Accident | ആംബുലന്‍സിന് തീപിടിച്ച് ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണി രക്ഷപ്പെട്ടത് അത്ഭുതകരമായി, വീഡിയോ
● മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലാണ് സംഭവം.
● വാഹനത്തിലുണ്ടായിരുന്നത് ഗര്‍ഭിണിയും കുടുംബവും
● സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകളും തകര്‍ന്നു.
മുംബൈ: (KasargodVartha) മഹാരാഷ്ട്രയില്‍ ആംബുലന്‍സിന് തീപിടിച്ച് ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണിയും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എന്‍ജിനില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്. ജല്‍ഗാവ് (Jalgaon) ജില്ലയിലാണ് സംഭവം.
ഗര്‍ഭിണിയുമായി പോകുകയായിരുന്ന ആംബുലന്‍സിനാണ് തീപിടിച്ചത്. ഗര്‍ഭിണിയെയും കുടുംബത്തെയും എരണ്ടോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ജല്‍ഗാവ് ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ദാദാ വാദി മേഖലയിലെ ദേശീയ പാതയിലുള്ള മേല്‍പ്പാലത്തിലാണ് സംഭവമുണ്ടായത്.
എന്‍ജിനില്‍ തീ പിടിക്കുകയും വൈകാതെ തന്നെ വാഹനം മുഴുവനായി വ്യാപിക്കുകയുമായിരുന്നു. എന്നാല്‍ പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ വാഹനം നിര്‍ത്തിയ ഡ്രൈവര്‍ ആംബുലന്‍സിലുണ്ടായിരുന്ന ഗര്‍ഭിണിയെയും കുടുംബത്തെയും പുറത്തിറക്കിയ ശേഷം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി നിര്‍ത്തി. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.
ആംബുലന്‍സില്‍ തീപടരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശക്തമായ സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ ചില വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
#ambulancefire #accident #nearmiss #pregnantwoman #Maharashtra #India
Pregnant Woman Has Narrow Escape As Oxygen Cylinder In Ambulance Explodes in Jalgaon of Maharashtra. pic.twitter.com/PvQPkQZJEY
— Aditya Raj Kaul (@AdityaRajKaul) November 13, 2024