city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുറ്റത്തെ പായക്ക് മണമുണ്ട്

നോമ്പ് അനുഭവം: എം എ ഖാസിം മുസ്ലിയാര്‍

(www.kasargodvartha.com 08.06.2016) നാട്ടുകാരനും പ്രിയ സുഹൃത്തുമായ എസ് കെ എസ് എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറി ബെളിഞ്ചം റഷീദ് മുഖേനയാണ് എം എ ഖാസിം മുസ്ലിയാരുടെ അടുത്തെത്തുന്നത്. കുമ്പള ബദ്രിയാ നഗറിലെ ഇമാം ശാഫിഈ അക്കാദമിയുടെ ശില്‍പിയും വാഗ്മിയുമായ ഖാസിം മുസ്ലിയാരുടെ പുതുമ നിറഞ്ഞ പഴമയുടെ റമദാന്‍ സ്മരണകള്‍ ചിന്താര്‍ഹനീയമാണ്.

മറ്റു കൂട്ടുകാരെപ്പോലെ വലിയ ആവേശമായിരുന്നു കുട്ടിക്കാലത്തെ റമദാന്‍ വരവ്. നോമ്പിന്റെ മഹാത്മ്യം മനസിലാക്കിയല്ല ഈ ആവേശം. ഭോജന പ്രിയമായിരുന്നു ഇതിനു പിന്നില്‍. റമദാനായാല്‍ സ്വാദിഷ്ഠമായ ഭക്ഷണങ്ങളുടെ നിരയോര്‍ത്താണ് റമദാന്‍ വരവ് പ്രതീക്ഷിക്കാറ്. സോജിയും പത്തിരിയും സേമ്യയുമാണ് അന്നത്തെ റമദാന്‍ സ്‌പെഷ്യല്‍.

മുറ്റത്ത് പായിടുന്ന സമ്പ്രദായത്തെ കുറിച്ച് പറയുമ്പോള്‍ ഖാസിം ഉസ്താദിന്റെ മുഖത്ത് ആനന്ദം വിരിയുന്നു. വീടിന്റെ അടുക്കളപ്പുറത്ത് പായ വിരിച്ച് ഉമ്മയ്‌ക്കൊപ്പം ഇരുന്ന് മഗ് രിബ് മുതല്‍ തറാവീഹ് കഴിയുന്നത് നിസ്‌കാരവും ദിഖ്‌റുമായി കഴിഞ്ഞ് കൂടും. ഉമ്മയുടെ നേതൃത്വത്തിലാണ് നടക്കാറ്. വല്യുമ്മയുടെ കഥകള്‍ കേട്ട് ചിരിച്ച് രസിക്കും. നിസ്‌കാരത്തിന്റെ മസ്അലകളും മറ്റും ഉമ്മയാണ് പറഞ്ഞു കൊടുക്കാറ്.

ഉപ്പ ചിലപ്പോഴാണ് ഉണ്ടാവുക. പ്രമുഖ പണ്ഡിതനും മുദരിസുമായിരുന്ന അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരാണ് ഖാസിം ഉസ്താദിന്റെ പിതാവ്. പിതാവുണ്ടെങ്കില്‍ കളിയും തമാശയും നിര്‍ത്തിവെക്കും. അന്ന് പിതാവ് തന്നെയായിരിക്കും എല്ലാറ്റിനും നേതൃത്വം. ളുഹ്‌റിനും അസര്‍ നിസ്‌കാരത്തിനുമാണ് പള്ളിയില്‍ പോകുന്നത്. മറ്റ് നിസ്‌കാരങ്ങള്‍ മുറ്റത്തെ പായയില്‍ തന്നെയാണ് നിര്‍വഹിക്കാറുള്ളത്.

