city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tourism Development | ഫണ്ടും സാങ്കേതികാനുമതിയും ലഭിച്ച 'പൊസഡിഗുംബെ' ടൂറിസം പദ്ധതിയും കടലാസിലൊതുങ്ങിയോ?

Posadigumpe Tourism Project
Photo: Arranged

● വർഷം ഒന്ന് പിന്നിട്ടിട്ടും പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പോലും തുടക്കമായിട്ടില്ല. 
● അവധി ദിവസങ്ങളിൽ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. 
● കുമ്പളയിൽ നിന്ന് ഏകദേശം 25 കിലോമീറ്ററോളം ദൂരമുണ്ട് പൊസഡി ഗുംബെയിലേക്ക്. 

പൈവളിഗെ: (KasargodVartha) ജില്ലയിലെ മഞ്ചേശ്വരത്തെയും കാസർകോട്ടെയും ടൂറിസം പദ്ധതികൾക്ക് ജീവൻ വെക്കുന്നില്ല എന്ന ആക്ഷേപം നിലനിൽക്കെ ഏറെ പ്രതീക്ഷ നൽകിയതും, ഫണ്ട് അനുവദിച്ചതും, ഭരണാനുമതി ലഭിച്ചതുമായ 'പൊസഡിഗുംബെ' ടൂറിസം പദ്ധതിയും വെന്റിലേറ്ററിൽ തന്നെ. മഞ്ഞം പൊതിക്കുന്ന്, റാണിപുരം മലനിരകൾക്കൊപ്പം ജില്ലയിലെ മറ്റൊരു പ്രധാന ആകർഷണ കേന്ദ്രമാക്കുകയായിരുന്നു പൊസഡിഗുംബെ ടൂറിസം പദ്ധതി കൊണ്ട് ബിആര്‍ഡിസിയുടെ ലക്ഷ്യം.

ഈ പ്രദേശം മഞ്ചേശ്വരം മണ്ഡലത്തിൽ  ഉൾപ്പെടുന്നതിനാൽ എകെഎം അഷ്റഫ് എംഎൽഎ 2023 സെപ്റ്റംബർ മാസം ഈ ടൂറിസം പദ്ധതിയെ കുറിച്ച് നിയമസഭയിൽ ഉന്നയിച്ചിരുന്നു. അതിന് മറുപടി പറയവെ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ടൂറിസം പദ്ധതിക്ക് ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.11 കോടി രൂപയുടെ ഫണ്ട് അനുവദിച്ചതായും, ഇതിന് സാങ്കേതികാനുമതി ലഭിച്ചതായും അറിയിച്ചത്. 

പദ്ധതിയുടെ തുടക്കം എന്ന നിലയിൽ പ്രവേശന കവാടം, ഇൻഫർമേഷൻ കിയോസ്ക്, കഫെ, ക്ലോക്ക് റൂം, ശുചി മുറികൾ, വ്യൂ ടവർ എന്നീ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. വർഷം ഒന്ന് പിന്നിട്ടിട്ടും പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പോലും തുടക്കമായിട്ടില്ല. ആയിരം അടിയോളം ഉയരത്തിലാണ് പൊസഡിഗുംബെ മലനിരകൾ. ഇവിടെയെത്താൻ ഒന്നര കിലോമീറ്റർ നടക്കണം. അവധി ദിവസങ്ങളിൽ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. 

Posadigumpe Tourism Project

ചാറ്റൽ മഴ പോലത്തെ കോടമഞ്ഞും നിറയുന്ന പുലരികളിലെ കാഴ്ചകൾ കാണാനും അതിരാവിലെ തന്നെ സഞ്ചാരികളെത്തുന്നു. മേഘപാളികളെയും, കോടമഞ്ഞിനെയും കീറിമുറിച്ച് സൂര്യൻ പുറത്തെത്തുന്ന കാഴ്ച കണ്ണിന് വിരുന്നാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. കുമ്പളയിൽ നിന്ന് ഏകദേശം 25 കിലോമീറ്ററോളം ദൂരമുണ്ട് പൊസഡി ഗുംബെയിലേക്ക്. ജില്ലയിലെ പൈവളികെ പഞ്ചായത്തിലാണ് ഈ ടൂറിസം പ്രദേശം സ്ഥിതിചെയ്യുന്നത്.

ഇവിടത്തെ വ്യൂ പോയിന്റ് എന്ന് പറയുന്നത് 1802 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതെന്ന് പറയുന്ന ഗ്രേറ്റ് ടിഗ്നേ മെട്രിക്കൽ സറ്റേഷനാണ്. ഇത് 2021ൽ അന്നത്തെ ജില്ലാ കലക്ടറായിരുന്ന ഡോ. ഡി സജിത്ത് ബാബുവിന്റെ പ്രത്യേകത താല്പര്യപ്രകാരം സംരക്ഷിച്ചു നിലനിർത്താൻ ബി ആര്‍ഡിസി നടപടി സ്വീകരിച്ചിരുന്നു. ഇപ്പോഴത് സാമൂഹിക വിരുദ്ധർ വികൃതമാക്കിയ നിലയിലാണുള്ളത്. പിന്നീടാണ് പൊസഡിഗുംബെ ടൂറിസം പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ സജീവമായതും.

Posadigumpe Tourism Project

പാർക്കിംഗ് സംവിധാനമോ, ഭക്ഷണശാലയോ ഇവിടെ സമീപത്തായിട്ടില്ലാത്തത് സഞ്ചാരികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. വെള്ളവും ഭക്ഷണവുമൊക്കെ കരുതിയാണ് സഞ്ചാരികൾ വ്യൂ പോയിന്റിലെത്തുന്നത്. സ്ഥലത്തെക്കുറിച്ചുള്ള ബോർഡുകളോ, മറ്റോ ഇതുവരെ ഇവിടെ സ്ഥാപിച്ചിട്ടുമില്ല. സഞ്ചാരികൾ തന്നെ നടന്നു നടന്നു ഉണ്ടാക്കിയതാണ് മുകളിലേക്കുള്ള വഴി. അതുകൊണ്ടുതന്നെ കുത്തനെയുള്ള കയറ്റം മുതിർന്നവർക്കും, സ്ത്രീകൾക്കും കുറച്ച് ആയാസകരമാണ്. 

ഉയരം കയറും തോറും കാഴ്ചഭംഗി ആസ്വദിക്കാനാവും സഞ്ചാരികൾ ഫോട്ടോകൾ പകർത്തുന്നതും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നാണ്. കർണാടക മേഖലയിലെ മലനിരകൾക്ക് മേലെയുള്ള കോടമഞ്ഞു മൂടുന്ന ഇവിടത്തെ കാഴ്ചകൾ മനോഹരമാണ്. ഇതാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ഏറെ ആകർഷിക്കുന്ന ഘടകവും. പൊസഡിഗുംബെയ്ക്കടുത്തായിട്ടുള്ള മംഗള ടുക്ക ജംഗ്ഷനിലെ നോണങ്കൽ, കമ്പം വെള്ളച്ചാട്ടങ്ങൾ, തലമുഗർ തൂക്കുപാലം, ഷിറിയ അണക്കെട്ട് തുടങ്ങിയവ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണ്. 

Posadigumpe Tourism Project

മതിയായ സുരക്ഷാക്രമീകരണങ്ങളൊരുക്കുകയും, അടിസ്ഥാനസൗകര്യ വികസനവും എത്തിക്കാനായാൽ കൂടുതൽ സഞ്ചാരികൾ ഇവിടെയെത്തുമെന്ന് നാട്ടുകാർ പറയുന്നു. ഇത്രയൊക്കെയായിട്ടും സാങ്കേതികാനുമതിയും ഫണ്ടും ലഭിച്ച ടൂറിസം പദ്ധതിക്ക് പിന്നെ എന്ത് സംഭവിച്ചു എന്നാണ് പ്രദേശവാദികൾ ഇപ്പോൾ ചോദിക്കുന്നത്. പദ്ധതി നടപ്പിലാക്കാൻ ജനപ്രതിനിധികളുടെയും, പൈവളിഗെ ഗ്രാമപഞ്ചായത്തിന്റെയും  അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്നാണ് നാട്ടുകാരും വിനോദ സഞ്ചാരികളും പറയുന്നത്.

 #Posadigumpe #KasaragodTourism #TourismProject #ScenicView #Development #Infrastructure

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia