത്സയ്ക്ക് തടസങ്ങളില്ലെന്ന ബജറ്റ് വാഗ്ദാനം വെറും വാക്കോ?

നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

(www.kasaragodvartha.com 27.02.2020)   
കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ മുഴുവന്‍ സേവനങ്ങളും ഇല്ലാതാകുമെന്നായിരുന്നു ആദ്യ പ്രഖ്യാപനമെങ്കിലും ബജറ്റോടെ അതു മാറിയിരുന്നു. സാമ്പത്തികമായി കഷ്ടതകള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് തുടര്‍ന്നും കാരുണ്യചികിത്സ ലഭ്യമാക്കും എന്നായിരുന്നു ബജറ്റ് വാഗ്ദാനം. എന്നാല്‍ ഇതേവരെയായും ഉത്തരവൊന്നും കൈയ്യില്‍ കിട്ടിയിട്ടില്ലെന്നും, സൗജന്യ ചികിത്സ മാര്‍ച്ചോടെ അവസാനിപ്പിക്കുകയാണെന്നും ആശുപത്രികളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

ജീവച്ഛവമായി കഴിയുന്ന പല രോഗികളും ഇതോടെ കഷ്ടത്തിലായി. കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരതില്‍ ചികിത്സ തേടണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനമെങ്കിലും മിക്ക ആശുപത്രികളിലും ആയുഷ്മാന്‍ ഭാരതിന്റെ കാര്‍ഡ് സ്വീകരിക്കുന്നില്ല. മാരക രോഗത്തിനടിമയായ പാവപ്പെട്ട രോഗികള്‍ ജീവിതത്തിനും മരണത്തിനുമിടയിലാണ്.

കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ആഷിഖ് എന്ന 18കാരന്‍. വര്‍ഷങ്ങളായി ചികിത്സിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസ് വേണം. കിഡ്നി മാറ്റിവെക്കാന്‍ പണമില്ല. ഡയാലിസിസിന്റെ പണം ഇതുവരെ കാരുണ്യയിലൂടെയാണ് നല്‍കി വരുന്നത്. ഇനി പോംവഴിയെന്ത് എന്ന ചോദ്യം ആഷിഖിന്റെ കാര്യത്തില്‍ ഉയരുന്നു. ഇത്രയും കാലം കൂടെ നടന്ന് ചികിത്സിച്ച് പതിനെട്ടാം വയസില്‍ കഴുത്തില്‍ കയറു മുറുക്കി ഇനി കൊല്ലാം കഴിയുമോ എന്റെ മോനെ. ആ ഉമ്മ വാവിട്ടു കരയുന്നു.

പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് വഴി പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലായതോടെയാണ് കാരുണ്യ വഴിമാറിയത്. പിന്നീട് സംസ്ഥാന ബജറ്റ് പ്രസംഗത്തില്‍ പിന്‍വലിച്ച കാരുണ്യ പുന:സ്ഥാപിച്ചുവെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ആശ കൈവിടാതെ രോഗികള്‍ തുടര്‍ ചികിത്സയ്ക്കുള്ള അനുമതിയും കാത്ത് കഴിയുകയാണ്. നിലവില്‍ കാരുണ്യയിലൂടെ ആനുകൂല്യം നല്‍കി വരുന്ന ആശുപത്രികള്‍ ഇപ്പോള്‍ കൈമലര്‍ത്തുകയാണ്.

ബജറ്റ് പ്രസംഗം ഞങ്ങളും കേട്ടു. ഇതിന്റെ ഒരു ഉത്തരവും ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രികളുടെ മറുപടി. കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരതിന്റെ പ്രായോജകര്‍ റിലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനിയാണ്. ഇതു പ്രാബല്യത്തിലായതോടെ കേരള ലോട്ടറി വകുപ്പ് കൈകാര്യം ചെയ്തു വന്നിരുന്ന കാരുണ്യക്ക് പൂട്ടു വീണിരുന്നു. പദ്ധതി നടത്തിക്കൊണ്ടിരുന്ന ലോട്ടറി വകുപ്പില്‍ നിന്നും ഇത് മാറ്റി ഇപ്പോള്‍ സംസ്ഥാന തൊഴില്‍ വകുപ്പാണ് നോക്കുന്നത്. പുതുതായി പ്രഖ്യാപിച്ച തുടര്‍ ചികിത്സയുടെ കാര്യത്തില്‍ അവരും ഇരുട്ടില്‍ തപ്പുകയാണ്. റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ചികിത്സക്കു മാത്രമേ അനുമതി വന്നിട്ടുള്ളൂവെന്നും ബാക്കിയെല്ലാം വരേണ്ടിയിരിക്കുന്നു എന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

