Space | സുനിത വില്യംസണിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാന്‍ സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപിച്ചു
● ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ഫാൽക്കൺ 9 റോക്കറ്റിൽ ക്രൂ -10 വിക്ഷേപിച്ചത്.
● നാസയുടെ ബഹിരാകാശ യാത്രികരായ നാല് പേരാണ് ക്രൂ 10 ബഹിരാകാശ ദൗത്യത്തിൽ ഉൾപ്പെടുന്നത്.
● ദൗത്യ സംഘം ഐഎസ്എസിൽ എത്തിയാലാണ് സുനിത വില്യംസും ബുച്ച് വിൽമോറും അടങ്ങുന്ന ക്രൂ 9 സംഘം ഭൂമിയിലേക്ക് തിരിക്കുക.
കാലിഫോര്‍ണിയ: (KVARTHA) സ്‌പേസ് എക്‌സ് പേടകം ഡ്രാഗണ്‍ ക്രൂ 10 വിജയകരമായി വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ക്രൂ -10 വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.33 ന് കുതിച്ചുയര്‍ന്ന പേടകത്തില്‍ നാല് ബഹിരാകാശ യാത്രികരാണുള്ളത്.
ഐഎസ്എസിലേക്ക് നാസയും പങ്കാളികളും അടുത്ത ഗവേഷണ സംഘത്തെ അയക്കുന്നതിനായാണ് ക്രൂ 10 ദൗത്യം വിക്ഷേപിക്കുന്നത്. നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സി ബഹിരാകാശയാത്രികന്‍ തകുയ ഒനിഷി, റോസ്‌കോസ്മോസ് ബഹിരാകാശ യാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നിവര്‍ ക്രൂ 10 ബഹിരാകാശ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ക്രൂ 9 സംഘത്തിലെ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിക കൊണ്ടുവരികയാണ് ക്രൂ 10 ന്റെ പ്രധാന ലക്ഷ്യം. ഈ ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചാല്‍ മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച് വില്‍മോറിനെയും തിരിച്ച് ഭൂമിയിലെത്തിക്കാനാകും.
ക്രൂ 10 ദൗത്യ സംഘം ഐഎസ്എസില്‍ എത്തിയാലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും അടങ്ങുന്ന ക്രൂ 9 സംഘം ഭൂമിയിലേക്ക് തിരിക്കുക. ഇരുവര്‍ക്കുമൊപ്പം നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്മോസിന്റെ അലക്‌സാണ്ടര്‍ ഗോര്‍ബനോവുമാണ് ഭൂമിയിലേക്ക് മടങ്ങുന്ന മറ്റുള്ളവര്‍.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നത്. കഴിഞ്ഞ ഒന്‍പത് മാസത്തിലധികമായി സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക പ്രശ്‌നം കാരണം അവിടെ തുടരുകയാണ്.
ഇരുവര്‍ക്കും മുന്‍നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നതോടെ തിരികെ യാത്ര നീട്ടിവെക്കുകയായിരുന്നു. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്ക് തകരാറുമുള്ള, സ്റ്റാര്‍ലൈനറിന്റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. ഇതിന് ശേഷം ആളില്ലാതെ സ്റ്റാര്‍ലൈനര്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസ ചെയ്തത്.
ഈ വാർത്ത ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും പ്രോത്സാഹിപ്പിക്കുന്നു.
SpaceX launched Crew-10 to bring back astronauts Sunita Williams and Butch Wilmore stranded at the International Space Station due to technical issues with Boeing's Starliner.
#SpaceX #Crew10 #SunitaWilliams #ISS #NASA #SpaceMission