സമഗ്ര കായിക വികസനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കും
Mar 17, 2012, 14:03 IST
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോടിന്റെ സമഗ്ര കായിക വികസനം സംബന്ധിച്ച കരട് രേഖയുടെ അവതരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കായിക സെമിനാറാണ് സര്‍ക്കാര്‍ മുമ്പാകെ ഈ ആവശ്യം അവതരിപ്പിച്ചത്. സെമിനാര്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാ ദേവി അധ്യക്ഷത വഹിച്ചു.
നീലേശ്വരത്ത് ഇ എം എസ് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി യാഥാര്‍ത്ഥ്യമാക്കണം. മൂന്ന് കോടി രൂപയുടെ ഈ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കാലിക്കടവില്‍ ഓപ്പണ്‍ സ്റ്റേഡിയം നിര്‍മ്മിക്കണം. നാന്നൂറ് മീറ്റര്‍ ട്രാക് സൗകര്യമുള്ള ഗ്രൗണ്ടാണിത്. കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിനടുത്ത് ആറ് കോടി രൂപാ ചെലവില്‍ മിനി ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിക്കണം. ഇവിടെ നീന്തല്‍ കുളവും ഇന്‍ഡോര്‍ ഗെയിംസിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ചെമ്മട്ടംവയലില്‍ അരയി പുഴയ്ക്ക് സമീപം ആധുനിക സൗകര്യത്തോട് കൂടി നീന്തല്‍ കുളം നിര്‍മ്മിക്കണം, പാലാവയലിലും മൂന്നാം കടവിലും സ്വിമ്മിംഗ് പൂള്‍ സ്ഥാപിക്കണം എന്നീ പദ്ധതികളും സര്‍ക്കാറിന് സമര്‍പ്പിക്കും.
കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക് പണിയണം. കൂടാതെ ആധുനിക സൗകര്യത്തോട് കൂടിയ ഫിറ്റ്‌നസ് സെന്ററും സ്ഥാപിക്കണം. പഞ്ചായത്ത് യുവ ക്രീഡ ഔര്‍ ഖേല്‍ അഭിയാന്‍ (പൈക്ക) പദ്ധതി കാര്യക്ഷമമാക്കാനും സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കായിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങളും സമര്‍പ്പിക്കും.
ഇന്ത്യന്‍ വോളിബോളിന് നിരവധി താരങ്ങളെ സംഭാവന ചെയ്ത തൃക്കരിപ്പൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കുക, സംസ്ഥാന ദേശീയ അന്തര്‍ദേശീയ കബഡി താരങ്ങളെ വാര്‍ത്തെടുത്ത കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്ത് ഒരു കബഡി അക്കാദമി സ്ഥാപിക്കുക, കനോയിംഗ്, കയാകിംഗ്, റോവിംഗ് പരിശീലിപ്പിക്കാന്‍ കാര്യങ്കോട്ട് കാനോയിംഗ്-കയാകിംഗ് അക്കാദമി സ്ഥാപിക്കുക, കളരിപ്പയറ്റ്, തൈക്കോണ്ടോ, ജ്യൂഡോ തുടങ്ങിയവ പരിശീലിപ്പിക്കാന്‍ ജില്ലയില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും അവതരിപ്പിക്കും.
ജില്ലയില്‍ സ്ഥാപിക്കുന്ന നിര്‍ദ്ദിഷ്ട സ്‌പോര്‍ട്‌സ് സ്‌കൂള്‍ ബേഡഡുക്ക, കുറ്റിക്കോല്‍ കേന്ദ്രമായി സ്ഥാപിക്കണം. ഉദയഗിരി സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു സ്‌പോര്‍ട്‌സ് കോംപ്ലക്‌സായി ഉയര്‍ത്തണം. ഇവിടെ നീന്തല്‍ കുളം, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട് നവീകരണം, ഗുസ്തി പരിശീലനം, ബോള്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് എന്നിവ ആരംഭിക്കണം. പെരിയയില്‍ ഇന്‍ഡോര്‍ ഗെയിംസ് കോംപ്ലക്‌സ് സ്ഥാപിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സെമിനാര്‍ സര്‍ക്കാറിന് സമര്‍പ്പിക്കുന്നു.
സെമിനാറില്‍ എ ഡി എം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍ എന്‍ ദേവീദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദു റഹിമാന്‍, കണ്ണൂര്‍ സര്‍വ്വകലാശാല ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ പി ടി ജോസഫ്, മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം ജയിസമ്മ മുത്തേടന്‍ ഇന്ത്യന്‍ വോളിബോള്‍ താരങ്ങളായ ടോം ജോസഫ്, ബി അനില്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എം സുരേഷ്, മുന്‍ ദേശീയ കബഡി താരം എം മുകുന്ദ് രാജ്, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് വിനോദ് ചന്ദ്രന്‍, സെക്രട്ടറി മുഹമ്മദ് ഹാഷിം, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം സി നാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കരട് കായിക നയം കണ്ണൂര്‍ സര്‍വ്വകലാശാല കായിക വകുപ്പ് മേധാവി പി ടി ജോസഫും കാസര്‍കോട് സമഗ്ര കായിക വികസന നിര്‍ദ്ദേശങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം അച്ചുതനും അവതരിപ്പിച്ചു. എം അച്ചുതന്‍ സ്വാഗതവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് പി പ്രഭാകരന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Sports.