Resort Opening | ബേക്കലിന് തിലകക്കുറിയായി ഗേറ്റ് വേ റിസോർട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
● ഗേറ്റ്‌വേ ബേക്കൽ റിസോർട്ട്, ബേക്കലിന്റെ സൗന്ദര്യവും സമ്പന്നമായ സംസ്കാരവും ഒന്നു ചേർത്ത് ഒരു കലാകാരന്റെ കാൻവാസിൽ പകർത്തിയിരിക്കുന്നതുപോലെയാണ്.
കാസർകോട്: (KasargodVartha) കേരളത്തിലെ ടൂറിസം മേഖലയിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐഎച്ച്‌സിഎൽ). ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയുടെ സമീപത്ത് 30 ഏക്കറിൽ ഒരുക്കിയ ഗേറ്റ്‌വേ ബേക്കൽ റിസോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഹരിതാഭവും സമൃദ്ധവുമായ ഭൂപ്രകൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ റിസോർട്ട് വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകും.
ഗേറ്റ്‌വേ ബേക്കലിൻ്റെ ആരംഭത്തോടെ സംസ്ഥാന ടൂറിസത്തിന്റെ എന്ന നിലയിൽ ആഴത്തിലുള്ള ഐഎച്ച്‌സിഎല്ലിന്റെ കേരളവുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന് ഐഎച്ച്‌സിഎൽ സിഇഒയും മാനേജിങ് ഡയറക്ടറുമായ പുനീത് ഛത് വാൾ പറഞ്ഞു. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ സാന്നിദ്ധ്യത്തിലൂടെ ഗേറ്റ്‌വേ ഉത്തര കേരളത്തിലെ തങ്ങളുടെ വളർച്ച ശക്തമാകുമെന്നും മേഖലയിലെ ടൂറിസത്തിന് ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗേറ്റ് വേ ബേക്കലിൽ 151 ഗസ്റ്റ് റൂമുകളും കോട്ടേജുകളും സ്യൂട്ടുകളും വില്ലകളുമുണ്ട്. വൈവിധ്യമാർന്ന ഡൈനിങ് ഒപ്ഷനുകൾ, സൺഡയൽ ആംഫി തിയേറ്റർ, ഗ്രാൻഡ് ബോൾറൂം, മീറ്റിംഗ് റൂമുകൾ, ബാൻക്വറ്റ് ഹാൾ എന്നിവയും ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ കുളം, പൂൾ ബാർ, സ്‌പാ, ജിം, പക്ഷിനിരീക്ഷണം, പ്രാദേശിക കലാ-നൃത്ത ശിൽപശാലകൾ, ഹൗസ് ബോട്ട് സവാരി, നദീതീരത്തുള്ള ജോഗിംഗ് ട്രാക്ക് എന്നിവയും അതിഥികൾക്ക് ആസ്വദിക്കാം.
ഗേറ്റ്‌വേ ബേക്കൽ റിസോർട്ട്, ബേക്കലിന്റെ സൗന്ദര്യവും സമ്പന്നമായ സംസ്കാരവും ഒന്നു ചേർത്ത് ഒരു കലാകാരന്റെ കാൻവാസിൽ പകർത്തിയിരിക്കുന്നതുപോലെയാണ്. ഈ റിസോർട്ടിലെ ഓരോ കോണിലും ബേക്കലിന്റെ പ്രത്യേകതകൾ പ്രതിഫലിക്കുന്നു. ഉദാഹരണത്തിന്, ഹോട്ടലിലെ ലോബിയിൽ ഒരു ഹൈ-ടീ കാർട്ട് ഒരുക്കിയിരിക്കുന്നു. ഇത് ബേക്കലിന്റെ പ്രാദേശിക ഭക്ഷണസംസ്കാരത്തെ മുന്നിൽ തുറന്നു കാണിക്കുന്നു.
ചടങ്ങിൽ ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍എം.പി, എം.എല്‍.എ മാരായ ഇ.ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, ടൂറിസം-പൊതുമരാമത്ത് വിഭാഗം സെക്രട്ടറി കെ ബിജു, ഐ.എച്ച്.സി.എല്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് സത്യജിത്ത് കൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍,അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, കാസര്‍കോട് ജില്ലാ പഞ്ചായത്തംഗം ഗീത കൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ ശ്രീധരന്‍, ഉദുമ ഗ്രാമ പഞ്ചായത്തംഗം പി സുധാകരന്‍, തുടങ്ങിയവര്‍ സംസാരിച്ചു. സി.എച്ച് കുഞ്ഞമ്പു എംഎൽഎ സ്വാഗതവും ബി.ആര്‍.ഡി.സി എം.ഡി പി ഷിജിന്‍ നന്ദിയും പറഞ്ഞു.
#GatewayResort #TourismInKerala #BekalFort #KeralaTourism #IHCL #LuxuryResort