Train Service | ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാം! ഇന്ത്യയിലെ ഒരേയൊരു സൗജന്യ ട്രെയിൻ സർവീസിന്റെ വിശേഷങ്ങൾ
● ബസ്സുകളെ അപേക്ഷിച്ച് ട്രെയിൻ യാത്രയെന്നത് ചിലവ് കുറഞ്ഞതും ശാരീരിക ക്ഷീണം അധികം ഉണ്ടാക്കാത്തതുമാണ്.
● ബസുകളിലും നേരത്തെ ലക്ഷ്യസ്ഥാനത്ത് ചെല്ലാൻ പറ്റുമെന്നതും ട്രെയിൻ യാത്രയുടെ പ്രത്യേകതയാണ്.
● ഇന്ത്യയിൽ തികച്ചും സൗജന്യമായ ഒരേയൊരു ട്രെയിൻയാത്രയുണ്ട്.
മായ തോമസ്
(KasargodVartha) ട്രെയിൻ യാത്രയെന്നത് നമുക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. ട്രെയിനിൻ്റെ വ്യത്യസ്ത ക്ലാസുകളിൽ ഇരുന്ന് ദൂരസ്ഥലത്തേയ്ക്കുള്ള യാത്ര എല്ലാവർക്കും മനസ്സുഖം പകരുന്നു എന്നതാണ് സത്യം. ബസ്സുകളെ അപേക്ഷിച്ച് ട്രെയിൻ യാത്രയെന്നത് ചിലവ് കുറഞ്ഞതും ശാരീരിക ക്ഷീണം അധികം ഉണ്ടാക്കാത്തതുമാണ്. അതുകൊണ്ട് തന്നെ ദൂരെയുള്ള സ്ഥലത്തേയ്ക്ക് യാത്ര ചെയ്യാൻ ബസുകളെ അപേക്ഷിച്ച് ട്രെയിനുകൾ തന്നെയാണ് ഉത്തമം. ബസുകളിലും നേരത്തെ ലക്ഷ്യസ്ഥാനത്ത് ചെല്ലാൻ പറ്റുമെന്നതും ട്രെയിൻ യാത്രയുടെ പ്രത്യേകതയാണ്.
അതുകൊണ്ടാണ് യാത്രയ്ക്ക് പലരും ബസുകളെ അപേക്ഷിച്ച് ട്രെയിനുകളെ കൂടുതലായി ആശ്രയിക്കുന്നത്. ഈ അവസരത്തിൽ ട്രെയിനുമായി ബന്ധപ്പെട്ട ഒരു പുതിയ അറിവ് പകരുകയെന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യയിൽ തികച്ചും സൗജന്യമായി ഒരു ട്രെയിൻയാത്ര എന്നത് ചിന്തിക്കാൻ പറ്റുന്ന കാര്യമാണോ? പലർക്കും ഇത് വിശ്വസിക്കാൻ പറ്റിയെന്ന് വരില്ല. ഇന്ത്യയിൽ തികച്ചും സൗജന്യമായ ഒരേയൊരു ട്രെയിൻയാത്രയുണ്ട്. അതിനെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'ഇന്ത്യയിൽ തികച്ചും സൗജന്യമായ ഒരേയൊരു ട്രെയിൻയാത്ര. ഈ തീവണ്ടിയിൽ യാത്രക്കാർ പണം നൽകേണ്ട. സധാരണഗതിയിൽ ടിക്കറ്റെടുത്തില്ലെങ്കിൽ ട്രെയിൻ യാത്ര പിഴയും തടവുശിക്ഷയും ലഭിക്കുന്ന കാര്യമാണ്. എന്നാൽ ടിക്കറ്റും പിഴയുമൊന്നുമില്ലാത്ത ഒരു ട്രെയിൻയാത്ര സങ്കൽപ്പിച്ചു നോക്കിക്കേ. കർശനമായ ടിക്കറ്റിംഗ് മാനദണ്ഡങ്ങളുള്ള ഒരു രാജ്യത്ത് അസാധാരണമായ ഒരു ട്രെയിൻയാത്ര നൽകുന്നത് ഭക്ര-നംഗൽ ട്രെയിൻ ആണ്. 75 വർഷമായി, ഈ ട്രെയിൻ യാത്രക്കാരിൽ നിന്ന് നിരക്ക് ഈടാക്കാതെ ഓടി ഇന്ത്യയുടെ ചരിത്രത്തിൽ അതുല്യവും പ്രിയപ്പെട്ടതുമായ യാത്രാനുഭവമാക്കി മാറ്റുന്നു.
