Appointment | കാസർകോടിന് അഭിമാനം! അശ്‌റഫ് സിറ്റിസൺ സന്തോഷ് ട്രോഫി കേരള ടീമിന്റെ മാനജർ
● സൂപ്പർ ലീഗ് താരങ്ങളടങ്ങിയ ടീം
● ബിബി തോമസ് മുട്ടത്ത് പരിശീലകൻ
● കേരളത്തിന്റെ ആദ്യ മത്സരം റെയിൽവേയ്‌ക്കെതിരെ
കാസർകോട്: (KasargodVartha) ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷററും മുൻ താരവും ഉപ്പള സ്വദേശിയുമായ സിറ്റിസൺ സ്പോർട്സ് ക്ലബ് ഉപ്പളയുടെ അഷ്‌റഫ് സിറ്റിസനെ കേരളാ സന്തോഷ് ട്രോഫി ടീമിന്റെ മാനജറായി നിയമിച്ചത് കാസർകോടിന് അഭിമാനമായി. കേരളാ ഫുട്ബോൾ അസോസിയേഷൻ കോഴിക്കോട് വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ കെഎഫ്എ പ്രസിഡന്റ് നവാസ് മീരാനാണ് ടീമിനെ പ്രഖ്യാപിച്ചത്.
സന്തോഷ് ട്രോഫി പോലുള്ള ഒരു പ്രമുഖ ഫുട്ബോൾ ടൂർണമെന്റിൽ കേരള ടീമിന്റെ മാനജരായി അശ്റഫ് സിറ്റിസനെ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ കഴിവുകളുടെയും അനുഭവത്തിന്റെയും അംഗീകാരമാണ്. കേരള ടീമിന്റെ പരിശീലകനായി ബിബി തോമസ് മുട്ടത്തും സഹ പരിശീലകനായി ഹരി ബെന്നിസിയും നിയമിക്കപ്പെട്ടു. ടീമിൽ 15 പുതുമുഖങ്ങളുണ്ട്. സൂപർ ലീഗ് കേരളയിൽ കളിച്ച ഏതാനും താരങ്ങളും ഉൾപ്പെടുന്നു. 17 വയസുള്ള റിഷാദ് അബ്‌ദുൽ ഗഫൂറാണ് പ്രായം കുറഞ്ഞ താരം.
സന്തോഷ് ട്രോഫിയിൽ കേരളം എച് ഗ്രൂപ്പിലാണ്. ലക്ഷദ്വീപ്, പോണ്ടിച്ചേരി, റെയിൽവേയ്സ് എന്നിവരാണ് ഗ്രൂപിലെ മറ്റ് ടീമുകൾ. ഗ്രൂപ് എച്ച് യോഗ്യതാ മത്സരങ്ങൾ 20ന് കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയത്തിൽ തുടങ്ങും. കേരളത്തിന്റെ ആദ്യ മത്സരം 20ന് കരുത്തരായ റെയിൽവേയ്‌ക്കെതിരെയാണ്. 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും മത്സരമുണ്ട്. കാസർകോട്ടെ ഫുട്ബോൾ പ്രേമികളും കളിക്കാരും അശ്റഫ് സിറ്റിസനും കേരള ടീമിനും പൂർണ പിന്തുണ നൽകുന്നു.
കേരള ടീം:
ഗോൾകീപർമാരായി എസ് അജ്‌മൽ (പാലക്കാട്), കെ മുഹമ്മദ് അസ്ഹർ (മലപ്പുറം), കെ മുഹമ്മദ് നിയാസ് (പാലക്കാട്) എന്നിവരും, പ്രതിരോധനിരയിൽ ജി സഞ്ജു ( എറണാകുളം), എം മനോജ് (തിരുവനന്തപുരം), മുഹമ്മദ് അസ്ലം (വയനാട്), ജോസഫ് ജസ്‌റ്റിൻ (എറണാകുളം), ആദിൽ അമൽ (മലപ്പുറം), പി.ടി.മുഹമ്മദ് റിയാസ് (പാലക്കാട്), മുഹമ്മദ് മുശാറഫ് (കണ്ണൂർ) എന്നിവരും ഉൾപ്പെടുന്നു.
മധ്യനിരയിൽ നിജോ ഗിൽബർട്ട് ( തിരുവനന്തപുരം), മുഹമ്മദ് അർശാഫ് (മലപ്പുറം), ക്രിസ്‌റ്റി ഡേവിസ് (തൃശൂർ), പി പി മുഹമ്മദ് റോശൽ (കോഴിക്കോട്), നസീബ് റഹ്‌മാൻ (പാലക്കാട്), സൽമാൻ കള്ളിയത്ത് (മലപ്പുറം), മുഹമ്മദ് റിശാദ് ഗഫൂർ (മലപ്പുറം) എന്നിവരാണുള്ളത്. മുന്നേറ്റനിരയിൽ ഗനി അഹ്‌മദ് നിഗം (കോഴിക്കോട്), ടി ഷിജിൻ (തിരുവനന്തപുരം), വി അർജുൻ (കോഴിക്കോട്), മുഹമ്മദ് അജ്‌സൽ (കോഴിക്കോട്), ഇ സജീഷ് (പാലക്കാട്) എന്നിവരും ടീമിന്റെ ഭാഗമാണ്.
#SantoshTrophy #KeralaFootball #Kasargod #AshrafCitizan #IndianFootball