Community | ഈദുൽ ഫിത്വർ ദിനത്തിൽ ലഹരി വിമുക്ത സമൂഹത്തിനായി പ്രതിജ്ഞയെടുക്കാനും ഫലസ്തീൻ ജനതയ്ക്ക് വേണ്ടി പ്രാർഥിക്കാനും ആഹ്വാനം ചെയ്ത് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത്
● ലഹരി വിമുക്ത സമൂഹത്തിനായി വിശ്വാസികൾ മുന്നിട്ടിറങ്ങണം.
● ലോകമെങ്ങും അധികാര ഭ്രമത്താൽ ഭരണകൂടങ്ങൾ ആടിത്തിമർക്കുന്നു.
● പെരുന്നാൾ ആഘോഷം ഒരുമയുടെയും ഒത്തു ചേരലിന്റെയും വേദിയാക്കി മാറ്റണം.
കാഞ്ഞങ്ങാട്: (KasargodVartha) ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ കഠിന തപസ്യയിലൂടെ സമാർജ്ജിച്ചെടുത്ത വിശ്വാസപരവും സാംസ്കാരികവുമായ ഊർജ്ജത്തെ വരുന്ന 11 മാസത്തെ ജീവിത സംസ്കാരത്തിൻ്റെ വെളിച്ചവും തെളിച്ചവുമാക്കി മാറ്റാൻ വിശ്വാസി സമൂഹത്തിന് കഴിയേണ്ടതുണ്ടെന്നും അതിൻ്റെ സമുൽഘാടന ദിനമായി ഈദുൽ ഫിത്വർ സൗരഭ്യം പ്രസരിപ്പിക്കണമെന്നും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രസിഡന്റ് സി കുഞ്ഞഹമ്മദ് ഹാജി പാലക്കി, ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, ട്രഷറർ എം കെ അബൂബക്കർ ഹാജി എന്നിവർ ആഹ്വാനം ചെയ്തു.
ലോകമെങ്ങും അധികാര ഭ്രമത്താൽ ആടിത്തിമർക്കുന്ന അധികാരി വർഗ്ഗങ്ങളും ഭരണകൂടങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് വിധേയരായി നിസ്സഹായതക്കിടയിലും ചെറുത്തുനിൽപ്പിന്റെ പോരാട്ടം തുടർന്ന് വരുന്ന ആർത്തരായ ജനകോടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അവരുടെ ന്യായമായ നിലനിൽപ്പിനു വേണ്ടി പ്രാർത്ഥന നിർവഹിച്ചും പെരുന്നാൾ ആഘോഷം സാർത്ഥകമാക്കണമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
സ്വന്തം ജന്മ നാടിൻ്റെ വിമോചനത്തിനു വേണ്ടി പൊരുതുന്നവർ ഭീകരവാദികളും അവരുടെ സ്വാതന്ത്ര്യം കവർന്നെടുക്കാൻ പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെയും സ്ത്രീകളെയും വൃദ്ധരെയുമടക്കം മനുഷ്യരെ കൊന്നൊടുക്കുകയും അവരുടെ ആരാധനാലയങ്ങൾ ആതുരാലയങ്ങൾ പള്ളിക്കൂടങ്ങൾ ആവാസ കേന്ദ്രങ്ങൾ എന്നിവ ബോംബുകൾ വർഷിപ്പിച്ച് നശിപ്പിച്ച് നരക തുല്യമാക്കുന്നവർ രാജനീതിയുടെ വക്താക്കളുമായിത്തീരുന്ന പുതിയ കാലത്ത് എല്ലാ അനീതികൾക്കുമെതിരെ നിലകൊള്ളുകയും അധർമ്മത്തിന്റെ ശക്തികൾക്കു മേൽ ധർമ്മത്തിന്റെ പടച്ചട്ട സമ്മാനിക്കുകയും ചെയ്ത വിശുദ്ധ വേദഗ്രന്ഥാവതരണത്തിന്റെ ഓർമ്മപ്പെരുന്നാളായി ആചരിക്കപ്പെട്ട വ്രതമാസത്തിന്റെ സമാപ്തി കുറിച്ചുകൊണ്ട് കടന്നുവരുന്ന പെരുന്നാളിൽ എല്ലാ അധർമ്മത്തിന്റെയും ശക്തികൾക്കെതിരെ കർമ്മ പോരാട്ടങ്ങളുടെ മുന്നിൽ നിൽക്കാനും അത്തരം ധർമ്മ പോരാട്ടങ്ങൾക്ക് എല്ലാവിധ പിൻബലമേകാനും വിശ്വാസികൾക്ക് ബാധ്യതയുണ്ട്.
