Achievements | സ്വർണമടക്കം മെഡലുകൾ വാരിക്കൂട്ടി ഹുദയും ലാവണ്യയും; എംജിഎ കായികമത്സരത്തിൽ തിളങ്ങി കാസർകോട്ടെ ട്രാൻസ്‌ജെൻഡർ താരങ്ങൾ
● ചെറുവത്തൂരിലെ ഹുദയും, പടന്നക്കാട്ടെ ലാവണ്യയുമാണ് സകലരുടെയും മനം കവർന്നത്.
● ഹുദ മൂന്ന് സ്വർണവും ഒരു വെങ്കലവും നേടിയപ്പോൾ ലാവണ്യ ഒരു സ്വർണവും മൂന്ന് വെള്ളിയും നേടി.
● ലാവണ്യ 100 മീറ്റർ, 400 മീറ്റർ, 200 മീറ്റർ എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും 400 റിലേയിൽ ഒന്നാം സ്ഥാനവും നേടി.
കാസർകോട്: (KasargodVartha) കോഴിക്കോട് മെഡിക്കൽ കോളജ് മൈതാനത്ത് മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ (MGA) കേരള സംഘടിപ്പിച്ച കായിക മത്സരത്തിൽ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് കാസർകോട്ടെ രണ്ട് ട്രാൻസ്‌ജെൻഡർ താരങ്ങൾ അഭിമാനമായി. ചെറുവത്തൂരിലെ ഹുദയും, പടന്നക്കാട്ടെ ലാവണ്യയുമാണ് സകലരുടെയും മനം കവർന്നത്.
യാതൊരുവിധ പരിശീലനവും ലഭിക്കാതെ, സ്വന്തം ശക്തിയിൽ മാത്രം ആശ്രയിച്ച് മത്സരത്തിനെ നേരിട്ട ഈ രണ്ട് താരങ്ങളും നാല് ഇനങ്ങളിൽ മത്സരിച്ചു. ഹുദ മൂന്ന് സ്വർണവും ഒരു വെങ്കലവും നേടിയപ്പോൾ ലാവണ്യ ഒരു സ്വർണവും മൂന്ന് വെള്ളിയും നേടി. 400 മീറ്റർ, ലോങ് ജമ്പ്, 4 x 100 റിലേ എന്നീ ഇനങ്ങളിൽ ഹുദ ഒന്നാം സ്ഥാനം നേടിയപ്പോൾ, 100 മീറ്ററിൽ മൂന്നാം സ്ഥാനത്തെത്തി.
ലാവണ്യ 100 മീറ്റർ, 400 മീറ്റർ, 200 മീറ്റർ എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും 400 റിലേയിൽ ഒന്നാം സ്ഥാനവും നേടി. ആരും പരിശീലനം നൽകിയില്ലെങ്കിലും ഉറച്ചമനസോടെയും ധൈര്യത്തോടെയും മത്സര രംഗത്തിറങ്ങുകയായിരുന്നുവെന്നും നേട്ടത്തിൽ അഭിമാനമുണ്ടെന്നും ഇരുവരും കാസർകോട് വാർത്തയോട് പറഞ്ഞു. സർക്കാരിന്റെ കെ എൻ പി സുരക്ഷ പ്രോജക്റ്റും ഇവർക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.
#TransgenderAthletes #Kasargod #MGAKerala #GoldMedals #SportsAchievements #LavanyaHudha