city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramadan | റമദാൻ: വിശുദ്ധിയുടെ വസന്തോത്സവത്തില്‍ ആത്മീയ വിജയത്തിന്‍റെ തീരത്തണയാം

/ ശംസുദ്ദീൻ കോളിയടുക്കം

(www.kasargodvartha.com) 
ഓരോ വർഷത്തെയും ശഅ്ബാൻ മാസത്തിലെ അവസാന ദിവസം ആകാശത്ത് ചന്ദ്രക്കല പ്രത്യക്ഷപ്പെടുന്നതോടുകൂടി പുണ്യറമദാൻ പുലരുന്നു. ലോകത്തെങ്ങുമുള്ള മുസ്ലിമീങ്ങള്‍ക്ക് ത്യാഗത്തിന്റെയും ആരാധനകളുടെയും രാപ്പകലുകളാണ് പിന്നീട്. പുണ്യ റമസാനില്‍ സൗഭാഗ്യത്തിന്റെ മൂന്നു പത്തുകള്‍ അല്ലാഹു വിശ്വാസികള്‍ക്ക് കനിഞ്ഞേകുന്നുണ്ട്. ഭക്തിനിര്‍ഭരമായ ദിനരാത്രങ്ങള്‍ കൊണ്ട് അനുഗ്രഹീതമാക്കപ്പെട്ട പരിശുദ്ധ റമസാലിലെ രണ്ടാമത്തെ പത്തിലൂടെയാണ് വിശ്വാസികൾ കടന്നു പോകുന്നത്.
  
Ramadan | റമദാൻ: വിശുദ്ധിയുടെ വസന്തോത്സവത്തില്‍ ആത്മീയ വിജയത്തിന്‍റെ തീരത്തണയാം

ഒന്നാമത്തെ പത്ത്, അല്ലാഹു അവന്റെ അനുഗ്രഹങ്ങള്‍ വാരിക്കോരി കൊടുക്കുന്ന പത്താണ്. രണ്ടാമത്തെ പത്ത്, പാപികള്‍ക്ക് പാപമോചനം തേടി റബ്ബിലേക്കടുക്കാനുള്ള പത്താണ്. മൂന്നാം പത്ത്, പാപമോചനം നേടിയ മനുഷ്യനു നരകമോചനം തേടാനും സ്വര്‍ഗ്ഗം ചോദിച്ചു വാങ്ങാനും അല്ലാഹു നല്‍കിയ പത്താണ്.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടക്കിവാണിരുന്ന അറേബ്യന്‍ മണലാരണ്യത്തില്‍ അന്ത്യപ്രവാചകനായ മുഹമ്മദ്‌ റസൂല്‍ (സ.അ ) ഏകദൈവ വിശ്വാസത്തിന്റെ തൂവെളിച്ചവുമായി കടന്നു വന്നു. ഇസ്‌ലാമിക കലണ്ടറായ ഹിജ്റയിലെ ഒമ്പതാമത്തെ മാസമാണ് റമദാൻ. ഇസ്‌ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമായാണ് റമസാനെ കരുതിപ്പോരുന്നത്.

പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞ് ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാന്‍ വിശ്വാസികള്‍ക്ക് കൈവന്ന സുവര്‍ണാവസരമാണ് പുണ്യ റമസാൻ. ഇസ്ലാം അനുശാസിക്കുന്ന നിര്‍ബന്ധ കര്‍മ്മങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് റമസാൻ മാസത്തിലെ വ്രതാനുഷ്ഠാനം. പകല്‍ ആഹാര നീഹാരാദികള്‍ ഉപേക്ഷിച്ചത് കൊണ്ടുമാത്രം റമസാനിന്റെ ലക്ഷ്യം പൂര്‍ത്തിയാവുന്നില്ല, മനസാ വാചാ കര്‍മ്മണാ എല്ലാ ദുഷ്ചെയ്തികളില്‍ നിന്നും അകന്നു നില്‍ക്കാനാണ് അല്ലാഹു കല്‍പ്പിക്കുന്നത്. ഈ പുണ്യമാസത്തില്‍ വ്രതാനുഷ്ടാനത്തോടൊപ്പം പള്ളികളിലും വീടുകളിലും ആരാധനയിൽ മുഴുകി വിശാസികള്‍ അല്ലാഹുവില്‍ അഭയം തേടുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ പ്രലോഭനങ്ങളില്‍ നിന്നും മുക്തി നേടിയാല്‍ മാത്രമേ വ്രതാനുഷ്ടാനത്തിന്റെ സത്ത സംരക്ഷിക്കപ്പെടുന്നുള്ളു.

ലോകത്തിനു വഴികാട്ടിയായി പരിണമിച്ച പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച പുണ്യറമസാനില്‍ ഐതിഹാസികമായ ബദര്‍ ദിനവും, ആയിരം മാസങ്ങളിലേക്കാള്‍ അനുഗ്രഹം ചൊരിയപ്പെടുന്ന 'ലൈലത്തുല്‍ ഖദര്‍' എന്ന പുണ്യരാവും വന്നുചേരുന്നു. രാത്രികാലങ്ങളിലെ തറാവീഹ് നമസ്കാരവും ഖുര്‍ആന്‍ പാരായണവും റമസാൻ മാസത്തിലെ അവസാനത്തെ പത്തില്‍ അനുഷ്ടിക്കുന്ന പള്ളിയിൽ ഇരുത്തവും റമളാനിന്റെ പരിപാവനത വര്‍ദ്ധിപ്പിക്കുന്നു. ദാന ധര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ മാസവും ഇത് തന്നെ.

പതിനൊന്ന് മാസത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനം മൂലം ആലസ്യം വന്ന ആന്തരികാവയവങ്ങള്‍ക്ക് വിശ്രമവും പുനര്‍ നിര്‍മാണാവസരവും ഇതുവഴി ലഭ്യമാകുന്നു. ഉപവാസത്തിന്റെ ആരോഗ്യപരമായ പ്രാധാന്യം ഇന്ന് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞതാണ്. നോമ്പ് രോഗങ്ങള്‍ക്ക് പരിചയാണ്. മിക്ക രോഗങ്ങളുടെയും ഉറവിടം വയറും ആമാശയവുമാണെന്നാണ് വൈദ്യശാസ്ത്ര സിദ്ധാന്തം. നോമ്പ് വഴി ഈ രംഗത്തും വലിയ പുരോഗതി നേടാനാവും. സമ്പന്നതയുടെ വിശാലതയില്‍ ജീവിക്കുന്നവര്‍ക്ക് പട്ടിണി കേട്ടുകേള്‍വി മാത്രമായിരിക്കും. അതനുഭവിച്ചറിയാന്‍ ഒരവസരവും ലഭിക്കില്ല. അത്തരമാളുകള്‍ക്ക് സമൂഹത്തെക്കുറിച്ചും മഹാഭൂരിപക്ഷത്തിന്റെ പരിതാവസ്ഥയെക്കുറിച്ചും കണിശമായ അവബോധം റമസാൻ നല്‍കുന്നു.

ഈ വിശുദ്ധിയുടെ വസന്തോത്സവത്തില്‍ ആത്മീയ വിജയത്തിന്‍റെ തീരത്തണയാന്‍ തയ്യാറെടുക്കുക . പാവങ്ങളെ കണ്ടറിയാനും അവര്‍ക്കുവേണ്ടി നിലക്കൊള്ളാനും ഇത് സമൂഹത്തെ പാകപ്പെടുത്തും. സമത്വസുന്ദരമായൊരു നവലോകത്തിന്റെ സൃഷ്ടിപ്പാണ് ഇതുവഴി സാധ്യമായിത്തീരുക. അങ്ങനെ ആരോഗ്യപരമായും സാമൂഹികമായും ആത്മീയമായും എന്നുവേണ്ട മനുഷ്യനുമായി ബന്ധപ്പെടുന്ന എല്ലാ തുറകളിലും നന്മയുടെ പൂത്തിരി കത്തിക്കുന്നു റമസാൻ ഓരോ നിമിഷത്തെയും ബോധപൂര്‍വ്വം ചെലവഴിക്കുക. ഈ പുണ്യമാസത്തിലും തുടര്‍ന്നും അല്ലാഹുവിന്റെ അനുഗ്രഹം എല്ലാ വിശ്വാസികളിലും ഉണ്ടാവട്ടെ.

Keywords:  Kerala, Article, Ramadan, Islam, Prayer, Prayer meet, Let's spiritual success in Ramadan.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia