Sports | കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ് രണ്ടാമത് എന്‍ എ സുലൈമാന്‍ ട്രോഫി ഫുട്ബോള്‍ മത്സരം; ടൗണ്‍ സിഐ പി നളിനാക്ഷന്‍ ഉദ്ഘാടനം ചെയ്യും
● ഉദ്ഘാടന മത്സരം ഗോള്‍ഡ് ഹില്ലും ഹദ്ദാദ് എഫ്‌സി എര്‍മാളവും തമ്മില്‍.
● വിദേശതാരങ്ങള്‍ അടക്കമുള്ളവര്‍ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങും.
● ചാംപ്യന്മാര്‍ക്ക് 60,000 രൂപ പ്രൈസ് മണിയും ട്രോഫിയും.
● ഡിസംബര്‍ എട്ടിന് ഫൈനല്‍ മത്സരം നടക്കും.
കാസര്‍കോട്: (KasargodVartha) സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ മുന്‍ പ്രസിഡണ്ടും കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ് പ്രസിഡണ്ടുമായിരുന്ന എന്‍ എ സുലൈമാന്റെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന രണ്ടാമത് എന്‍ എ സുലൈമാന്‍ മെമോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റിന് (NA Sulaiman Memorial Football Tournament) നവംബര്‍ 22ന് വെള്ളിയാഴ്ച വൈകിട്ട് 4.30ന് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ മൈതാനിയില്‍ തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോട് ടൗണ്‍ സിഐ പി നളിനാക്ഷന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തില്‍ ഗോള്‍ഡ് ഹില്‍, ഹദ്ദാദ് എഫ്‌സി എര്‍മാളത്തെ നേരിടും. 23ന് എംഎഫ് സി മൊഗ്രാലും ബാര്‍സാ ഫാമിലി കാസര്‍കോടും തമ്മിലും 24ന് യഫാ തായലങ്ങാടിയും ഇവൈസിസി എരിയാലും തമ്മിലും 25ന് എംഎഫ് സി മേല്‍പറമ്പും തെരുവത്ത് സ്പോര്‍ടിംഗ് ക്ലബും തമ്മിലും 26ന് കട്ടീല്‍ ഫ്രണ്ട്സും മിറാകില്‍ കമ്പാറും തമ്മിലും 27ന് ഒഫന്‍സ് കീഴൂരും യുണൈറ്റഡ് പട്ളയും തമ്മിലും 28ന് എഫ് സി പ്രിയദര്‍ശിനിയും ബാചിലേഴ്സ് പുത്തൂരും തമ്മിലും 29ന് ടീം 20 സ്പോര്‍ടിംഗും ആരോസ് എഫ് എയും തമ്മിലുമാണ് മത്സരം.
ഡിസംബര്‍ 1, 2, 3, 4 തീയതികളില്‍ ക്വാര്‍ടര്‍ ഫൈനല്‍ മത്സരങ്ങളും 5, 6 തിയതികളില്‍ സെമി ഫൈനല്‍ മത്സരങ്ങളും ഡിസംബര്‍ എട്ടിന് ഫൈനല്‍ മത്സരവും നടക്കും. ചാംപ്യന്മാര്‍ക്ക് 60,000 രൂപ പ്രൈസ് മണിയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 30,000 രൂപ പ്രൈസ് മണിയും ട്രോഫിയും സമ്മാനിക്കും. വിദേശതാരങ്ങള്‍ അടക്കമുള്ളവര്‍ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങും.
ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം മുസ്ലിം ഹൈസ്‌കൂള്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ യുവ വ്യവസായി ശമീം ബാങ്കോടും ഫിക്സര്‍ പ്രകാശനം സിംസിറ്റി ഗ്രൂപ് ചെയര്‍മാന്‍ സലീം ബഹ്റൈനുമാണ് നിര്‍വഹിച്ചത്. ക്ലബ് പ്രസിഡണ്ട് കെ എം ഹനീഫ് അധ്യക്ഷത വഹിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കെ എം ഹനീഫ്, അന്‍വര്‍ എന്‍ കെ, ടി എ മുഹമ്മദ് കുഞ്ഞി, ടി എ ശാഫി, എന്‍ എ സുലൈമാന്റെ മകനും ക്ലബ് എക്സിക്യൂടീവ് കമിറ്റി അംഗവുമായ സുനൈസ് അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.
#footballtournament #Kerala #Kasargod #sports #NASulaimanMemorial