ഞെട്ടിപ്പിക്കല്‍ തുടരുന്നു; ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി, ഡീസല്‍ വില കൊച്ചിയിലും 100 കടന്നു
തിരുവനന്തപുരം: (www.kasargodvartha.com 20.10.2021) ഓരോ ദിവസവും ഇന്ധനവില വര്‍ധിപ്പിച്ച് ഞെട്ടിപ്പിക്കല്‍ തുടരുന്നു. ജനങ്ങള്‍ക്ക് തിരിച്ചടി നല്‍കി പെട്രോളും ഡീസലും 100 കടന്നിരിക്കുകയാണ്. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍ വില 100 കടന്നു. ബുധനാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 108.44 ഉം ഡീസല്‍ വില 102.10 ഉം ആണ്. കൊച്ചിയില്‍ ഡീസലിന് 100.22 രൂപയും പെട്രോളിന് 106. 40 രൂപയുമാണ്. കോഴിക്കോട് ഡീസല്‍ 100.42 ഉം പെട്രോള്‍ വില 106.71 ഉം ആയി ഉയര്‍ന്നു.
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് വില വര്‍ധിപ്പിച്ചത്. മൂന്നാഴ്ച കൊണ്ട് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 6.64 രൂപയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞു. ബാരലിന് 0.37 ഡോളര്‍ കുറഞ്ഞ് 84.71 ഡോളറാണ് ബുധനാഴ്ചത്തെ വില. 0.48 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
എണ്ണക്കമ്പനികള്‍ ദിവസേന ഇന്ധനവില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയര്‍ന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
വില കുറയാന്‍ ജി എസ് ടിയില്‍ ഉള്‍പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജി എസ് ടിയില്‍ ഉള്‍പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാന്‍ കാരണം, സംസ്ഥാനങ്ങള്‍ ഇന്ധനവില ജി എസ് ടിയില്‍ ഉള്‍പെടുത്താന്‍ അനുവദിക്കാത്തതാണെന്ന വാദമുയര്‍ത്തിയാണ് കേന്ദ്ര സര്‍കാര്‍ ഇപ്പോള്‍ വില വര്‍ധനവിനെ പ്രതിരോധിക്കുന്നത്.
Keywords: News, Kerala, State, Kochi, Thiruvananthapuram, Top-Headlines, Petrol, Price, Technology, Business, Petrol, Diesel Prices At Record High Levels After Latest Hike