കാരുണ്യയില്‍ പരമാവധി മൂന്നു ലക്ഷമാണ് കവറേജെങ്കില്‍ ആയുഷ്മാനില്‍ അഞ്ചു ലക്ഷമുണ്ട്. പക്ഷെ ചികിത്സിക്കാന്‍ ആശുപത്രികളില്ല.  ഉള്ളവയില്‍ അധികവും സര്‍ക്കാരിന്റെ ധര്‍മ്മാശുപത്രികള്‍ മാത്രം.  ഏറ്റവും അധികം കഷ്ടപ്പെടുന്നത് വൃക്കരോഗികളാണ്. അവര്‍ക്കായി ആയുഷ്മാന്‍ ഭാരത് വഴി ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍ വിരളം. കാസര്‍കോട്ട് ഇല്ലെന്ന് തന്നെ പറയാം. ഉള്ളിടത്താണെങ്കില്‍ നീണ്ട ക്യൂ. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യേണ്ട രോഗികള്‍ക്ക് ആറുമാസവും, ഒരു കൊല്ലവും ക്യൂവില്‍ നില്‍ക്കാന്‍ കഴിയുമോ? കൊട്ടിഘോഷിക്കാന്‍ മാത്രമാണ് ആയുഷ്മാന്‍ പദ്ധതി. ചികിത്സ സ്വീകരിക്കാന്‍ ആശുപത്രികളില്ല. ജില്ലയിലെ പ്രമുഖ ആശുപത്രികളിലൊന്നും തന്നെ ആയുഷ്മാന്‍ ഭാരതില്ല.

മരണത്തിന്റെ വക്കില്‍ നില്‍ക്കുന്ന വൃക്ക രോഗികളെ ജില്ലാ ഭരണകൂടം ഇനി എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്? കൊന്നു കുഴിച്ചു മൂടുകയല്ലാതെ വേറെ മാര്‍ഗമില്ല.  ആഴ്ചയില്‍ രണ്ടും മൂന്നും തവണ ഡയാലിസ് നടത്തുന്ന നൂറുകണക്കിനു രോഗികളുണ്ട് ജില്ലയില്‍. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ വിരലില്‍ എണ്ണാവുന്ന സ്വകാര്യ ആശുപത്രികളിലെങ്കിലും വൃക്ക രോഗികള്‍ക്ക് കാരുണ്യയുടെ ചികിത്സ ലഭിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം മാര്‍ച്ചോടെ നിര്‍ത്തും. സൗജന്യ ചികിത്സ ഒഴിവായാല്‍ ആഴ്ചയില്‍ നാലായിരത്തോളം രൂപ മുടക്കി വേണം രോഗികള്‍ക്ക് തുടര്‍ ചികിത്സ നടത്താന്‍. ഒരു മാസം ചികിത്സയ്ക്കു മാത്രം 20,000 ത്തോളം രൂപ കരുതേണ്ടി വരും. പണിയെടുക്കാന്‍ നിര്‍വ്വാഹമില്ലാത്ത നിത്യരോഗികള്‍ ഇതെവിടെ നിന്നു ഉണ്ടാക്കും? മരണത്തിനു കീഴടങ്ങുക മാത്രമാണ് പോം വഴി.

കാസര്‍കോടിന്റെ ഈ ദുര്‍ഗതി കേന്ദ്രത്തെ അറിയിക്കാന്‍ കാസര്‍കോടിന്റെ എം പി രാജ്മോഹന്‍ ഉണ്ണിത്താനെ ശരണം പ്രാപിക്കാനാണ് രോഗികള്‍ ആലോചിക്കുന്നത്. നിലവില്‍ കാരുണ്യയുടെ ആനുകൂല്യമുള്ള സ്വകാര്യ ആശുപത്രികളെ വീണ്ടും പദ്ധതിയിലേക്ക് കൊണ്ടുവരാനുള്ള സമ്മര്‍ദ്ധത്തിന് ജനപ്രതിനിധികളും, ജില്ലയിലെ മന്ത്രിയും തയ്യാറായാല്‍ സൗജന്യ ഡയാലിസിസ് സൗകര്യം തിരിച്ചു കിട്ടുമെന്നാണ് രോഗികളും അവരുടെ ആശ്രിതരും പ്രതീക്ഷിക്കുന്നത്. ജനനേതാക്കള്‍ കൂടി രോഗികളെ കൈവെടിഞ്ഞാല്‍ മരണത്തിലേക്കുള്ള വഴിയില്‍ ഈ രോഗികള്‍ ഒറ്റപ്പെടുകയായി.

 കാരുണ്യ തുടര്‍ചികിത്സയ്ക്ക് തടസങ്ങളില്ലെന്ന ബജറ്റ് വാഗ്ദാനം വെറും വാക്കോ?

Keywords: News, kasaragod, Kerala, health, Prathibha-Rajan, Report, Budget promise and Karunya treatment    < !- START disable copy paste -->  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia