Football Tournament | മേൽപറമ്പിൽ വീണ്ടും ഫുട്ബോൾ ആരവം; വരുന്നു പ്രഥമ പാദൂർ ട്രോഫി അഖിലേന്ത്യ സെവൻസ് ടൂർണമെന്റ്
● തമ്പ് മേൽപറമ്പും ചന്ദ്രഗിരി ക്ലബ് മേൽപറമ്പും ചേർന്നാണ് സംഘടിപ്പിക്കുന്നത്.
● മെയ് എട്ടിന് ടൂർണമെൻ്റ് ആരംഭിക്കും.
● ചന്ദ്രഗിരി ഹൈസ്കൂൾ മൈതാനത്താണ് ടൂർണമെൻ്റ് നടക്കുന്നത്.
● 16 ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുക്കും.
മേൽപറമ്പ്: (KasargodVartha) ഫുട്ബോൾ പ്രേമികൾക്ക് ആവേശം നിറച്ച് മേൽപറമ്പിൽ വീണ്ടും പന്തുരുളുന്നു. ഒരിടവേളയ്ക്ക് ശേഷം, കായിക പ്രേമികളുടെ ഹൃദയം കീഴടക്കാൻ പ്രഥമ പാദൂർ കുഞ്ഞാമു ഹാജി ട്രോഫി അഖിലേന്ത്യ ഫ്‌ലഡ്ലൈറ്റ് സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് വരികയാണ്. ടൂർണമെൻ്റ് കമ്മിറ്റി മുഖ്യ രക്ഷാധികാരി കല്ലട്ര മാഹിൻ ഹാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ, സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി എം എ ലത്തീഫ് എന്നിവർ ചേർന്ന് ടൂർണമെൻ്റിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
തമ്പ് മേൽപറമ്പും ചന്ദ്രഗിരി ക്ലബ് മേൽപറമ്പും സംയുക്തമായാണ് പാദൂർ ട്രോഫിക്ക് നേതൃത്വം നൽകുന്നത്. മെയ് എട്ടിന് ടൂർണമെൻ്റ് ആരംഭിക്കും. ജില്ലയിലെ രണ്ട് പ്രമുഖ ക്ലബുകളായ തമ്പ് മേൽപറമ്പും ചന്ദ്രിഗിരി ക്ലബ് മേൽപറമ്പും സംയുക്തമാഭിഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പാദൂർ പാദൂർ കുഞ്ഞാമു ഹാജി മെമ്മോറിയൽ സെവൻസ് കാസർകോടിന്റെ ഉത്സവമായി മാറുമെന്ന് സംഘാടക സമിതി മുഖ്യരക്ഷാധികാരി കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
ജില്ലയുടെ കലാ-കായിക-സാംസ്‌കാരിക രംഗത്ത് ഒട്ടനവധി വർഷങ്ങളുടെ പാരമ്പര്യമുള്ള ക്ലബുകളാണ് തമ്പ് മേൽപറമ്പും ചന്ദ്രഗിരി ക്ലബ് മേൽപറമ്പും. അതിനാൽ ഇവ സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു ഫുട്ബോൾ മാമാങ്കം ജില്ലയുടെ ചരിത്രത്തിന്റെ ഭാഗമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം മേൽപറമ്പിൽ വീണ്ടും ഫുട്ബോൾ ആരവം ഉയരുമ്പോൾ, ഈ ടൂർണമെൻ്റ് കാൽപന്ത് പ്രേമികൾക്ക് ഒരു പുത്തൻ ഉണർവ് നൽകും എന്ന് സംഘാടകർ പറയുന്നു
എൻഎ ട്രോഫി സെവൻസിലൂടെ സംഘാടക മികവ് തെളിയിച്ച തമ്പ് മേൽപറമ്പും മൊയ്‌ദു ട്രോഫി സെവൻസിലൂടെ സംഘാടക മികവ് തെളിയിച്ച ചന്ദ്രഗിരി ക്ലബ് മേൽപറമ്പും സംയുക്തമായി ഒരു ടൂർണമെന്റ് സംഘടിപ്പിക്കുമ്പോൾ കായിക പ്രേമികളും ഏറെ ആവേശത്തിലാണ്. മേൽപറമ്പ് ചന്ദ്രഗിരി ഹൈസ്കൂൾ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. സെവൻസ് ഫുട്ബോൾ അസോസിയേഷൻ അംഗീകൃതമായ 16 ടീമുകൾ പങ്കെടുക്കും.
സംഘാടക സമിതി രൂപവത്‌കരണ യോഗം കല്ലട്ര മാഹിൻ ഹാജി ഉദ്‌ഘാടനം ചെയ്തു. തമ്പ് പ്രസിഡൻ്റ് സൈഫുദ്ദീൻ കട്ടക്കാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യാഥിതി ഷാനവാസ് പാദൂർ, എം എ ലത്തീഫ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കലാഭവൻ രാജു, ചന്ദ്രഗിരി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് അബൂബക്കർ കടാങ്കോട്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ജലീൽ കോയ, ചന്ദ്രഗിരി സ്കൂൾ ഒ എസ് എ പ്രസിഡൻ്റ് എം എം ഹംസ, പഴയകാല ഫുട്ബോൾ താരം കെ പി അസീസ്, തമ്പ് സെക്രട്ടറി പുരുഷു ചെമ്പരിക്ക, വിജയൻ മാസ്റ്റർ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, ടൂർണമെൻ്റ് കമ്മിറ്റി ട്രഷറർ യുസഫ് മേൽപറമ്പ് എന്നിവർ സംബന്ധിച്ചു. ചന്ദ്രഗിരി ക്ലബ് പ്രസിഡൻ്റ് നാസർ ഡിഗോ സ്വാഗതവും ജനറൽ കൺവീനർ അഫ്സൽ സീസ്ലു നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികൾ: കല്ലട്ര മാഹിൻ ഹാജി (മുഖ്യരക്ഷാധികാരി), ജലീൽ കോയ (ചെയർമാൻ), അഫ്സൽ സിസ്ലു (ജനറൽ കൺവീനർ), യൂസഫ് മേൽപറമ്പ് (ട്രഷറർ).
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
The First Padur Trophy Akhilaindia Sevens Football Tournament will be held in Melparamba from May 8, bringing football excitement back to the region.
#FootballTournament, #SevensFootball, #PadurTrophy, #Melparamba, #KeralaFootball, #KasaragodNews