കോവിഡ്: വിശ്വാസികൾ ജാഗ്രത പുലർത്തണം, നിസ്കാര സമയത്തും മാസ്ക് ഒഴിവാക്കരുത് - ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ
Apr 15, 2021, 22:40 IST
കാസർകോട്: (www.kasargodvartha.com 15.04.2021) കോവിഡിൻ്റെ കെടുതിയിൽ നിന്ന് നാടിനെ പൂർണമായി സംരക്ഷിക്കാൻ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് കാസർകോട് സംയുക്ത ജമാഅത് ഖാസി പ്രൊഫസർ കെ ആലിക്കുട്ടി മുസ്ലിയാർ ആഹ്വാനം ചെയ്തു. തറാവീഹ് നിസ്കാരവും മറ്റു പ്രാർഥനകളും പരമാവധി 10 മണിക്ക് അവസാനിക്കുന്ന വിധത്തിൽ സമയ ക്രമീകരണം നടത്തണമെന്നും നിസ്കാര സമയത്ത് പോലും മാസ്ക് ഒഴിവാക്കരുതെന്നും മുസല്ലയുമായി പള്ളിയിലെത്തുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പള്ളികൾ അടച്ചിടുകയും ആരാധനാ കർമങ്ങൾ വീടുകളിൽ ഒതുക്കേണ്ടി വരുകയും ചെയ്ത കഴിഞ്ഞ വർഷത്തെ റമദാൻ മാസം മറക്കാനാകാത്ത പാഠവും അനുഭവവുമാണ്. ഇത്തവണ റമദാൻ കടന്നു വന്നപ്പോൾ പള്ളികൾ ആരാധനാ കർമങ്ങൾ കൊണ്ടും സൃഷ്ടാവിനെക്കുറിച്ചുള്ള സ്തുതിപാഠങ്ങൾ കൊണ്ടും സജീവമായി. ഈ സൗഭാഗ്യം സൂക്ഷ്മതയോടെയായിരിക്കണം അനുഭവിക്കേണ്ടതും ഉപയോഗിക്കേണ്ടതും. ചുറ്റുപാടുകളിൽ കാണുന്നതും കേൾക്കുന്നതും ഭയാനകത നിറഞ്ഞ കാര്യങ്ങളാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് വരാൻ അധികാരികൾ തീരുമാനിച്ചിട്ടുണ്ട്. ഓരോ വ്യക്തിയും തൻ്റെ ജീവിതം സ്വയം നിയന്ത്രണത്തിന് വിധേയമാക്കിയാലെ കോവിഡിനോടുള്ള പോരാട്ടം ജയം കാണുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാറ്റിലും അച്ചടക്കവും നിയന്ത്രണവും ക്രമീകരണവും അത്യന്താപേക്ഷിതമാണ്. പള്ളികളിൽ പോകാൻ പറ്റാത്ത കഴിഞ്ഞ വർഷത്തെ സാഹചര്യത്തിൽ നിന്ന് മാറി റമദാനിലെ പ്രാർഥനകൾ പളളിയിലാകാമെന്ന അവസ്ഥ ഉണ്ടായതിന് സൃഷ്ടാവിനോട് വിശ്വാസികൾ നന്ദിയുള്ളവരായിരിക്കണം. വരാനിരിക്കുന്ന നാളുകളിലും ആരാധനാ കർമങ്ങൾ നിർവിഘ്നം തുടരാനുള്ള സാഹചര്യത്തിന് ഉള്ളുരുകി പ്രാർഥിക്കണം.
നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കുന്ന കാര്യത്തിൽ ജാഗ്രത പുലർത്തണം. മഹാമാരിയെ പിടിച്ചുകെട്ടുന്നതിന് അധികാരികൾ കൈക്കൊള്ളുന്ന നടപടികളോട് സർവാത്മനാ സഹകരിക്കണമെന്നും ഖാസി അഭ്യർഥിച്ചു.
കോവിഡ് നിഷ്കരുണം നാടിനെ നശിപ്പിക്കാനൊരുമ്പെട്ടാൽ ഇതുവരെ കണ്ടതിനെക്കാളും കടുത്ത നടപടികളിലേക്ക് അധികാരികൾ നീങ്ങിയേക്കാം. അത്തരം ഘട്ടങ്ങളിൽ പോലും മനുഷ്യൻ്റെ നിലനിൽപും നാടിൻ്റെ നന്മയും ഓർത്തു വിശ്വാസികൾ സംയമനവും നിയന്ത്രണവും പാലിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
Keywords: Kerala, News, Kasaragod, K.Aalikutty-Musliyar, COVID-19, Corona, Mask, Masjid, Ramadan, COVID: Believers should be careful; wear masks during prayers - Qasi Prof. Alikutty Musliar.