കൊച്ചുകൊച്ചു മസ്അലകളും മറ്റ് ദീനീ കാര്യങ്ങളുമെല്ലാം മുറ്റത്തെ പായയിലിരുന്ന് ഉമ്മയില്‍ നിന്ന് പഠിച്ചെടുത്ത ഓര്‍മ ഖാസിം ഉസ്താദ് അയവിറക്കുമ്പോഴാണ് മുറ്റത്തെപ്പായക്ക് മണമുണ്ടെന്ന് മനസ്സിലാകുന്നത്. പ്രത്യേക ദിവസങ്ങളില്‍ മാത്രമേ കുട്ടിക്കാലത്ത് ഉമ്മ നോമ്പെടുക്കാന്‍ നിര്‍ബന്ധിക്കുകയുള്ളൂ. ആദ്യത്തെ മൂന്ന് നോമ്പ് പിടിക്കല്‍ നിര്‍ബന്ധമാണ്. പിന്നെ വെള്ളിയാഴ്ച ദിവസവും മറ്റ് പ്രധാന ദിനങ്ങളിലമാണ് നോമ്പനുഷ്ടിക്കാന്‍ പറയാറുള്ളത്.

പഠനത്തിലും മറ്റ് ആരാധന കാര്യത്തിലും ഉമ്മയുടെ നിലപാട് കര്‍ക്കശ്യമാണ്. ഖുര്‍ആന്‍ ഓത്തും കൈഫിയത്ത് സ്വലാത്ത്, മുതഫരിദുമെല്ലാം ഉമ്മയില്‍ നിന്നാണ് പഠിച്ചത്. ഖുര്‍ആനിലെ നിശ്ചിത ഭാഗങ്ങള്‍ ഓതാന്‍ പറഞ്ഞ് ഉമ്മ വീട്ടുവേലക്ക് പോയാല്‍ ഓത്ത് നിര്‍ത്തി കളിക്കാനിറങ്ങിയാല്‍ ഉമ്മ കൈയ്യോടെ പിടികൂടി വിചാരണ ചെയ്യും. ഖുര്‍ആനിലെ ഓരോ ഭാഗങ്ങളും ഓതിത്തീര്‍ക്കാന്‍ ആവശ്യമായ സമയം ഉമ്മക്ക് നന്നായി അറിയാമായിരുന്നു.

പള്ളിയില്‍ പോയി നിസ്‌കരിക്കാനുള്ള അനുമതി കിട്ടിയതിന് ശേഷം അവിടെ നടക്കാറുള്ള വയളില്‍ പങ്കെടുക്കും. റമദാനില്‍ മൂന്ന് നേരം മതപ്രഭാഷണം നടക്കുന്ന പള്ളിയായിരുന്നു ഖാസിം ഉസ്താദിന്റെ മഹല്ല്. എല്ലാ ദിവസവും വ്യത്യസ്തവരുടെ പ്രസംഗം നടക്കും. പ്രഭാഷകര്‍ പറയുന്ന കാര്യങ്ങളെല്ലാം അതേ പടി പറയാനുള്ള പ്രത്യേക കഴിവ് ഖാസിം ഉസ്താദിന് ഉണ്ടായതിനാല്‍ എല്ലാം വീട്ടുകാര്‍ക്ക് പറഞ്ഞുകൊടുക്കും. ആവേശത്തോടെ ഉമ്മ എല്ലാം കേള്‍ക്കും.

കാസര്‍കോട് ഖാസിയായിരുന്ന അവറാന്‍ മുസ്ലിയാരുടെ അനുജന്റെ പ്രസംഗം ഉണ്ടാകുന്ന ദിവസങ്ങളില്‍ ഉമ്മ പ്രത്യേകമായും വിഷയങ്ങള്‍ ചോദിച്ചറിയും. നോമ്പ് തുറക്കുന്ന സമയങ്ങളില്‍ പള്ളിയില്‍ കൂട്ടുകാര്‍ക്കൊപ്പം നോമ്പുതുറ വിഭവങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കും. പള്ളിയില്‍ പത്തിരി, ഈത്തപ്പഴം, സോജി, കസ്‌കസ് സര്‍വത്ത് ഇതെല്ലാം മുതിര്‍ന്നവര്‍ വീതം വെച്ച് തരും. അതെല്ലാം ഓര്‍മകളില്‍ മിന്നിമറിയുന്ന കഥകളായി ഇന്നും ഖാസിം ഉസ്താദിന്റെ ചരിത്രത്തില്‍ ഉല്ലേഖിതമാവുന്നു.

