Indian Astronaut | അധികം വൈകാതെ ഡ്രാഗണ്‍ പേടകത്തില്‍ ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കും; ആക്‌സിയം ദൗത്യത്തെക്കുറിച്ച് അറിയാം കൂടുതല്‍
● ഇസ്രൊയുടെയും ഇന്ത്യയുടെയും സ്വപ്ന ദൗത്യമാണ് ഗഗന്‍യാന്‍ പദ്ധതി.
● 2025 ജൂണിനകം 'ആക്‌സിയം 4' എന്ന ദൗത്യം നടക്കും.
● 9 മാസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് സുനിതയും സംഘവും ഭൂമിയിലെത്തിയത്.
ഫ്‌ലോറിഡ: (KasargodVartha) അധികം വൈകാതെ സുനിത വില്യംസ് വന്ന അതേ ഡ്രാഗണ്‍ പേടകത്തില്‍ ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) കുതിക്കും. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആ ഇന്ത്യന്‍ പൗരന്‍ ശുഭാന്‍ഷു ശുക്ല ആണ്. അമേരിക്കന്‍ സ്വകാര്യ കമ്പനി ആക്‌സിയം സ്‌പേസുമായി സഹകരിച്ചാണ് ശുഭാന്‍ഷുവിന്റെ ബഹിരാകാശ യാത്ര. 2025 ജൂണിനകം ഈ ദൗത്യം നടക്കും.
ഇന്ത്യയില്‍നിന്ന് ഇന്ത്യന്‍ പേടകത്തില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇസ്രൊയുടെയും ഇന്ത്യയുടെയും സ്വപ്ന ദൗത്യമാണ് ഗഗന്‍യാന്‍ പദ്ധതി. ഈ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാല് ടീം അംഗങ്ങളാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ല എന്നിവര്‍. ഗഗന്‍യാന്‍ ദൗത്യത്തിന് മുമ്പ് ഈ സംഘത്തിലെ ശുഭാന്‍ഷു ശുക്ല ആക്‌സിയം ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് പോകും.
സുനിത വില്യംസ് അടക്കമുള്ള ക്രൂ-9 ദൗത്യ സംഘം ഇപ്പോള്‍ തിരിച്ചുവന്ന സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ശ്രേണിയില്‍പ്പെട്ട പേടകത്തിലാണ് ആക്‌സിയം ദൗത്യത്തില്‍ ശുഭാന്‍ശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുന്നത്. ശുഭാന്‍ഷുവടക്കം നാല് പേരാണ് 'ആക്‌സിയം 4' എന്ന ഈ ദൗത്യത്തിന്റെ ഭാഗമായി ഐഎസ്എസിലേക്ക് പോകുന്നത്.
മുതിര്‍ന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് മറ്റ് ആക്‌സിയം ദൗത്യസംഘാംഗങ്ങള്‍. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് ശുഭാന്‍ഷുവിന്റെ ബാക്കപ്പ്. ശുഭാന്‍ഷുവിന് എന്തെങ്കിലും സാഹചര്യത്തില്‍ ദൗത്യം നടത്താനാകാതെ വന്നാലാണ് പ്രശാന്ത് യാത്ര ചെയ്യുക. സുനിത വില്യംസിനോളം തന്നെ പ്രശസ്തയായ, സുനിതയേക്കാള്‍ സമയം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുള്ള സഞ്ചാരിയാണ് പെഗ്ഗി വിറ്റ്‌സണ്‍.
Mission Pilot & future Gaganyatri Shubhanshu Shukla will be taking several items representing the various regions and communities of India to space with him on the Axiom-4 mission to the ISS! 🇮🇳
— ISRO Spaceflight (@ISROSpaceflight) January 30, 2025
ISRO had contacted an university and asked its students from various parts of the… pic.twitter.com/xJ68Scqx6b
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, പിന്നെ റഷ്യന്‍ കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. സ്റ്റാര്‍ലൈനര്‍ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് ദിവസത്തെ ദൗത്യത്തിന്റെ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വില്‍മോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്.
മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്ത് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27 നായിരുന്നു സ്പ്ലാഷ് ഡൗണ്‍. സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്‌ക്കെത്തിച്ചു. നിലവില്‍ ഇവരെ സ്‌ട്രെച്ചറില്‍ വൈദ്യ പരിശോധനക്കായി മാറ്റി.
2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്.
അതേസമയം, സുനിത വില്യംസിന്റെ ബഹിരാകാശ യാത്രയും തിരിച്ചുവരവുമെല്ലാം വലിയ വാര്‍ത്തയായി ജന്മനാടും ആഘോഷമാക്കുകയാണ്. ബഹിരാകാശത്തുനിന്നും സുനിത വില്യംസും സംഘവും തിരിച്ചെത്തിയതിന്റെ ആഘോഷത്തിലാണ് സുനിത വില്യംസിന്റെ ജന്മനാടായ ഇന്ത്യയിലെ ജുലാസന്‍ ഗ്രാമവും. നിരവധി പേരാണ് സുനിതയുടെ മടങ്ങി വരവ് പടക്കം പൊട്ടിച്ച് ആവേശം പ്രകടിപ്പിച്ചത്.
ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.
Shubhanshu Shukla will soon travel to the ISS on the Axiom mission, becoming the next Indian to go to space after Rakesh Sharma. The mission, in collaboration with Axiom Space, is expected by June 2025.
#ShubhanshuShukla #AxiomMission #SpaceTravel #ISS #IndianAstronaut #SpaceX