ഫലസ്തീനിലും ലോകത്തെ മറ്റു പല രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധങ്ങളായ സംസ്ഥാനങ്ങളിലും പീഡനങ്ങൾക്കും അടിച്ചമർത്തലുകൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ജനതക്ക് വിമോചനം സാധ്യമാകുന്ന ഒരു ദിനം വന്നെത്തുമെന്നും ആ ജനതക്ക് പ്രാർത്ഥന കൊണ്ടെങ്കിലും പിൻബലമേകിയവരായി ചരിത്രം നമ്മളെ അനുസ്മരിക്കാൻ നമ്മുടെ പെരുന്നാൾ ആഘോഷം പ്രയോജനപ്പെടണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
എല്ലാ ലഹരികളും നിഷിദ്ധമാണെന്ന് പഠിപ്പിച്ച വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോക സമൂഹത്തിലെ ഏറ്റവും വലിയ ലഹരി വിമുക്ത സമൂഹത്തെ വാർത്തെടുത്തത് വിശുദ്ധ ഖുർആനിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകിയ പ്രവാചകൻറെ ജീവിത കാലത്താണ്. നാളിതുവരെ മനുഷ്യരുപയോഗിച്ചിരുന്ന എല്ലാവിധ ലഹരികളെയും നിഷ്പ്രഭമാക്കുമാറ് പുതിയ കാലത്ത് കണ്ടെത്തിയ രാസ ലഹരി മനുഷ്യനെ മനുഷ്യനല്ലാതാക്കി തീർക്കുന്ന ഭീതിതവും ബീഭൽസവുമായ വാർത്തകളാണ് നാം ദിനേന ശ്രവിച്ചുകൊണ്ടിരിക്കുന്നത്.
പിതൃഹത്യയും മാതൃഹത്യയുമടക്കം രക്തബന്ധുക്കളെ തന്നെ കൊന്നൊടുക്കാനും മാതാവിനെയും സഹോദരിയെയും പിതാവിനെയും സഹോദരനെയും എല്ലാം കാമ പൂർത്തീകരണത്തിന് ഉപയോഗപ്പെടുത്താനും സാധ്യമാകും വിധം സാംസ്കാരിക അധഃപതനത്തിൻ്റെ പടുകുഴിയിൽ ആപതിച്ചു പോയ ഒരു സമൂഹത്തെയാണ് രാസ ലഹരി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ ബാല കൗമാര യൗവനങ്ങളെ കച്ചവട താൽപര്യത്തോടെ സ്വാധീനിക്കുന്ന ലഹരി മാഫിയ ഇനി ഒരു തലമുറയുടെ നിലനിൽപ്പ് പോലും അസാധ്യമാക്കുന്ന ചുറ്റുപാട് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന വാർത്തകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.
എല്ലാ കുറ്റകൃത്യങ്ങളും മതവിശ്വാസത്തിൽ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്ന മനുഷ്യരിൽ നിന്നും ഉണ്ടായിത്തീരുന്നതാണെന്നിരിക്കെ രാസ ലഹരിയുടെ ഉപയോഗത്തിനും വിപണനത്തിനും ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും മതവിശ്വാസത്തിന്റെ നാമം പേറുന്നവരെ മതത്തിൻ്റെ വക്താക്കളോ പ്രതിനിധികളോ ആയി വിലയിരുത്തുന്ന നിലയിലുള്ള പ്രതികരണം നടത്താനും മുന്നോട്ടുവരുന്ന ആളുകൾ വിഷയത്തിന്റെ മർമ്മം കാണുന്നവരോ അതിനനുസൃതമായി പ്രതികരിക്കുകയോ ചെയ്യുന്നവരല്ല എന്ന് നാം മനസ്സിലാക്കേണ്ടത് ഉണ്ട്. വിഷയത്തിന്റെ മർമ്മം മതം നിഷിദ്ധമാക്കിയ തെറ്റുകൾ ചെയ്യുന്നവരോട് നിങ്ങൾ മതത്തിൻ്റെ നിർദ്ദേശങ്ങളിലേക്ക് മടങ്ങൂ എന്ന് ആഹ്വാനം ചെയ്യലാണ്.
അതുകൊണ്ട് വിശുദ്ധ വേദഗ്രന്ഥത്തിൻ്റെ വക്താക്കളായിട്ടുള്ള മുസ്‌ലീങ്ങൾ വ്രതത്തിലൂടെ ആർജിച്ചടുത്ത പരിത്യാഗത്തിന്റെ കരുത്തും ശക്തിയും ലഹരി മുക്തമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള പരിശ്രമത്തിന് വേണ്ടി പ്രയോജനപ്പെടുത്തണമെന്നും ലഹരിക്കെതിരായിട്ടുള്ള സർവ്വരേയും ചേർത്ത് പിടിച്ചുള്ള പോരാട്ടത്തിന് എല്ലാവരും മുന്നോട്ട് വരണമെന്നും അവർ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. പരസ്പരം അകറ്റാനും ശത്രുവാക്കാനുമുള്ള നിഗൂഢമായ പ്രചരണങ്ങൾ മനുഷ്യരെ ഭിന്നിപ്പിച്ച് അധികാരം സ്വന്തമാക്കാൻ ദുഷ്ട ശക്തികൾ നടത്തിക്കൊണ്ടിരിക്കെ ഒപ്പം ജീവിക്കുന്ന എല്ലാ ജനങ്ങളെയും ചേർത്ത് പിടിച്ചു കൊണ്ട് അവർക്ക് കൂടി ആഘോഷത്തിന്റെ സന്തോഷങ്ങൾ പകർന്നു നൽകിക്കൊണ്ട് ഈ പെരുന്നാൾ ഒരുമയുടെയും ഒത്തു ചേരലിന്റെയും വേദിയാക്കി മാറ്റാനും നമുക്ക് ബാധ്യതയുണ്ട് എന്നും പ്രസ്ഥാവനയിൽ ഓർമ്മിപ്പിച്ചു.
മുതലാളിത്ത സാമ്രാജ്യത്വത്തിന്റെ ആയുധ പിൻബലത്തിലും മറ്റു ലോക രാഷ്ട്രങ്ങളുടെ നിസംഗതയുടെ കരുത്തിലും ഫലസ്തീൻ എന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിനെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ തുല്യതയില്ലാത്ത നരമേധത്തോട് ചെറുത്തു നിന്നു കൊണ്ടിരിക്കുന്ന ഫലസ്തീനിലെ നിസ്സഹായരായ മനുഷ്യർക്ക് വേണ്ടി പെരുന്നാൾ ദിവസത്തിൽ പ്രത്യേക പ്രാർത്ഥന നടത്തുകയും ജന്മ നാടിന്റെ സ്വാതന്ത്ര്യത്തിനായി അവർ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും വേണമെന്നും സമകാലിക സമൂഹത്തെ സാരമായി ബാധിച്ചിരിക്കുന്ന ലഹരി വിപത്തിനെതിരെ പ്രതിജ്ഞ കൈകൊള്ളുകയും അതിനെതിരായുള്ള പോരാട്ടത്തിന് തുടക്കം കുറിക്കുകയും വേണമെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി മഹല്ല് ജമാഅത്തുകളോട് ആഹ്വാനം ചെയ്തു.
പെരുന്നാൾ ദിവസം നിസ്കാരത്തിന് മുമ്പുള്ള ഖത്വീബുമാരുടെ ഈദ് സന്ദേശ പ്രഭാഷണത്തിൽ ഫലസ്തീനിന് വേണ്ടിയുള്ള പ്രാർത്ഥനയും ഐക്യദാർഢ്യ സന്ദേശവും ഉൾപ്പെടുത്തുകയും ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ശക്തമായ ബോധവൽക്കരണം വേണമെന്നും അന്നേ ദിവസം കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് തയ്യാറാക്കി നൽകുന്ന പ്രതിജ്ഞ ഈ പ്രഭാഷണാനന്തരം മുഴുവൻ ആളുകളും ചൊല്ലണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
On Eid-ul-Fitr, Kanhangad Joint Muslim Jamaath calls for a pledge to fight against drugs and prayers for the oppressed people of Palestine.
#Eid2025 #DrugFreeSociety #PalestinePrayers #KanjhangadNews #CommunityUnity #MuslimJamaath