Update | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയം മാറി; വേഗതയും കൂടി
● നവംബർ ഒന്നു മുതൽ പുതിയ ടൈംടേബിൾ നിലവിൽ വന്നു.
● കൊങ്കൺ റെയിൽവേയുടെ ദൈർഘ്യം 740 കിലോമീറ്ററാണ്.
● മൺസൂൺ കാലത്തെ വേഗത കുറയ്ക്കൽ നീക്കം ചെയ്തു
മംഗ്ളുറു: (KasargodVartha) കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിൻ സർവീസുകൾക്ക് മണ്‍സൂണിന് ശേഷമുള്ള പുതിയ സമയക്രമം നവംബർ ഒന്ന് മുതൽ നിലവിൽ വന്നു. മഴക്കാലത്ത് സംഭവിക്കാറുള്ള മണ്ണിടിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ കാരണം സുരക്ഷാ കാരണങ്ങളാൽ ഓരോ വർഷവും സമയക്രമത്തിൽ മാറ്റം വരുത്താറുണ്ട്. 740 കിലോമീറ്ററാണ് കൊങ്കൺപാതയുടെ ദൈർഘ്യം. 2025 ജൂണ്‍ പകുതിവരെ പുതിയ സമയക്രമം തുടരും.
ഈ വർഷം, മൺസൂൺ കാലത്തെ വേഗത കുറയ്ക്കൽ നീക്കം ചെയ്തതോടെ ട്രെയിനുകളുടെ വേഗത വർധിപ്പിച്ചു. മുൻപ് മണിക്കൂറിൽ 40-75 കിലോമീറ്ററായി വേഗം കുറച്ചിരുന്ന ട്രെയിനുകൾ ഇനി 110 കിലോമീറ്ററിലോടും. ഇതിനാൽ കേരളത്തിലേക്കുള്ള ട്രെയിനുകൾ നേരത്തേ എത്തും. മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25-ലധികം വണ്ടികള്‍ക്ക് പുതിയ സമയമാണ്.
ഈ മാറ്റം യാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കും. കൊങ്കണ്‍ പാതയിലൂടെയുള്ള യാത്രാ സമയം ഗണ്യമായി കുറയും. ഏറ്റവും പുതിയ ട്രെയിൻ സമയങ്ങൾക്കായി യാത്രക്കാർക്ക് 139 എന്ന നമ്പറിൽ വിളിക്കുകയോ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) മൊബൈൽ ആപ് അല്ലെങ്കിൽ വെബ്സൈറ്റ് https://enquiry(dot)indianrail(dot)gov(dot)in/mntes/ സന്ദർശിക്കുകയോ ചെയ്യാം.
പ്രധാന വണ്ടികളുടെ സമയം മാറി
എറണാകുളം-നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ് ഇനി മുതൽ മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെടുക. നിലവിൽ രാവിലെ 10.30 ന് പുറപ്പെടുന്ന ഈ തീവണ്ടി ഇനി ഉച്ചക്ക് 1.25 ന് പുറപ്പെടും. ഷൊർണൂരിൽ വൈകിട്ട് 4.15 നും കണ്ണൂരിൽ 6.39 നും എത്തും. എന്നാൽ, നിസാമുദ്ദീൻ-എറണാകുളം മംഗള എക്‌സ്‌പ്രസ് ഒരു മണിക്കൂർ നേരത്തേ എത്തും.
തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് രാവിലെ 9.15 ന് പുറപ്പെടും. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസ് ഒന്നര മണിക്കൂർ നേരത്തേ എത്തും. മംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ എക്‌സ്‌പ്രസ് ഉച്ചക്ക് 2.20 ന് പുറപ്പെടും.
മംഗളൂരു-ഗോവ റൂട്ടിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസ് രാവിലെ 8:30 ന് പുറപ്പെടും. മെമു ട്രെയിൻ വൈകീട്ട് 3:30 ന് പുറപ്പെടുന്നതായിരിക്കും. കൂടാതെ, മംഗളൂരു-ഗോവ സ്പെഷ്യൽ ട്രെയിൻ രാവിലെ 5:30 ന് പുറപ്പെടും.
Revision in timings of Trains during Non- Monsoon 2024. pic.twitter.com/aYgk8DNJMC
— Konkan Railway (@KonkanRailway) October 29, 2024