city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇനി 9 ദിനങ്ങള്‍ മാത്രം; ശബരിമല വിഷയം സങ്കീര്‍ണ്ണമാകുന്നു

പത്തനംതിട്ട: (www.kasargodvartha.com 09.10.2018) ശബരിമലയിലെ യുവതീ പ്രവേശന വിഷയം സങ്കീര്‍ണ്ണമാകുന്നു. തുലാമാസ പൂജയ്ക്കായി നട തുറക്കാന്‍ ഇനി ഒമ്പത് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. മാസ പൂജയ്ക്കായി നട തുറക്കുമ്പൊള്‍ തന്നെ യുവതികള്‍ എത്തിയാല്‍ അവരെ ശബരിമലയിലേക്ക് കയറ്റി വിടാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുക്കങ്ങള്‍ നടത്തുകയാണ്. എന്നാല്‍ നിലവിലെ ആചാരം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഭക്തര്‍ നടത്തുന്ന സമരത്തിന്റെ രൂപം മാറുകയാണ്. ഇരുവിഭാഗവും വിട്ടുവീഴ്ച്ചയില്ലാതെ നീങ്ങുന്നത് സ്ഥിതി കലുഷിതമാക്കിയെക്കുമെന്നാണ് പോലീസ് നിഗമനം.

ഭക്തര്‍ നടത്തുന്ന നാമജപ പ്രതിഷേധ യാത്രകളിലെ വന്‍ ജനക്കൂട്ടം സര്‍ക്കാരിനെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇതിലെല്ലാം യുവതികളായ സ്ത്രീകളാണെന്നതാണ് മറുഭാഗത്തെ ആശങ്കപ്പെടുത്തുന്നത്. കേവലം സാമൂഹ മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പ് മാത്രം കണ്ടാണ് ഭക്തര്‍ കൂട്ടമായി എത്തുന്നത്. സംസ്ഥാന വ്യാപകമായി നാമജപയാത്രകള്‍ നടന്ന് വരികയാണ്. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറക്കുന്നത് ഒക്ടോബര്‍ 17ന് വൈകിട്ട് അഞ്ചിനാണ്. കോടതി വിധി വന്ന ശേഷമുള്ള ആദ്യ നട തുറക്കലാണ് അന്ന്. ഒക്ടോബര്‍ 22 വരെ നട തുറന്നിരിക്കും. ശബരിമല നടയിലെയും മാളികപ്പുറത്തേയും മേല്‍ശാന്തിമാരെ നറുക്കിട്ടെടുക്കേണ്ടത് ഒക്ടോബര്‍ 18 ന് ആണ്. ഇതിനുള്ള നടപടികള്‍ ബോര്‍ഡ് എടുത്തു വരികയാണ്.

സര്‍ക്കാര്‍ കോടതി വിധി നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ വിഷയം ഓരോ ദിവസം കഴിയുംതോറും സങ്കീര്‍ണ്ണമാകുകയാണ്. യുവതികളായ സ്ത്രീകളുടെ സാന്നിദ്ധ്യം മാസ പൂജയ്ക്ക് വലിയ തോതില്‍ ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. സംസ്ഥാനത്ത് വന്‍ പ്രതിഷേധം നടക്കുന്നതിനാല്‍ വിശ്വാസികളായ യുവതികള്‍ തുലാമാസ പൂജയ്ക്ക് എത്താന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ ഒറ്റപ്പെട്ട് ആരെങ്കിലും എത്തിയാല്‍ അവരെ കയറ്റി വിടാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട് താനും. അങ്ങനെയെത്തുന്നവരെ തടയുന്നതിനുള്ള നീക്കത്തിലാണ് അയ്യപ്പഭക്തസംഘടനകളും.

അതിനിടെ നാമജപ പ്രതിഷേധത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന സമരത്തിന്റെ രൂപവും ഭാവവും നിര്‍ണ്ണായക ദിനം അടുത്തതോടെ മാറുന്നതും സര്‍ക്കാര്‍ നിരീക്ഷിച്ച് വരുന്നുണ്ട്. പ്രതിഷേധം ശബരിമല പൂങ്കാവനത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ കുടില്‍ കെട്ടി ആരംഭിച്ച സമരം. ശബരിമല പൂങ്കാവനത്തിലെ ആദിവാസി വിഭാഗങ്ങളുടെ പിന്തുണയും നിലയ്ക്കലിലെ സമരത്തിനുണ്ട്. 1983ല്‍ നിലയ്ക്കലില്‍ കുരിശ് സ്ഥാപിച്ച് താല്‍ക്കാലിക പള്ളി സ്ഥാപിച്ചതിനെതിരെ നടത്തിയ പ്രസിദ്ധമായ നിലയ്ക്കല്‍ സമരത്തിന്റെ മാതൃകയിലുള്ള പ്രക്ഷോഭത്തിനാണ് സംഘടനകള്‍ തയ്യാറെടുക്കുന്നത്. നിലയ്ക്കല്‍, എരുമേലി, പമ്പ എന്നിവിടങ്ങള്‍ താവളമാക്കി സമരം നടത്തുന്നതിലാണ് ഭക്തസംഘടനകള്‍ ഇനി ശ്രദ്ധ പുലര്‍ത്തുകയത്രെ.

എന്‍ എസ് എസ് തിങ്കളാഴ്ച പുനപരിശോധനാ ഹര്‍ജി നല്‍കിയത് ഇവര്‍ക്ക്് കൂടുതല്‍ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. ബി ജെ പിയും ചൊവ്വാഴ്ച മുതല്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നു. സംഘപരിവാറില്‍ ഉള്‍പ്പെട്ട സംഘടനകളും പരിവാറിന് പുറത്തുള്ള സംഘടനകളും സമരമുഖം തുറക്കുന്നതിനെ എങ്ങനെ നേരിടണമെന്നാണ് സര്‍ക്കാര്‍ ആലോചന. തുലാമാസ പൂജ നടക്കുന്ന അഞ്ച് ദിവസങ്ങള്‍ കടന്ന് കിട്ടിയാല്‍ പിന്നെ ഒരു മാസത്തെ സാവകാശം സര്‍ക്കാരിന് ലഭിക്കും. മണ്ഡലകാല ഉത്സവത്തിനായി ശബരിമല നട നവംബര്‍ 16ന് ആണ് തുറക്കുന്നത്. ഇടയ്ക്കുള്ള ഒരു മാസത്തിനുള്ളില്‍ സമവായ അന്തരീക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുണ്ട്.

ഇനി 9 ദിനങ്ങള്‍ മാത്രം; ശബരിമല വിഷയം സങ്കീര്‍ണ്ണമാകുന്നു

Keywords:  Kerala, Pathanamthitta, news, Religion, Sabarimala, Protest, court, 9 days to go: Sabarimala Religious protest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia