കനറ ബാങ്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ജീവനക്കാരന്‍ ഒളിവില്‍; പ്രതിക്കായി ലുക് ഔട് നോടീസ് ഇറക്കി
പത്തനംതിട്ട: (www.kasargodvartha.com 19.02.2021) കനറ ബാങ്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ ജീവനക്കാരനായി ലുക് ഔട് നോടീസ് ഇറക്കി പൊലീസ്. പത്തനാപുരം സ്വദേശി വിജീഷ് വര്‍ഗീസാണ് തട്ടിപ്പ് നടത്തിയതെന്ന് കാണിച്ച് കനറ ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. ആരോപണ വിധേയനായ വിജീഷ് വര്‍ഗീസ് സംഭവശേഷം ഒളിവിലാണ്. ഒളിവില്‍പ്പോയ വിജീഷിനായി പൊലീസ് ലുക് ഔട് നോടീസ് ഇറക്കി.
ബാങ്കില്‍ നിക്ഷേപമുള്ള ഉദ്യോഗസ്ഥരുടെ പാസ് വേര്‍ഡ് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഒന്‍പത് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ തട്ടിപ്പ് നടന്നുവെന്നാണ് ബാങ്ക് നിലവില്‍ നല്‍കിയിരിക്കുന്ന പരാതി. കൂടുതല്‍ സാമ്പത്തിക തട്ടിപ്പിന്റെ വിവിരങ്ങള്‍ ബാങ്ക് പരിശോധിക്കുകയാണ്.
ബാങ്കിലെ ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അകൗണ്ടിലെ പത്ത് ലക്ഷം രൂപ പിന്‍വലിച്ചത് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് ക്ലര്‍ക് വിജീഷ് വര്‍ഗീസിനോട് ബ്രാഞ്ച് മാനേജര്‍ വിശദീകരണം ചോദിച്ചപ്പോള്‍ അബദ്ധം പറ്റിയതെണെന്നായിരുന്നു ഇയാളുടെ മറുപടി.
എന്നാല്‍ സംശയം തോന്നിയ മാനേജര്‍ വിശദ പരിശോധന നടത്തിയപ്പോഴാണ് വിജീഷ് പല അകൗണ്ടുകളിലേക്ക് പണം മാറ്റിയെന്ന് കണ്ടെത്തിയത്. പ്രതിയുടെ ഭാര്യയുടേതടക്കം പല അകൗണ്ടുകളിലേക്കും പണം മാറ്റിയിട്ടുണ്ട്. തട്ടിപ്പ് കണ്ടെത്തിയത് മുതല്‍ വീജീഷ് കുടുബത്തോടൊപ്പം ഒളിവിലാണ്. 2019 ലാണ് വിമുക്ത ഭടനായ വിജീഷ് ബാങ്കില്‍ ജോലിക്ക് പ്രവേശിച്ചത്.