Cricket | അവിശ്വസനീയ ട്വിസ്റ്റും വിക്കറ്റും; രഞ്ജി ട്രോഫിയില്‍ ചരിത്രത്തിലേക്ക് ബാറ്റ് വീശി കേരളം; നേട്ടം കാസര്‍കോട്ടുകാരന്‍ അസ്ഹറുദ്ദീന്റെ സെഞ്ചുറിയുടെ ബലത്തില്‍
● കേരളം രഞ്ജി ട്രോഫി ഫൈനലിൽ.
● ഗുജറാത്തിനെതിരെ രണ്ട് റൺസിന്റെ വിജയം.
● സൽമാൻ നിസാറിന്റെ ഹെൽമറ്റ് നിർണായകമായി.
● കാസർകോട്ടുകാരൻ അസ്ഹറുദ്ദീന്റെ പ്രകടനം ശ്രദ്ധേയമായി.
● കേരള ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം.
അഹ്‌മദാബാദ്: (KasargodVartha) രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് കേരളം ഫൈനലില്‍. കായിക പ്രേമികളെ കുളിരണിയിച്ച് രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ കേരളം ചരിത്ര ഫൈനലിനരികെയെത്തി.
ആവേശകരമായ മല്‍സരത്തില്‍ രണ്ട് റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്. മല്‍സരം സമനിലയിലേക്കെന്ന് ഉറപ്പിച്ചതോടെ ലീഡിന്റെ കരുത്തില്‍ കേരളത്തിന് ഫൈനലില്‍ കടന്നു. ഇതാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചത്. കേരള ക്രിക്കറ്റിന്റെ ചരിത്രത്തില്‍ രഞ്ജിയിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഒന്നാം ഇന്നിങ്‌സില്‍ രണ്ട് റണ്‍സ് ലീഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. ആദ്യ ഇന്നിങ്‌സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സെടുത്തു പുറത്തായി. രണ്ട് ടീമുകളുടെയും രണ്ടാം ഇന്നിങ്‌സ് കൂടി പൂര്‍ത്തിയായി ഫലനിര്‍ണയത്തിനുള്ള സാധ്യത വിരളമായതിനാല്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുന്ന ടീം ഫൈനലില്‍ എത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്.
ഇനി ഫൈനലിലെത്തണമെങ്കില്‍ വെള്ളിയാഴ്ച കേരളത്തെ രണ്ടാം ഇന്നിങ്‌സില്‍ പുറത്താക്കി, ഗുജറാത്തും ബാറ്റിങ് പൂര്‍ത്തിയാക്കേണ്ടിവരും. മുംബൈ വിദര്‍ഭ രണ്ടാം സെമി ഫൈനലിലെ വിജയികളായിരിക്കും ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍. സ്പിന്നര്‍മാരായ ആദിത്യ സര്‍വാതേയും ജലജ് സക്‌സേനയുമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആതിഥേയരായ ഗുജറാത്തിനെ അവസാന ദിവസം വട്ടം കറക്കിയത്.
സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശത്തിന് സഹായകമായത്. ഗുജറാത്തിന് ലീഡെടുക്കാന്‍ രണ്ട് റണ്‍സ് ശേഷിക്കെ നാഗസ്വാലെ ബൗണ്ടറി പ്രതീക്ഷിച്ച് കളിച്ച ഷോട്ട് സല്‍മാന്‍ നിസറിന്റെ ഹെല്‍മറ്റില്‍ തട്ടി സച്ചിന്‍ ബേബിയുടെ കയ്യിലെത്തുകയായിരുന്നു.
ആദിത്യ സര്‍വാതെ എറിഞ്ഞ 174ാം ഓവറിലെ നാലാം പന്തില്‍ ഒരു വിക്കറ്റ് ശേഷിക്കെ ഗുജറാത്തിന് വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. നാഗസ്വാലയുടെ ഷോട്ട് ക്രീസിനരികില്‍ ഫീല്‍ഡ് ചെയ്ത സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ തട്ടി ഉയര്‍ന്ന് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കയ്യിലെത്തുകയായിരുന്നു. അവസാന വിക്കറ്റും വീണതോടെ കേരളത്തിന് രണ്ട് റണ്‍സ് ലീഡ്. 22 റണ്‍സും മൂന്ന് വിക്കറ്റുമായി അഞ്ചാം ദിവസം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ വരിഞ്ഞുകെട്ടുകയായിരുന്നു കേരള സ്പിന്നര്‍മാര്‍. അര്‍ധ സെഞ്ചറി നേടിയ ജയ്മീത് പട്ടേല്‍ (79) സിദ്ധാര്‍ഥ് ദേശായി (30) എന്നിവരെയാണ് തുടക്കത്തില്‍ ഗുജറാത്തിന് നഷ്ടമായത്.
ആദിത്യ സര്‍വാതെയുടെ പന്തില്‍ കാസര്‍കോട്ടുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നല്‍ സ്റ്റംപിങ്ങാണ് ജയ്മീതിനെ പുറത്താക്കിയത്. സിദ്ധാര്‍ഥ് ദേശായി ആദിത്യയുടെ പന്തില്‍ എല്‍ബിഡബ്ല്യുവാക്കി. 11 റണ്‍സ് ആവശ്യമായ ഘട്ടത്തിലാണ് അവസാന വിക്കറ്റില്‍ പ്രിയജിങ്‌സിങ്ങും നാഗസ്വാലയും ബാറ്റിങ് തുടങ്ങിയത്. പ്രിയജിങ്‌സിങ് മൂന്ന് റണ്‍സെടുത്തു.
കാസര്‍കോട് തളങ്കര കടവത്ത് സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേട്ടത്തില്‍ കുടുംബവും നാട് ഒന്നാകെയും അഭിമാനത്തിലും ആഹ്‌ളാദത്തിലുമാണ്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക. കൂടുതൽ പേരിലേക്ക് ഈ വാർത്ത എത്തിക്കുന്നതിനായി ഷെയർ ചെയ്യൂ.
Kerala has created history by reaching the Ranji Trophy final for the first time. They secured a crucial first-innings lead against Gujarat in the semifinal, ultimately leading to their historic qualification.
#RanjiTrophy #KeralaCricket #HistoryMade #CricketFinal #MohammedAzharuddeen #SportsNews