വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂതില്‍ സംസാരിക്കുന്നവര്‍ക്ക് ഇനി ലൈസന്‍സ് പോകും; നടപടി കടുപ്പിക്കാന്‍ ഒരുങ്ങി ട്രാഫിക് പൊലീസ്
തിരുവനന്തപുരം: (www.kasargodvartha.com 30.06.2021) വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത് സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് ഇനി ലൈസന്‍സ് പോകും. ഫോണ്‍ ഉപയോഗം മൂലം അപകട നിരക്ക് കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് ട്രാഫിക് പൊലീസ് നടപടി കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ചെവിയോടു ചേര്‍ത്ത് സംസാരിച്ചാല്‍ മാത്രമേ ഇതുവരെ കേസെടുത്തിരുന്നുള്ളൂ.
എന്നാല്‍ ഇനി ബ്ലൂടൂത് സംസാരത്തിനും പിടിവീഴും. തെളിവ് സഹിതം ആര്‍ടിഒയ്ക്ക് റിപോര്‍ട് ചെയ്യാനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യിക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. മൊബൈല്‍ ഫോണിനെ ബ്ലൂടൂത് വഴി വാഹനത്തിനുള്ളിലെ സ്പീകെറുമായി ബന്ധിപ്പിച്ച് 'ഹാന്‍ഡ്‌സ് ഫ്രീ' ആയി സംസാരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടാണ് നടപടി.
ഇതിനും കേസെടുക്കാന്‍ മോടര്‍ വാഹന നിയമ ഭേദഗതിയില്‍ വ്യവസ്ഥയുണ്ടെങ്കിലും നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റത്തിലേക്കു ഫോണ്‍ ബ്ലൂടൂത് ഉപയോഗിച്ചു ബന്ധിപ്പിക്കാനാകും. ഇതുവഴി ഫോണില്‍ സംസാരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവറുടെ ശ്രദ്ധ മാറാന്‍ സാധ്യതയുള്ള എന്തും വാഹനത്തില്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് മോടര്‍ വാഹന ഉദ്യോഗസ്ഥര്‍ പറയുന്നു.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Technology, Car, Phone-call, Driver, Police, Bluetooth calling while driving; Traffic police ready to strict action