1948-ലാണ് ഭക്ര-നംഗൽ ട്രെയിൻ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതും പ്രശസ്‌തവുമായ അണക്കെട്ടുകളിലൊന്നായ ഭക്ര-നംഗൽ അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹായിക്കാനായി കൊണ്ട് വന്ന ട്രെയിൻ ആണിത്. തൊഴിലാളികളെയും നിർമാണ സാമഗ്രികളും കൊണ്ടുപോകുന്നതിനാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്. കാലക്രമേണ, പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കുമുള്ള ഒരു യാത്രാ രീതിയായി ഇത് മാറി.ആദ്യം 'ആവി എഞ്ചിനി' ലാണ് ട്രെയിൻ ഓടിയിരുന്നത്, പിന്നീട് ഡീസൽ എഞ്ചിനിലേക്ക് മാറി.
ആധുനിക നവീകരണങ്ങൾ ഉണ്ടായിരുന്നിട്ടും, വിഭജനത്തിന് മുമ്ബ് കറാച്ചിയിൽ നിർമ്മിച്ച തടി കോച്ചുകൾ ഉപയോഗിച്ച് അതിന്റെ കൊളോണിയൽ മനോഹാരിത നിലനിർത്തുന്നു. പഞ്ചാബിലെ നംഗലിനും ഹിമാചൽ പ്രദേശിലെ ഭക്രയ്ക്കും ഇടയിലുള്ള 13 കിലോമീറ്റർ റൂട്ടിൽ സത്ലജ് നദിയുടെയും ശിവാലിക് കുന്നുകളുടെയും ശാന്തമായ ഭൂപ്രകൃതിയിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുന്നത്. ഇത് ആറ് സ്റ്റേഷനുകളിൽ നിർത്തി മൂന്ന് തുരങ്കങ്ങളിലൂടെ കടന്നുപോകുന്നു.
ഇന്ത്യൻ റെയിൽവേ നിയന്ത്രിക്കുന്ന മറ്റ് ട്രെയിനുകളിൽ നിന്ന് വ്യത്യസ്‌തമായി, ഭക്ര ബിയാസ് മാനേജ്‌മെൻ്റ് ബോർഡാണ് (ബിബിഎംബി) ഈ സർവീസ് നടത്തുന്നത്. 75 വർഷത്തിനു ശേഷവും ട്രെയിൻ യാത്രാക്കൂലി ഒഴിവാക്കിയിരിക്കുന്നത് ബോധപൂർവമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര വ്യാവസായിക നേട്ടങ്ങളുടെ പ്രതീകമായി ട്രെയിനിന്റെ പാരമ്ബര്യത്തെ ബഹുമാനിക്കാനാണ് ബിബിഎംബി യുടെ തീരുമാനം. ഇന്ധനചെലവ് ഓരോ മണിക്കൂറിലും 18-20 ലിറ്റർ വീതമാണ്. ദിവസേന 800-ലധികം യാത്രക്കാർ ഈ ട്രെയിനിൽ കയറുന്നു'.
ഇപ്പോൾ മനസിലായില്ലേ യാത്രക്കാരിൽ നിന്ന് യാതൊരു ചാർജും ഈടാക്കാത്ത ഒരേയൊരു ട്രെയിൻ ഇന്ത്യയിൽ ഉണ്ടെന്ന്. ഇത് പലർക്കും പുതിയ ഒരു അറിവ് ആയിരിക്കാം. യാത്ര ഇഷ്ടപ്പെടുന്നവർക്കും വിദ്യാർത്ഥികൾ തുടങ്ങിയവർക്കുമൊക്കെ ഇതിനെക്കുറിച്ചുള്ള അറിവ് സഹായകമാകും. ഈ ലേഖനം കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാനും മടിക്കേണ്ട.
#IndiaTravel #FreeTrainService #BhakraNangal #UniqueTrainJourney #IndianRailways #TravelIndia