Sports Facility | പാറക്കട്ടയിൽ കായികവിസ്മയം; കാസർകോട്ടെ ഏറ്റവും വലിയ ടർഫ് നാടിന് സമർപിച്ച് കേരള പൊലീസ്; ലഹരിക്കും മൊബൈൽ ഫോൺ അഡിക്ഷനും വിടപറയാം
● മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു
● ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു
● ഒരു കോടി അമ്പത് ലക്ഷം രൂപ ചിലവഴിച്ചാണ് ഈ ടർഫ് നിർമിച്ചിട്ടുള്ളത്.
● പുതിയ 2 പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളും നാടിന് സമർപ്പിച്ചു
കാസർകോട്: (KasargodVartha) ജില്ലയിലെ കായിക പ്രേമികൾക്ക് ആവേശമായി പാറക്കട്ടയിലെ ജില്ലാ പൊലീസ് ആസ്ഥാനത്ത് കേരള പൊലീസ് ഒരുക്കിയ അത്യാധുനിക ടർഫ് സൗകര്യം നാടിന് സമർപ്പിച്ചു. ശനിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത ഈ വിശാലമായ ടർഫ്, ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
ജില്ലയിലെ ഏറ്റവും വലിയ ടർഫായ ഇവിടെ ക്രികറ്റ്, ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പെടെ വിവിധ കായിക ഇനങ്ങൾക്കായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുക എന്നത് പോലീസിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.
യുവത്വത്തിന് കായിക വെളിച്ചം പകർന്ന് ടർഫ്
യുവതലമുറ മൊബൈൽ ഫോണിനും മയക്കുമരുന്നിനും അടിമപ്പെട്ട് പോകുന്ന ഈ കാലത്ത് അവരെ കായിക-സാംസ്കാരിക മേഖലകളിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ടർഫ് എന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ കാസർകോട് വാർത്തയോട് പറഞ്ഞു.
'യുവതലമുറ മയക്കുമരുന്നിനും മറ്റ് ലഹരിവസ്തുക്കൾക്കും അടിമപ്പെട്ട് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും അവരുടെ ഭാവി തന്നെ നശിച്ചുപോവുകയും ചെയ്യുന്ന കാഴ്ചകൾ ഇന്ന് സാധാരണമായിരിക്കുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് 1.5 കോടി രൂപ ചെലവിൽ ഈ ടർഫ് നിർമിച്ചത്. ഇത് പൊതുജനങ്ങൾ, പ്രത്യേകിച്ച് യുവജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം', അവർ കൂട്ടിച്ചേർത്തു.
അത്യാധുനിക സൗകര്യങ്ങളോടെ കായിക സമുച്ചയം
ഈ ടർഫിൽ ഫുട്ബോൾ ഫൈവ്‌സ് ആണെങ്കിൽ ഒരേസമയം മൂന്ന് കളികൾ നടത്താനുള്ള സൗകര്യമുണ്ട്. കൂടാതെ, രണ്ട് സെവൻസ് മത്സരങ്ങൾ, ഇലവൻസ് ഫുട്ബോൾ എന്നിവയും ഇവിടെ നടത്താവുന്നതാണ്. ടർഫിനോട് ചേർന്ന് കബഡി, വോളിബോൾ, ഷട്ടിൽ തുടങ്ങിയവയ്ക്കുള്ള മൾട്ടി പർപ്പസ് കായിക സമുച്ചയവും ഉടൻ തന്നെ പൂർത്തിയാകുന്നതാണ്.
പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ
ഈ ടർഫിന് പുറമെ കാസർകോട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, വനിതാ പൊലീസ് സ്റ്റേഷൻ, ബേക്കൽ സബ് ഡിവിഷൻ കൺട്രോൾ റൂം എന്നിവയ്ക്കായുള്ള പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഇതോടൊപ്പം നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഈ കെട്ടിടങ്ങൾ ജില്ലയിലെ പോലീസ് സംവിധാനത്തിന് കൂടുതൽ കരുത്ത് പകരും.
ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡി ശില്പ സ്വാഗതം പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ അഡ്വ. സി എച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എം രാജഗോപാലൻ, എ കെഎം അശ്റഫ്, കണ്ണൂർ ഡിഐജി യതീഷ് ചന്ദ്ര തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ അഡീഷണൽ പൊലീസ് സൂപ്രണ്ട് പി ബാലകൃഷ്‌ണ നായർ നന്ദി പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasaragod's new large turf facility for sports, inaugurated by the Kerala Police, aims to engage youth in sports and combat drug addiction.
#Kasaragod #SportsFacility #KeralaPolice #YouthEngagement #DrugPrevention #CommunityEmpowerment