city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramadan Blessings | റമദാൻ്റെ വരദാനം: ഗൃഹസന്ദർശനവും സക്കാത്തിൻ്റെ പവിത്രതയും; വീട്ടിലെത്തുന്നവരെ തുറന്ന മനസോടെ സ്വീകരിക്കാം

Representational Image Generated by Meta AI

● റമദാൻ മാസത്തിൽ സക്കാത്ത് നൽകുന്നത് പുണ്യകർമ്മമാണ്.
● ഗൃഹസന്ദർശനത്തിലൂടെയുള്ള സക്കാത്ത് വിതരണം സ്നേഹബന്ധങ്ങൾ വളർത്തുന്നു.
● സക്കാത്ത് നൽകുന്നതിലൂടെ പാവപ്പെട്ടവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നു.
● ഗൃഹസന്ദർശനം സ്നേഹബന്ധം വളർത്തുന്നു.

കൂക്കാനം റഹ്‌മാൻ 

(KasargodVartha) ഒരുപാട് പുണ്യങ്ങൾ പൂക്കുന്ന മാസമാണ് റമദാൻ മാസം. വൃതാനുഷ്ഠാനത്തോടെ ആരാധനയിൽ മുഴുകി നിൽക്കുന്ന സമയം. ആ ആരാധനയിൽ പ്രധാനപ്പെട്ട ഒന്നാണ് ദാനധർമ്മം. അതിനെ സക്കാത്ത് എന്നാണ് പറയാറുള്ളത്. സാധാരണയുള്ള സമയങ്ങളിലും ദാനധർമ്മങ്ങൾ ചെയ്യാറുണ്ടെങ്കിലും ഈ മാസം അല്പം കൂടുതലാണ്. ദാരിദ്ര കുടുംബത്തിലെ സ്ത്രീകളും പുരുഷൻമാരും അതിന് വേണ്ടി വീടുകൾ കയറി ഇറങ്ങുക പതിവാണ്. പരിചയമുള്ള വീടുകളിൽ ആവും അവർ അധികവും കടന്നു ചെല്ലാറുള്ളത്. അതിൽ ബന്ധുക്കളും അല്ലാത്തവരും ഉണ്ടാകും. 

നാടും വീടും കടന്നു വരുന്നവരെയും കാണാം. ഇങ്ങനെ സക്കാത്ത് സ്വീകരിക്കാനായി വീടുകൾതോറും കയറി ഇറങ്ങുന്ന സഹോദരീസഹോദരന്മാരെ ചിലർ അവഹേളനയോടെയാണ് വീക്ഷിക്കുക. വീട്ടിലിരുന്നാൽ മതി സക്കാത്ത് ശേഖരിച്ച് വീടുകളിൽ എത്തിച്ചു തരാം എന്ന് നിർദ്ദേശിക്കുന്ന സമുദായ സംഘടനകളുമുണ്ട്. എന്നാൽ ഇത് രണ്ടിനേക്കാളും മഹത്വമുള്ളതാണ് ഗൃഹസന്ദർശനവും സക്കാത്ത് സ്വീകരിക്കലും. 

The Blessing of Ramadan: Home Visits and the Sanctity of Zakat; Welcoming Visitors with Open Hearts

നോമ്പ് രണ്ട് തുടങ്ങിയതു മുതൽ എൻ്റെ വീട്ടിലേക്ക് സക്കാത്ത് സ്വീകരിക്കാൻ ആളുകൾ വന്നു തുടങ്ങി. ദിവസം പത്തിലധികം ആളുകൾ വന്നു കൊണ്ടിരിക്കുന്നുണ്ട്. അവരിൽ മിക്കവരും വർഷംതോറും വരുന്നവരാണ്. സ്നേഹ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ ഇത്തരം സന്ദർശനങ്ങൾ സഹായമാകുമെന്നാണ് എൻ്റെ പക്ഷം. വരുന്നവർ യാചകന്മാരെ പോലെ കൈ നീട്ടി എന്തെങ്കിലും വാങ്ങി പോകുന്നവരല്ല. അവർ കളത്തിലോ വരാന്തയിലോ വന്നിരിക്കുന്നു. സുഖവിവരങ്ങൾ പരസ്പരം പങ്കുവെക്കുന്നു. ഒരു വർഷത്തിനുള്ളിൽ വീട്ടിലും നാട്ടിലുമുണ്ടായ മാറ്റങ്ങൾ അവരുടെ ചർച്ചയിലേക്ക് വരുന്നു. 

