Beach Carnival | ബീച്ച് കാർണിവലിന് ബേക്കൽ ഒരുങ്ങി; മന്ത്രി മുഹമ്മദ് റിയാസ് ദീപശിഖ ഉയർത്തി
● ബേക്കൽ ബീച്ച് പാർക്കും റെഡ് മൂൺ ബീച്ച് പാർക്കും ചേർന്ന് ബിആർഡിസിയുടെ സഹകരണത്തോടെയാണ് 11 ദിവസം നീളുന്ന ഈ ആഘോഷം സംഘടിപ്പിക്കുന്നത്.
● പ്രശസ്ത ഗായകർ, നർത്തകികളുടെ പരിപാടികളിലൂടെ കാർണിവൽ സജ്ജമാണ്.
ബേക്കൽ: (KasargodVartha) ഡിസംബർ 21 മുതൽ 31 വരെ ബേക്കൽ ബീച്ച് പാർക്കിൽ നടക്കുന്ന ബേക്കൽ ബീച്ച് കാർണിവൽ ദീപശിഖ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉയർത്തി. പള്ളിക്കര കടപ്പുറത്തു നിന്ന് പത്ത് തോണികളിലായി മത്സ്യബന്ധന ബോട്ടുകളുടെ അകമ്പടിയോടെ ബീച്ചിലെത്തിച്ച ദീപശിഖ ട്രാവൽ വ്ലോഗർ ഒ എം അസ്‌ലം മന്ത്രിക്ക് കൈമാറി.
ബീച്ച് കാർണിവലിന്റെ മുഖ്യ രക്ഷാധികാരിയും പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറുമായ എം കുമാരൻ, ബി.ആർ.ഡി.സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, ബീച്ച് കാർണിവൽ ചെയർമാൻ കെ.കെ അബ്ദുൽ ലത്തീഫ്, വൈസ് ചെയർമാൻ അനസ് മുസ്തഫ, ജോയിൻ്റ് കൺവീനർ സൈഫുദ്ദീൻ കളനാട്, ഫാറൂക്ക് കാസ്മി, ബി.ആർ.ഡി.സി മാനേജർമാരായ യു.എസ്പ്രസാദ്, രവീന്ദ്രൻ കെ.എം, കെ.എൻ സജിത്ത്, ഹക്കീം കുന്നിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബേക്കൽ ബീച്ച് പാർക്കും റെഡ് മൂൺ ബീച്ച് പാർക്കും ചേർന്ന് ബിആർഡിസിയുടെ സഹകരണത്തോടെയാണ് 11 ദിവസം നീളുന്ന ഈ ആഘോഷം സംഘടിപ്പിക്കുന്നത്. പ്രശസ്ത ഗായകർ, നർത്തകർ എന്നിവർ അണിനിരക്കുന്ന സ്റ്റേജ് പരിപാടികൾ, കാർണിവൽ ഡെക്കറേഷൻ, സ്ട്രീറ്റ് പെർഫോർമൻസ് തുടങ്ങിയവ കാർണിവലിന്റെ മുഖ്യ ആകർഷണങ്ങളാണ്.
ഇതോടൊപ്പം 30,000 ചതുരശ്ര അടിയിൽ പെറ്റ് ഫോസ്റ്റ്, 30 ഓളം ഇൻഡോർ ഗെയിമുകൾ, കപ്പിൾ സ്വിംഗ്, സ്കൈ സൈക്കിളിംഗ്, വാൾ ക്ലൈമ്പിംഗ്, സിപ് ലൈൻ, സ്പീഡ് ബോട്ട്, ഫ്ലോട്ടിംഗ് ബ്രിഡ്ജ്, ഫുഡ് കോർട്ട്, പുരാവസ്തുക്കളുടെയും മിലിറ്ററി ഉപകരണങ്ങളുടെയും പ്രദർശനം, സ്റ്റുഡിയോ, അമ്യൂസ്മെൻറ് പാർക്ക്, ഓട്ടോ എക്സ്പോ, ഫുഡ് സ്ട്രീറ്റ്, ഷോപ്പിംഗ് സ്ട്രീറ്റ് തുടങ്ങിയവയും ഉണ്ടാകും.
#Bekal, #BeachCarnival, #Tourism, #MinisterRiyas, #KeralaEvents, #CulturalFest