കോവിഡ് നിയന്ത്രണം: സൗദി അറേബ്യയില്‍ ഞായറാഴ്ച മുതല്‍ ഭാഗിക ഇളവുകള്‍; വിമാന സെര്‍വീസിന് ഇനിയും കാത്തിരിക്കണം
റിയാദ്: (www.kasargodvartha.com 07.03.2021) കോവിഡ് രണ്ടാം ഘട്ട വ്യാപന ആശങ്കകള്‍ക്കിടെ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളില്‍ സൗദി അറേബ്യ ഭാഗിക ഇളവുകള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ ഇവ പ്രാബല്യത്തില്‍ വരും. സിനിമാ, ജിം, സ്പോര്‍ട്സ് സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ സാമൂഹ്യ അകലം പാലിക്കണം, കോവിഡ് ലക്ഷണമുള്ളവര്‍ക്ക് പ്രവേശനം നല്‍കരുത്, സംശയമുള്ള കേസുകള്‍ അധികാരികളെ അറിയിക്കണം എന്നും ഉത്തരവിലുണ്ട്. അകലം പാലിക്കാന്‍ സാഹചര്യമില്ലാത്ത റെസ്റ്റോറന്റുകള്‍ക്കകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാനും പാടുള്ളതല്ല.
എന്നാല്‍ വിവാഹങ്ങള്‍, കോര്‍പറേറ്റ് മീറ്റിംഗുകള്‍ തുടങ്ങിയ എല്ലാ സാമൂഹിക പരിപാടികള്‍ക്കും ഏര്‍പെടുത്തിയ വിലക്ക് തുടരും. 20 പേരില്‍ കൂടുതല്‍ ഒന്നിച്ച് കൂടുന്നതിനുള്ള നിയന്ത്രണങ്ങളും തുടരും. കൊറോണ വൈറസ് പടരാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ ഇന്ത്യയും യുഎഇയും ഉള്‍പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വിമാന സെര്‍വീസുകള്‍ എന്ന് തുടങ്ങുമെന്ന് പുതിയ ഉത്തരവിലും ഒന്നും പറയുന്നില്ല. മെയ് 17 വരെ വരെ കാത്തിരിക്കണമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വിമാന സെര്‍വീസിന് വേണ്ടി കാത്തിരിക്കുന്നത്.