വരുന്നവരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. അവർ ഭാര്യയുമായി അകലം പാലിക്കാത്ത വിധത്തിൽ സൗഹൃദസംഭാഷണം നടത്തുന്നത് ഞാൻ വീക്ഷിച്ചിട്ടുണ്ട്. അഞ്ചോ പത്തോ മിനുട്ട് സംസാരിച്ചേ അവർ ഗേറ്റ് കടന്നുപോകൂ. സംസാരത്തിനൊടുവിൽ ഒരു നിശ്ചിത തുക ഓരോവ്യക്തിക്കും നൽകും. സുസ്മേര വദനത്തോടെ ബിസ്മി ചൊല്ലി തുകയും വാങ്ങി അവർ പോകും. നോമ്പുനോറ്റ് അസഹ്യമായ ചൂട് സഹിച്ച് വീടുകളിലെത്തുന്നവരോട് സന്തോഷത്തോടെ പെരുമാറേണ്ടത് മനുഷ്യത്വപരമായ കടമയാണ്. 

ഈ മാസം ഇങ്ങിനെ ഗൃഹസന്ദർശനം നടത്തുന്നത് ഏറ്റവും അനുയോജ്യമായതാണ്. വീട്ടുകാർക്ക് വരുന്ന സന്ദർശകരെ സൽക്കരിക്കേണ്ട ആവശ്യം വരുന്നില്ല. വരുന്നവർക്കും അതൊരു ഉപകാരമാണ്. റംസാൻ മാസം ആഗതമാകുന്നതിന് മുമ്പ് തന്നെ സക്കാത്ത് നൽകേണ്ട തുക സംഘടിപ്പിച്ചു വെക്കാൻ വീട്ടുകാരി നിർബന്ധിക്കും. ബാങ്കിൽ ചെന്ന് പുതിയ നോട്ട് വാങ്ങി വെക്കാനാണ് ആവശ്യപ്പെടുക. പുതിയ നോട്ട് കൊടുക്കുന്നതിൽ സംതൃപ്തി കൂടുതലാണ്. വരുന്നവർക്കെല്ലാം ഒരേ വാല്യു ഉള്ള തുകകൊടുക്കാറാണ് പതിവ്. കയ്യിലേക്ക് ചുരുട്ടി വെച്ചാണ് നൽകുക. 

ചിലർ പഴയ ഡ്രസ്സുണ്ടോ എന്നന്വേഷിക്കും. കഴിയുന്നത്ര പഴയ ഡ്രസ്സുകൾ കൊടുത്ത് ഒഴിവാക്കാനും ഇതൊരവസരമാണ്. വർഷങ്ങൾക്കുമുമ്പ് സക്കാത്തായി ധാന്യമാണ് നൽകിയിരുന്നത്. നെല്ലോ, അരിയോ ഒരു നിശ്ചിത അളവിൽ നൽകും. ഇന്നാർക്കും ധാന്യം വേണ്ടല്ലോ. കൊടുക്കാനും ബുദ്ധിമുട്ട് വരുന്നവർക്ക് സ്വീകരിക്കാനും ബുദ്ധിമുട്ട്. തുകയാവുമ്പോൾ രണ്ടു കൂട്ടർക്കും എളുപ്പവുമാണ്. ദാരിദ്ര്യാവസ്ഥയിലുള്ളവരാണ് ഇങ്ങിനെ ഇറങ്ങിനടന്ന് ഗൃഹസന്ദർശനം നടത്തുന്നത് എന്ന കാഴ്ചപ്പാട് മാറണം. 

സൗഹൃദം പുതുക്കാനും ബന്ധുത്വം ഊട്ടിയുറപ്പിക്കാനും എല്ലാവർക്കു റംസാൻ കാലം ഏറ്റവും അനുയോജ്യമായതാണ്. ആ ഒരു വീക്ഷണത്തോടെ കണ്ടാൽ സ്നേഹ ഗൃഹ സന്ദർശനം മഹത്തരമായി മാറും. ഇതിലും കള്ളനാണയങ്ങൾ ചിലപ്പോൾ കണ്ടു വരാറുണ്ട്. പർദ മറയാക്കിക്കൊണ്ട് പുരുഷന്മാരും നോമ്പനുഷ്ഠിക്കാത്ത വിഭാഗത്തിലെ സ്ത്രീകളും സക്കാത്ത് ലഭിക്കുമെന്നുള്ളതിനാൽ വീടുകൾ സന്ദർശിക്കാരുണ്ട്. അവരെ തിരിച്ചറിഞ്ഞു അകലം പഠിക്കുന്നതാണ് നല്ലത്. എന്നാൽ, സഹായിക്കേണ്ടവരെ സഹായിക്കുകയും വേണം.

 

Ramadan is a month of blessings, and Zakat (charity) is a significant part of it. The practice of those in need visiting homes to receive Zakat is common. While some view this negatively, the author believes these visits strengthen relationships. Visitors are welcomed, share news, and receive Zakat with gratitude. Treating those who visit during the fast with kindness is a human duty. Ramadan is an ideal time to renew friendships and reinforce bonds, viewing these home visits with affection.

#Ramadan #Zakat #Charity #HomeVisits #BlessingsOfRamadan #Community

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub