എന്താണ് ശരിക്കും റമദാനിന്റെ ആത്മ സത്ത?
Apr 4, 2022, 23:32 IST
നിസാർ പെറുവാഡ്
(www.kasargodvartha.com 04.04.2022) ഇന്ന് രാവിലെ ഉണർന്നത് കോയമ്പത്തൂർകാരനായ സുഹൃത്ത് കാർത്തിക്കിന്റെ ഫോൺ വിളി ശബ്ദം കേട്ടിട്ടാണ്. എടുത്ത ഉടനെ ഹാപ്പി റമദാൻ പറഞ്ഞു. ആശംസക്കു നന്ദി പറഞ്ഞ ശേഷം റമദാനോടൊപ്പം ഹാപ്പി ചേർക്കുന്നതിന്റെ അനൗചിത്യം അദ്ദേഹത്തോട് പങ്ക് വെച്ചു. മീഡിയയിലൂടെ നിരന്തരം പ്രക്ഷേപണം ചെയ്യുന്ന പരിപാടികളും നാട്ടിലെ മുസ്ലിംകളുടെ തന്നെ ശീലങ്ങളും ആചാരങ്ങളും പൊതു ബോധത്തിലേക്കു തെറ്റായ സന്ദേശങ്ങൾ പകർന്നു നൽകുന്നു എന്നതാണ് യാഥാർഥ്യം.
പത്രങ്ങളിലും ടി വികളിലും ഓൺലൈൻ ചാനലുകളിലും നിരന്തരം വിവിധ നോമ്പുതുറ, അത്താഴ വിഭവങ്ങളുടെ വിവരണങ്ങൾ. ഇതെല്ലാം കാണുന്നവർ ഈ മാസത്തെ ആഘോഷത്തിന്റെ മാസമായി തെറ്റിദ്ധരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അതിനിടയിൽ വിശ്വാസികൾ ചെയ്യുന്ന ധാനധർമങ്ങൾ ശ്രദ്ധയിൽ പെടാതെയും പോകുന്നു.
എന്താണ് ശരിക്കും റമദാനിന്റെ ആത്മ സത്ത?
റമദാൻ ഇസ്ലാമിക കലണ്ടറായ ഹിജ്രയിലെ ഒൻപതാം മാസമാണ്. ചാന്ദ്രമാസം ആയതിനാൽ 29 അല്ലെങ്കിൽ 30 ദിവസം കാണും. പ്രവാചകൻ മുഹമ്മദിന് ദിവ്യ ഗ്രന്ഥമായ ഖുർആൻ വെളിപാടിനു തുടക്കം ഈ മാസത്തിലായത് കൊണ്ടാണ് പ്രഭാതം മുതൽ പ്രദോഷം വരെ ഒരു മാസം മുഴുവൻ വിശ്വാസികൾ അന്ന പാനീയങ്ങൾ മുഴുക്കെ വെടിഞ്ഞു കൊണ്ട് വ്രതമനുഷ്ടിക്കുന്നത്. കുടിവെള്ളമടക്കം ഭക്ഷണ പദാർഥങ്ങളിൽ നിന്ന് മാത്രമല്ല എല്ലാ ദേഹേച്ഛകളിൽ നിന്നും കാമനകളിൽ നിന്നും പകലന്തിയോളം അവർ വിട്ടു നിൽക്കണം.
ഈ പരിശുദ്ധ മാസം അഗതികളെയും അശരണരെയും സഹായിക്കാനും അവരെ വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും ദൂഷിത വലയത്തിൽ നിന്നും മോചിപ്പിക്കാനുമാണ്. തന്റെ മിച്ചവും സാമ്പാദ്യവും എത്ര തന്നെ ചെറുതാവട്ടെ, തന്നെക്കാൾ കഷ്ടപ്പാടിൽ വളരുന്നവരെ സഹായിക്കാൻ വിശ്വാസികൾ ഈ മാസം കൂടുതൽ പ്രയോജനപ്പെടുത്തുന്നു. വർഷം തോറും തന്റെ വരുമാനത്തിന്റെ കണക്കെടുപ്പ് നടത്തി ധനത്തിന്റെ നിശ്ചിത അംശം നിബന്ധിത ദാനമായി നൽകൽ മുസ്ലിമിന്റെ മതപരമായ ബാധ്യതയാണ്. ദൈവത്തിന്റെതാണ് മുഴുവൻ ധനവും. തന്നെ അതിൽ ചെറിയൊരു അംശത്തിന്റെ സൂക്ഷിപ്പുകാരനാക്കിയ ദൈവത്തിന്റെ ആജ്ഞ അനുസരിച്ചു ദാരിദ്രർക്കുള്ള വിഹിതം നൽകാൻ ഈ പുണ്യ മാസത്തെ അവർ തെരെഞ്ഞെടുക്കുന്നു.
നിശ്ചിത ശതമാനത്തിലുള്ള നിർബന്ധ ദാനത്തിനപ്പുറം പലരും കൂടുതലായി തന്നെ കാരുണ്യത്തിന്റെ കെട്ടഴിച്ചു ഇല്ലാത്തവന്റെ കഷ്ടപ്പാട് മാറ്റാൻ മുന്നോട്ടു വരുന്നു. ദിവ്യ ഗ്രന്ഥം മുഴുവനായി പാരായണം ചെയ്തും രാത്രി പതിവിലും കൂടുതലായി പ്രാർത്ഥനകളിൽ മുഴുകിയും അവർ റമദാനിന്റെ ആത്മ ചൈതന്യത്തെ നെഞ്ചേറ്റുന്നു, താനുൾപ്പടെയുള്ള മനുഷ്യകുലത്തിന്റെയും പ്രപഞ്ചമാസകലത്തിന്റെയും സൃഷ്ടാവിനോട് കൂടുതൽ അടുക്കുന്നു. ചുരുക്കത്തിൽ ദാനധർമങ്ങളിലൂടെ അവൻ സാമ്പാദിച്ച ധനത്തെയും അന്ന പാനീയങ്ങൾ വെടിയുന്നതിലൂടെയും അവന്റെ ശരീരത്തയും കൂടുതൽ പുണ്യ പ്രവർത്തികളിലൂടെ അവന്റെ ആത്മാവും ശുദ്ധീകരിക്കാൻ ഓരോ വിശ്വാസിക്കും ഒറ്റക്കും കൂട്ടായും റമദാൻ മാസം പ്രത്യേകം അവസരം നൽകുന്നു. ആർത്തിയോടെ വിശ്വാസികൾ സമയം ഉപയോഗപ്പെടുത്തുന്നു.
ഒരു മാസത്തെ വൃതം ശുദ്ധിയുടെ നിറവിൽ അടുത്ത മാസം ശവ്വാൽ ഒന്നിന് മുസ്ലിംകൾ അമിതാഘോഷമില്ലാതെ പെരുന്നാൾ കൊണ്ടാടുന്നു. അന്ന് വെളുപ്പിന് എല്ലാവരും തുറസ്സായ സ്ഥലത്തു ഒത്തു കൂടി പരസ്പരം ആശ്ലേഷിച്ചും അഭിവാദ്യങ്ങൾ അർപ്പിച്ചും അയൽ വീടുകളിലും ബന്ധു ജനങ്ങളുടെയടുത്തും സന്ദർശനം നടത്തി സാമൂഹ്യ ബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കുന്നു ശവ്വാൽ ഒന്നിന് വരുന്ന ഈദുൽ ഫിതർ അല്ലെങ്കിൽ ചെറിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈ ദിവസത്തെ മലയാളികൾ പലരും റംസാൻ എന്ന് തെറ്റായി പരാമർശിക്കാറുണ്ട്. റംസാൻ അവധി, റംസാൻ ആശംസ എന്നൊക്കെ.
നാമാരും പൂർണരല്ല. പൊറുക്കലിന്റെയും പാപ മോചനത്തിന്റെയും കൂടി മാസമാണ് വിശുദ്ധ റമദാൻ. എന്റെ പക്കൽ നിന്ന് അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റു വന്നുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ആത്മാർത്ഥമായി എല്ലാ സുഹൃത്തുക്കളോടും ഇത്തരുണത്തിൽ അഭ്യർത്ഥിക്കുന്നു. ലോകത്തെ ഓരോ മനസിലും ശാന്തിയുടെയും സമാധാനത്തിന്റെയും നൂറു പൂക്കൾ വിരിയട്ടെ.

Keywords: News, Kerala, National, Article, Top-Headlines, Ramadan, Islam, People, What exactly is the essence of Ramadan?.
< !- START disable copy paste -->