city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമായ ദൈവികസ്മരണയിലേക്കും ആത്മീയ ഉയര്‍ച്ചയിലേക്കും നയിക്കാന്‍ റമദാന്‍ കാരണമാകണം: ഖലീല്‍ ഹുദവി

ദുബൈ: (www.kasargodvartha.com 06/06/2016) റമദാന്‍ ആത്മ സംസ്‌കരണത്തിലൂടെ ജീവിതത്തെ മാറ്റി എഴുതാനുള്ളതായിരിക്കണമെന്നും ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമായ ദൈവികസ്മരണയിലേക്കും ആത്മീയ ഉയര്‍ച്ചയിലേക്കും നയിക്കാന്‍ റമദാനില്‍ പ്രാപ്തരാകണമെന്നും പ്രഗല്‍ഭ പ്രഭാഷകനും യുവ പണ്ഡിതനുമായ ഖലീല്‍ ഹുദവി കല്ലായം അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മര്‍ഹബ യാ റമദാന്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സോഷ്യല്‍ മീഡിയകള്‍ മനുഷ്യ മസ്തിഷ്‌കത്തില്‍ നിറഞ്ഞാടുന്ന കാലമാണിത്. അത്തരം മീഡിയകളെ നന്മയുടെ വഴികളിലേക്ക് കൊണ്ടുവരാന്‍ നമുക്ക് കഴിയണം. ഒരാള്‍ ഒരു നന്മ അപ്ലോഡ് ചെയ്തു. പിന്നീട് അത് എത്ര പേരിലേക്കാണോ ഷെയര്‍ ചെയ്യപ്പെടുന്നത് അതിന്റെ പ്രതിഫലങ്ങളില്‍ നിന്നും ഒരംശം അപ്ലോഡ് ചെയ്തവരുടെ അക്കൗണ്ടിലേക്ക് എത്തുന്നു എന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. പരദൂഷണം പോലെയുള്ള കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാത്തവന് നോമ്പ് ഫലവത്താകില്ല. മനുഷ്യ ശരീരത്തിലെ ഓരോ അവയവത്തെയും തിന്മകളില്‍ നിന്നും അകറ്റി നിര്‍ത്തി അല്ലാഹുവിലേക്ക് അടുക്കുക എന്നതാണ് നോമ്പിന്റെ പര പ്രധാനമായ ലക്ഷ്യം.

പാവപ്പെട്ടവരും നിരാലംബരുമായ ലക്ഷക്കണക്കിന് മനുഷ്യര്‍ നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ടെന്ന ചിന്ത വിഷപ്പനുഭവിക്കുന്നതിലൂടെ മനുഷ്യനുണ്ടാകുന്നു. അതുമൂലം ഒരുസാമൂഹികബോധം അവനറിയാതെ അവന്റെ മനസ്സിലേക്ക് വരികയും വിഷപ്പനുഭവിക്കുന്നവന്റെ മാനസിക സ്ഥിതി മനസ്സിലാക്കാന്‍ അതുമൂലം അവന് സാധിക്കുകയും ചെയ്യും. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ കണ്ടെത്തി കാരുണ്യ പ്രവര്‍ത്തനം നടത്തുന്നതില്‍ കെ എം സി സി കാണിക്കുന്ന ആത്മാര്‍ത്ഥത ലോകത്തിനു തന്നെ മാതൃകയാണ്. ദാരിദ്ര്യവും പട്ടിണിയും ഒരുഭാഗത്ത് ഇപ്പോഴും നിലനില്‍ക്കുന്നു. ഒരുനേരത്തെ ഭക്ഷണത്തിന് ഗതിയില്ലാതെ കരയുന്ന ഒരാളും അയല്‍വീടുകളിലുണ്ടാവരുത്. ചെയ്യുന്ന ആരാധനകള്‍ക്ക് പതിന്‍മടങ്ങ് പ്രതിഫലം ലഭിക്കുന്ന റമദാനില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നമുക്ക് സാധിക്കണം- ഖലീല്‍ ഹുദവി കൂട്ടിച്ചേര്‍ത്തു.

ദുബൈ അല്‍ ബറഹ കെ എം സി സി ഹാളില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. കെ എം സി സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗിന്റെയും കെ എംസി സിയുടേയും കാരുണ്യ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി കെ എം സി സിയിലെത്തിയ പ്രമുഖ ബിസിനസുകാരന്‍ സൂഫി സ്റ്റാര്‍ ജനറല്‍ ട്രേഡിംഗ് എം ഡി ജി എസ് ഇബ്രാഹിം ചന്ദ്രംപാറക്ക് ദുബൈ കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ എം എ മുഹമ്മദ് കുഞ്ഞി, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ജില്ലാ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷെരീഫ് പൈക്ക, ജില്ലാ വൈസ് പ്രസിഡണ്ട് സി എച്ച് നൂറുദ്ദീന്‍, കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നേതാക്കളായ യൂസുഫ് മുക്കോട്, റഫീഖ് മാങ്ങാട്, എ ജി എ റഹ് മാന്‍, അയ്യൂബ് ഉറുമി, ഡോ. ഇസ്മാഈല്‍, ഒ എം അബ്ദുല്ല ഗുരുക്കള്‍, റഹീം താജ് ചെങ്കള, ഫൈസല്‍ മുഹ്‌സിന്‍ ദീനാര്‍, അസീസ് ബെള്ളൂര്‍, സുബൈര്‍ അബ്ദുല്ല, ഹനീഫ കുംബടാജ, റസാഖ് ബദിയടുക്ക, ഖാദര്‍ സര്‍ദാര്‍, അന്‍വര്‍ കാറഡുക്ക, ഷംസുദ്ദീന്‍ മാസ്റ്റര്‍ പാടലട്ക, അന്‍വര്‍ കുദുപ്പദവ് മുഗു റോഡ്, യൂസുഫ് മൗലവി, സുബൈര്‍ തളങ്കര, ഷാഫി കാളിവളപ്പില്‍, ഇഖ്ബാല്‍ അര്‍ളട്ക്ക, മുസമ്മില്‍ ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.

ഇ ബി അഹ് മദ് ചെടേക്കാല്‍, കരീം മൊഗര്‍, ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, മുനീഫ് ബദിയടുക്ക, റഹ് മാന്‍ പടിഞ്ഞാര്‍, സിദ്ദീഖ് ചൗക്കി തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. ഹനീഫ് കുമ്പടാജ ഖിറാഅത്ത് നടത്തി. ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമായ ദൈവികസ്മരണയിലേക്കും ആത്മീയ ഉയര്‍ച്ചയിലേക്കും നയിക്കാന്‍ റമദാന്‍ കാരണമാകണം: ഖലീല്‍ ഹുദവി


Keywords : KMCC, Gulf, Programme, Inauguration, Ramadan, Marhaba Ya Ramadan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia