Travel Guide | ഭൂട്ടാനിലേക്ക് യാത്രയ്ക്ക് ഒരുങ്ങിക്കോ! എങ്ങനെ, എപ്പോൾ പോകാം? അറിയേണ്ടതെല്ലാം
● ഭൂട്ടാൻ സർക്കാർ സഞ്ചാരികൾക്ക് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട് .
● സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ഫീസ് കുറച്ചു.
● ഭൂട്ടാനിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള പദ്ധതികളും നടക്കുന്നു.
● ഭൂട്ടാനിലെ ഏക രാജ്യാന്തര വിമാനത്താവളം പാരോയിലാണ്.
കൊടക്കാട് നാരായണൻ
ഭൂട്ടാൻ ഡയറി 4
(KasargodVartha) വിനോദ സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ ഭൂട്ടാനിലേക്ക് ഒരു യാത്ര. എല്ലാ സഞ്ചാര പ്രിയരുടെയും ആഗ്രഹമാണ്. ഒരു തവണ പോയാൽ വീണ്ടും വീണ്ടും പോകണമെന്ന് തോന്നിക്കുന്നത്ര വശ്യ മനോഹരമാണ് അവിടത്തെ കാഴ്ചകൾ. പ്രകൃതിമനോഹാരിതയും സംസ്കാരപ്പെരുമയും സമ്മേളിക്കുന്ന നാട്. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി മാറാൻ ഇതൊക്കെയാണ് കാരണം. ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ലോകത്തിൽ നാലാം സ്ഥാനമാണ് ഭൂട്ടാൻ.
ഹിമാലയത്തിന്റെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഭൂട്ടാൻ
സഞ്ചാരികൾക്ക് ഇളവുകൾ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഫീസിൽ ഇളവ് വരുത്തിയെന്ന സഞ്ചാരികൾക്ക് സന്തോഷം പകരുന്ന വാർത്തയാണ് ഭൂട്ടാനിൽ നിന്ന് അടുത്തിടെ പുറത്തുവന്നിരിക്കുന്നത്.
കൊവിഡ് കാലത്ത് അടച്ചിട്ട ഭൂട്ടാൻ 2022 സെപ്തംബറിൽ വീണ്ടും സഞ്ചാരികൾക്കായി തുറന്നുകൊടുത്തതു മുതൽ ടൂറിസം മേഖലയുടെ പുരോഗതിക്കായി വിവിധ പദ്ധതികൾ രാജ്യം നടപ്പിലാക്കി വരികയാണ്. ഇതിലേറ്റവും ഒടുവിലത്തേതാണ് ഈ ഫീസ് ഇളവ്. മുമ്പ് 65 ഡോളറായിരുന്ന സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ഫീസ് (SDF) നിലവിൽ 200 ഡോളറാണ്. ഇതിലാണ് കുറവ് വരുന്നത്.
കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും ഭൂട്ടാനിൽ താമസിക്കുന്നവർക്കാണ് ഈ ഫീസിളവ് ലഭ്യമാകുക. ദിവസങ്ങളുടെ എണ്ണം കൂടുന്തോറും ഫീസ് തുക കുറയും. ആദ്യ നാല് ദിവസത്തേക്ക് ഈ ഫീസ് അടയ്ക്കുന്നവർക്ക് അടുത്ത നാല് ദിവസം സൗജന്യമായി താമസിക്കാമെന്നും ഭൂട്ടാൻ ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്. ഏഴ് ദിവസത്തേക്ക് ഫീസ് അടയ്ക്കുന്നവർക്ക് തുടർന്നുള്ള ഏഴ് ദിവസം സൗജന്യമായി അവിടെ തുടരാനാകും. ഇനി 12 ദിവസത്തേക്ക് ഒന്നിച്ചാണ് ഫീസ് അടയ്ക്കുന്നതെങ്കിൽ തുടർന്നുള്ള 18 ദിവസം സൗജന്യമായി ഭൂട്ടാനിൽ താമസിക്കാനാവും. 2023 ജൂൺ ഒന്നുമുതൽ ഈ ഇളവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ഭൂട്ടാനിലേക്ക് എപ്പോൾ പോകാം
ഭൂട്ടാൻ സന്ദർശിക്കാർ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളാണ്. ഈ സമയങ്ങളിൽ അവിടെ തെളിഞ്ഞ കാലാവസ്ഥയാണ് ഉള്ളത്. ജനുവരി, ഫെബ്രുവരി മാസങ്ങൾ തണുപ്പ് കാലമാണ്. ഏപ്രിൽ മുതൽ കാലാവസ്ഥ മനോഹരമാകും. വസന്തകാലത്ത് താഴ് വരകളിൽ നിറയെ റൊഡോഡെൻഡ്രോണുകൾ (കാട്ടു പൂവരശ് ) വിരിഞ്ഞു നിൽക്കും. മനോഹാരമായ കാഴ്ച കണ്ട് മനസ്സ് നിറക്കാം. ട്രെക്കിങ്ങിനായി പോകുന്നവർക്ക് ഏറ്റവും മികച്ച സമയം മാർച്ച് - ഏപ്രിൽ, ഓഗസ്റ്റ് - ഒക്ടോബർ മാസങ്ങളാണ്
എങ്ങനെ പോകാം
ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് റോഡ് മാർഗം പോകാൻ ഏറ്റവും എളുപ്പം ബംഗാൾ അതിർത്തിയിലൂടെയാണ്. ഇവിടെ നിന്ന് ഇന്ത്യ, ബംഗ്ലാദേശ്, മാലി എന്നീ മൂന്നു രാജ്യക്കാർക്ക് പെർമിറ്റ് എടുത്താൽ മതി. ബാക്കി ഏത് രാജ്യക്കാർക്കും വിസ വേണം. പെർമിറ്റിന് അപേക്ഷിക്കാൻ വോട്ടർ ഐഡി, പാസ്പോർട്ട് തുടങ്ങിയവ തിരിച്ചറിയൽ രേഖയായി സ്വീകരിക്കും. ഡ്രൈവിങ് ലൈസൻസും പാൻ കാർഡും ഔദ്യോഗിക രേഖയായി അംഗീകരിക്കില്ല.
തായ്ലൻ്റ്, സ്വിറ്റ്സർലാൻ്റ് എന്നീ രണ്ടു രാജ്യങ്ങൾക്ക് മാത്രം വിസ കാലാവധിയിൽ 14 ദിവസത്തേക്ക് പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. മേൽ രാജ്യങ്ങൾ ഉൾപ്പെടെ യു.എസ്.എ, കാനഡ, ജപ്പാൻ, യു.കെ, ജർമ്മൻ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ആസ്ട്രേലിയ, ന്യൂസിലാൻ്റ്, സിംഗപ്പൂർ സൗത്ത് കൊറിയ എന്നീ രാജ്യങ്ങൾക്ക് ഓൺ ലൈൻ വഴി പെർമിറ്റിനോ വിസയ്ക്കോ മുൻകൂട്ടി ഭൂട്ടാൻ ടൂറിസം പോർട്ടലിലൂടെ അപേക്ഷിക്കാവുന്നതാണ്. കേരളത്തിൽ നിന്ന് പോകുന്നവർക്ക് ഭൂട്ടാനിൽ എത്താൻ കോയമ്പത്തൂരിൽ നിന്ന് ബാഗ് ദോഗ്രയിലേക്ക് നേരത്തെ ബുക്ക് ചെയ്താൽ താരതമ്യേന കുറഞ്ഞ നിരക്കിന് വിമാനടിക്കറ്റ് കിട്ടും. അല്ലെങ്കിൽ ട്രെയിൻ മാർഗം ചെന്നൈ വഴി കൊൽക്കത്തയെത്തി സിലിഗുരിയിലൂടെ റോഡ് മാർഗം ഭൂട്ടാനിലെത്താം.
കൊച്ചിയിൽ നിന്ന് കൊൽക്കത്ത ബാഗ് ദോഗ്ര വഴിയും ഭൂട്ടാനിലേക്കെത്താം. ബാഗ് ദോഗ്രയാണ് ഇന്ത്യയിൽ ഭൂട്ടാന് ഏറ്റവും അടുത്ത എയർപോർട്ട്. ഭൂട്ടാനിലേക്കുള്ള വിമാന യാത്ര ചെലവേറിയതും കാലാവസ്ഥയെ ആശ്രയിച്ചുള്ളതുമാണ്. തിംഫുവാണ് ഭൂട്ടാന്റെ തലസ്ഥാനം. എന്നാൽ, രാജ്യത്തെ ഏക രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് രണ്ടാമത്തെ നഗരമായ പാരോ താഴ് വരയിലാണ്. പർവത നിരകൾക്ക് നദിക്കരയിലുള്ള ഈ വിമാനത്താവളം വിമാനം ഇറക്കാൻ ഏറ്റവും വെല്ലുവിളിയുള്ള ഒന്നായാണ് അറിയപ്പെടുന്നത്. ലോകത്ത് പത്തിൽ താഴെ പൈലറ്റുമാർക്ക് മാത്രമാണ് അവിടെ വിമാനം ഇറക്കാനുള്ള അംഗീകാരമുള്ളത്. ഇന്ത്യയിൽ ഡൽഹി, ഗുവഹാത്തി, ബാഗ് ദോഗ്ര എന്നീ എയർപോർട്ടുകളിൽ നിന്ന് ഭൂട്ടാന് എയർ ലൈസൻസ് സർവീസുണ്ട്.
മറക്കാതെ പോകേണ്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ
രാജ്യ തലസ്ഥാനമായ തിംഫു സാംസ്കാരിക പൈതൃകത്തിൻ്റെയും പാരമ്പര്യ കലകളുടെയും കേദാര ഭൂമിയാണ്. സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ ഇവിടെ നടക്കുന്ന ദേശീയ സാംസ്കാരികോത്സവം -സെച്ചു - സഞ്ചാരികൾക്ക് ഒരനുഭവം തന്നെയായിരിക്കും. ഹിമാലയ കാഴ്ചകൾ കണ്ണിനെ കുളിർപ്പിക്കുന്ന പുനാക്കയിൽ ദേശീയോത്സവം ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ്. സന്തോഷത്തിൻ്റെ കേന്ദ്രമായ പുനാക്ക സോങ് സന്ദർശനം മറ്റൊരാകർഷണ മാണ്. രാജ്യത്തിൻ്റെ പഴയ തലസ്ഥാനം കൂടിയാണ് ഈ നഗരം. പഴക്കത്തിൽ രണ്ടാം സ്ഥാനത്തുള്ള മനോഹര ബുദ്ധവിഹാരങ്ങൾ ഇവിടെയാണ്. പർവതങ്ങളിലേക്കുള്ള ബൈക്ക് റൈഡിംഗ്, നദികളിലൂടെയുള്ള സഞ്ചാരം, ട്രക്കിംഗ്, പർവതാരോഹണം എന്നിവയെല്ലാം സഞ്ചാരികൾക്ക് താല്പര്യം പോലെ ആസ്വദിക്കാം.
സാഹസിക സഞ്ചാരം സമുദ്രനിരപ്പിൽ നിന്ന് 5300 മീറ്റർ ഉയരത്തിലുള്ള സ്റ്റോമെൻ ട്രക്കിംഗ് സെൻ്ററിലേക്ക് എത്തുക അതി സാഹസികമായ അനുഭവമാണ്. പാരോ ലുനാന പാതയിലൂടെ 216 കി.മീറ്റർ സഞ്ചരിച്ചാലേ ഈ കേന്ദ്രത്തിലെത്തൂ. 25 ദിവസം കൊണ്ട് മാത്രമേ ഇവിടെത്തെ ട്രക്കിംഗ് പൂർത്തിയാക്കാൻ കഴിയൂ. പാരോ- തിംഫു പാതയിലുള്ള ജോമോൾഹർ ട്രക്കിംഗ് സെൻ്ററാണ് മറ്റൊരു സാഹസിക യാത്രാ കേന്ദ്രം. 4000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ സഞ്ചരിക്കാൻ 7 ദിവസമാണ് വേണ്ടത്.
3 ദിവസം കൊണ്ട് എല്ലാവർക്കും സഞ്ചരിക്കാൻ പറ്റുന്ന ഗാംഗ്ടൻ താഴ്‌വരയിലുള്ള കേന്ദ്രത്തിന് സമുദ്ര നിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരമേയുള്ളൂ. പാരോ തിംഫു പാതയിലുള്ള ട്രക്ക് പാത്ത് ട്രക്കിംഗ് കേന്ദ്രത്തിലേക്ക് 54 കി.മീറ്റർ സഞ്ചരിക്കണം. 3500 മീറ്റർ ഉയരത്തിലുള്ള കേന്ദ്രത്തിൽ 6 ദിവസമാണ് നിശ്ചയിച്ചിട്ടുള്ള സമയം. ഒമ്പത് ദിവസങ്ങൾ കൊണ്ട് സാഹസിക യാത്ര പൂർത്തിയാക്കാൻ കഴിയുന്ന ബംത്തി ട്രക്കിംഗ് താഴ്‌വരയിലേക്ക് 90 കി.മീ. സഞ്ചരിക്കണം. 3500 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം.
ഭൂട്ടാനിലെത്തിയാൽ മറക്കാതെ പോകേണ്ട മറ്റൊരു സ്ഥലമാണ് ടൈഗേഴ്സ് നെസ്റ്റ്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക് ഇവിടം ഏറെ പ്രിയങ്കരമാകും. അപൂർവ്വമായ ഈ നിർമ്മിതി കിഴക്കാം തൂക്കായ പാറക്കെട്ടിൽ എങ്ങനെ പണിതു എന്നത് ചരിത്രാന്വേഷികളെയും ആർക്കിടെക്ടിൽ താല്പര്യമുള്ളവരെയും അമ്പരപ്പിക്കുന്നതാണ്. തിംഫുവിലുള്ള ബുദ്ധ ഡോർനെമ ബുദ്ധന്റെ ഏറ്റവും വലിയ പ്രതിമകളിൽ ഒന്നാണ്. 206 അടി (51 മീറ്റർ) യാണ് ഉയരം.
പത്മാസനത്തിലിരിക്കുന്ന ബുദ്ധൻ്റെ പ്രതിമ നിർമ്മിച്ചിരിക്കുന്നത് വെങ്കലത്തിലാണ്. സ്വർണം പൂശി ആകർഷകമാക്കിയിട്ടുണ്ട്. പുനാക്ക താഴ് വരയാണ് മറ്റൊരു പ്രധാനപ്പെട്ട സ്ഥലം. ജീവത്യാഗം ചെയ്ത സൈനികരുടെ ഓർമ്മയ്ക്കായി ഇവിടെ ഡോച്ചുല പാസ്സിൽ 108 സ്തൂപങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഭൂട്ടാനിലെ രാജാവിന്റെ വേനൽക്കാല വസതിയും ഇവിടെയാണുള്ളത്. ബുദ്ധമത കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയ ചരിത്രനിർമ്മിതികളുടെയും മറ്റും ചിത്രങ്ങൾ ക്യാമറയിൽ പകർത്താൻ ആഗ്രഹിക്കുന്നവർക്ക് നിയന്ത്രണമുണ്ട്. അനുമതിയുള്ള സ്ഥലങ്ങൾ ഗൈഡിനോട് അന്വേഷിച്ചറിയുന്നത് നന്നായിരിക്കും.
കൂടുതൽ അറിയാം....
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വേഷവിധാനമുള്ള നാടാണ് ഭൂട്ടാൻ. ആ പരമ്പരാഗത വേഷമാണ് എല്ലാവരും ധരിക്കാറുള്ളത്. പുരുഷന്മാർക്ക് ഖൊയും സ്ത്രീകൾക്ക് കുറയും. ഇവിടെ ഔദ്യോഗിക ഭാഷ സോങ്ക ആണെങ്കിലും ഭൂരിപക്ഷം ആളുകൾക്കും ഇംഗ്ലീഷും ഹിന്ദിയും അറിയാം എന്നതിനാൽ ഭൂട്ടാൻ സന്ദർശനത്തിൽ ഭാഷ ഒരു പ്രശ്നമാകില്ല. എൻഗുൾട്രം എന്നാണ് ഭൂട്ടാൻ കറൻസിയുടെ പേര്. ഇന്ത്യൻ രൂപയുടെ അതേ മൂല്യമാണ് ഈ കറൻസിയ്ക്കുള്ളത്. ഇന്ത്യൻ രൂപ നല്കിയാലും വ്യാപാരികൾ സ്വീകരിക്കും.
ഇന്ത്യൻ രൂപ കൊടുത്താൽ കറൻസി മാറ്റിക്കിട്ടാനുള്ള സൗകര്യവുമുണ്ട്. പ്രധാന നഗരങ്ങളിൽ മാത്രമാണ് എടിഎമ്മുകൾ ഉള്ളത്. ഭൂട്ടാനിലെ ഭൂരിഭാഗം ഹോട്ടലുകളിലും വൈഫൈ സൗകര്യം ലഭ്യമാണ്. പുകയില ഉല്പന്നങ്ങളുടെ വില്പനയും വാങ്ങലും നിയന്ത്രിച്ചിട്ടുള്ള സ്ഥലമാണ് ഇവിടം. പൊതുസ്ഥലങ്ങളിൽ പുകവലിയ്ക്ക് നിരോധനമുണ്ട്. നിയമം ലംഘിച്ചാൽ പിഴയാണ് ശിക്ഷ. ചൊവ്വാഴ്ചകളിൽ ഭൂട്ടാനിൽ മദ്യം ലഭിക്കില്ല
ഭൂട്ടാനെന്ന കുഞ്ഞു രാജ്യത്തിലേക്കുള്ള യാത്ര ഏതൊരു യാത്രികനെ സംബന്ധിച്ചും സ്വപ്നസാക്ഷാത്കാരമാണ്. മനോഹരമായ പർവതങ്ങളും ബുദ്ധവിഹാരങ്ങളും കോട്ടകളും സമ്പന്നമായ സാംസ്കാരിക പൈതൃകവും മലിനീകരണമില്ലാത്ത അന്തരീക്ഷവുമെല്ലാമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. ഭൂട്ടാൻ യാത്രാ സ്വപ്നങ്ങളെ താലോലിക്കുന്നവർക്ക് വലിയ സന്തോഷം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് ട്രെയിനിൽ പോകാനാവും.
ഇരു രാജ്യങ്ങൾക്കുമിടയിലെ വിനോദസഞ്ചാരം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തിൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. അസമിലെ കൊക്രജാറിനെ ഭൂട്ടാനിലെ ഗെലെഫുവുമായി ബന്ധിപ്പിക്കുന്ന വിധത്തിൽ 57.5 കിലോമീറ്റർ നീളമുള്ള പാതയാവും നിർമ്മിക്കുക. ഈ റെയിൽ ലിങ്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. 2030 ൽ പാത പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള സർവെ കഴിഞ്ഞ ഏപ്രിലിൽ ഏറെക്കുറെ പൂർത്തിയായിരുന്നു.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ പാതയുടെ നിർമ്മാണത്തെ കുറിച്ച് സൂചന നൽകിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാര, സാമ്പത്തിക ബന്ധത്തിൽ ഈ പാത നിർണ്ണായകമായി മാറുമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. ഇത് അസമിന്റെ സാമ്പത്തിക വികസനത്തിനും ശക്തി പകരും. ഇന്ത്യ-ഭൂട്ടാൻ റെയിൽവേ ലൈനിനെ കുറിച്ചുള്ള ചർച്ചകൾ പതിറ്റാണ്ടുകൾക്ക് മുമ്പേ ഉണ്ടെങ്കിലും സമീപകാലത്താണ് അന്തിമ രൂപമായത്.
പാത പൂർത്തിയാവുന്നതോടെ ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്കുള്ള ചരക്കു ഗതാഗതവും ഇത് വഴിയാവും. നിലവിൽ റോഡ് മാർഗമാണ് ഭൂട്ടാനിലേക്ക് ചരക്കുകളെത്തിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്കും തിരിച്ചുമുള്ള വിനോദസഞ്ചാരികൾക്കും ഈ റെയിൽ പാത അനുഗ്രഹമാവും. വിസയില്ലാതെ ഇന്ത്യൻ പൗരൻമാർക്ക് സന്ദർശിക്കാൻ സാധിക്കുന്ന രാജ്യങ്ങളിലൊന്ന് കൂടിയാണല്ലോ ഭൂട്ടാൻ. ഇന്ത്യ, തായ്ലൻഡ്, മ്യാൻമർ എന്നീ മൂന്നു രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ത്രിരാഷ്ട്ര ഹൈവേ നിർമ്മാണവും പുരോഗമിക്കുകയാണ്. ഭൂട്ടാൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ലേഖനമാണ് ഇത്. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടുക.
#BhutanTourism #TravelToBhutan #VisitBhutan #BhutanDiaries #Himalayas #SustainableTourism