പ്രഭാഷണ രംഗത്ത് ജന മനം കവര്‍ന്ന ഖാസിം മുസ്ലിയാരുടെ പ്രസംഗ കലക്ക് തുടക്കമിടുന്നത് വിശുദ്ധ റമദാനിലാണ്. കേട്ട വയള് പകര്‍ത്തിപറയാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിലും ജനങ്ങള്‍ക്ക് മുമ്പില്‍ നിന്ന് പ്രസംഗിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് ശരി. നാടായ മൊഗ്രാലിലെ പ്രമാണിയായിരുന്ന ഇദ്ദീന്‍ കുന്‍ച്ചയാണ് ഉസ്താദിന് വയള് പ്രശോഭിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിത്വം.

നാട്ടുകാര്‍ക്ക് പുറമെ റമദാനില്‍ പള്ളിയില്‍ അതിഥികളായി എത്തുന്നവര്‍ക്കും നോമ്പ് തുറ ഹാജിയാരുടെ വീട്ടിലാണ്. ദിവസവും വയളിന് ബുക്ക് ചെയ്ത് മുസ്ല്യാമാര്‍ മൊഗ്രാലിലെത്തും. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ഇവിടെ ഉണ്ട് എന്നതാണ് മൊഗ്രാലിലെത്താന്‍ കാരണം. സ്വാദിഷ്ഠമായ വിഭവങ്ങള്‍ ഹാജിയാര്‍ തയ്യാറാക്കും. ഒരു ദിവസം രാത്രിക്ക് വയള് പറയാനേറ്റ മുസ്ലിയാര്‍ക്ക് വരാന്‍ കഴിഞ്ഞില്ല. ഇശാ ബാങ്കിന് ശേഷമാണ് വയള് പറയേണ്ടത്. നാട്ടുകാര്‍ ബേജാറിലായി. ഇദ്ദീന്‍ കുന്‍ച്ച നേരെ ഖാസിം ഉസ്താദിന്റെ വീട്ടില്‍ ചെന്ന് വിഷയം ധരിപ്പിച്ചു. പൊതുജനങ്ങള്‍ക്കു മുമ്പില്‍ പ്രസംഗിച്ച് പരിചയമില്ലാത്ത ഉസ്താദ് ഹാജിയാരോട് വൈമനസ്യം പ്രകടിപ്പിച്ച് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും ഇദ്ദീന്‍ കുന്‍ച്ച വിട്ടില്ല.

എല്ലാ ധൈര്യവും ഹാജിയാര്‍ ഉറപ്പിച്ചു. ഒടുവില്‍ നാട്ടുകാരനായ അന്താഞ്ഞിയെ കൊണ്ട് വയള് പറയിപ്പിച്ചു. നാട്ടാര്‍ക്കെല്ലാം പെരുത്ത് ഇഷ്ടമായി. അന്താഞ്ഞിയെന്ന ആ മുതഅല്ലിമാണ് പിന്നീട് പ്രസംഗ വേദികളില്‍ എം എ ഖാസിം മുസ്ലിയാര്‍ എന്ന പേരില്‍ അറിയപ്പെട്ടത്. പിന്നീട് ജുമുഅത്ത് പള്ളിയിലും പ്രസംഗിക്കണമെന്ന ഇദ്ദീന്‍ കുന്‍ച്ചയുടെ നിര്‍ബന്ധ ബുദ്ധി അവിടെയും വിജയിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരും അഡ്യാര്‍ കണ്ണൂര്‍ മുഹമ്മദ് ഹാജിയും സി അബ്ദുല്ല മുസ്ലിയാരും ഖത്തീബായി സേവനം ചെയ്തിരുന്ന പള്ളിയില്‍ വയള് പറഞ്ഞ കാലം ഖാസിം മുസ്ലിയാര്‍ ഓര്‍ത്തെടുക്കുന്നു.


-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച


മുറ്റത്തെ പായക്ക് മണമുണ്ട്

Related Article:

റമദാന്‍ വയളിലൂടെ പട്ടിക്കാട്ടേക്ക്

പത്ത് ഖത്തം പാരായണം തീര്‍ത്തിരുന്ന കോളജ് വിദ്യാര്‍ത്ഥി

Keywords : Article, Ramadan, MA Qasi Musliyar, NKM Belinja, Ramadan Experience. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia