city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇബ്രാഹിം ഫൈസി ജെഡിയാര്‍: സമസ്തയ്ക്ക് നഷ്ടമായത് വിലപ്പെട്ട പ്രവര്‍ത്തനം കാഴ്ച വെച്ച സുന്നി പണ്ഡിതനെ

കാസര്‍കോട്: (www.kasargodvartha.com 03.09.2019) ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ നിര്യാണത്തോടെ സമസ്തയ്ക്ക് നഷ്ടമായത് വിലപ്പെട്ട പ്രവര്‍ത്തനം കാഴ്ച വെച്ച സുന്നി പണ്ഡിതനെ. സമസ്ത ജില്ലാ മുശാവറ അംഗവും എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന ഇബ്രാഹിം ഫൈസി ജെഡിയാര്‍ സംഘടനാ പ്രവര്‍ത്തനം ജില്ലയില്‍ സജീവമാക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

2007ല്‍ ചെര്‍ക്കള മേഖലാ എസ് കെ എസ് എസ് എഫിന്റെ നേതൃനിരയിലെത്തിയ ജെഡിയാര്‍ 2009ല്‍ ജില്ലാ ജനറല്‍ സെക്രട്ടറി, 2011ല്‍ ജില്ലാ പ്രസിഡന്റ്, 2013 മുതല്‍ 2017 വരെ സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്് സ്ഥാനങ്ങള്‍ വഹിച്ചു. ഇതിനുപുറമെ അണങ്കൂര്‍, ഉളിയത്തടുക്ക റെയ്ഞ്ച് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു. 2009ല്‍ കാസര്‍കോട് നടന്ന എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ ജില്ലാ സമ്മേളനത്തിന്റെ മുഖ്യശില്‍പിയായിരുന്നു. 2014ല്‍ ചെര്‍ക്കളയിലെ വാദീ ത്വയ്ബയില്‍ നടന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണ കമ്മിറ്റി ജനറല്‍ കണ്‍വീനറായിരുന്നു. ഖാസിം മുസ്ലിയാരുടെ നിര്യാണത്തിന് തൊട്ടുമുമ്പ് നടന്ന ജില്ലാ മുശാവറ യോഗം ഒഴിവുവന്ന അംഗങ്ങള്‍ക്ക് പകരമായി ജെഡിയാര്‍ ഫൈസിയെയും മുശാവറാ അംഗമായി തെരഞ്ഞെടുത്തിരുന്നു.

ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യയാക്കി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളെ വിഫലമാക്കിയതും പലരും പ്രതികരിക്കാന്‍ പോലും ഭയപ്പെട്ടിരുന്ന സമയത്ത് ആര്‍ജ്ജവത്തോടെ പ്രതികരിച്ചതും നിര്‍ണായക ഘട്ടങ്ങളിലെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും അദ്ദേഹം ജനറല്‍ സെക്രട്ടറിയായ കമ്മിറ്റിയായിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുന്നതില്‍ നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു ഇബ്രാഹിം ഫൈസി. എസ് കെ എസ് എസ് എഫ് ബേഡഡുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ്, ചെര്‍ക്കള മേഖല ജനറല്‍ സെക്രട്ടറി, ജില്ല ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1982 ല്‍ ബന്തടുക്ക പടുപ്പ് ജെഡിയാറിലാണ് ജനനം. പ്രഥമ ദര്‍സ് പഠനം സ്വദേശമായ ബന്തടുക്ക ഏണിയാടിയിലായിരുന്നു. പീന്നീട് ദീര്‍ഘകാലം നെല്ലിക്കുന്നിലായിരുന്നു ദര്‍സ് പഠനം. അന്തരിച്ച പി എ അബ്ദുര്‍ റഹ് മാന്‍ ബാഖവി ജുനൈദി തിരുവട്ടൂരാണ് പ്രഥാന ഗുരുനാഥന്‍. പി സുലൈമാന്‍ ദാരിമി മലപ്പുറം, ജി എസ് അബ്ദുര്‍ റഹ് മാന്‍ മദനി, പി എം അബ്ദുല്‍ ഹമീദ് മദനി എന്നിവരും ദര്‍സിലെ ഗുരുനാഥന്മാരാണ്. എസ് എസ് എല്‍ സിയാണ് ഭൗതിക പഠനം.

2004 ലാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നിന്ന് ഫൈസി ബിരുദം നേടിയത്. സമസ്ത പ്രസിഡന്റുമാരായ മര്‍ഹൂം കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, കുമരം പുത്തൂര്‍ എ പി മുഹമ്മദ് മുസ്ലിയാര്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്.

പരേതനായ ജെഡിയാര്‍ അബ്ദുര്‍ റഹ് മാന്‍- ആമിന ദമ്പതികളുടെ മകനാണ്. അനീസയാണ് ഭാര്യ. മക്കള്‍: ഫാത്വിമത്ത് ഹദ്യ (എട്ട്), നബ്വാന്‍ (നാല്). സഹോദരങ്ങള്‍: അബ്ദുല്ല പടുപ്പ്, യൂസുഫ് ജെഡിയാര്‍, അബ്ദുല്‍ ഖാദര്‍ ചെങ്കള, ബീഫാത്വിമ മജല്‍, നഫീസ സഞ്ചക്കടവ്. ഖബറക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചെങ്കള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നിര്യാണത്തില്‍ സമസ്ത നേതാക്കള്‍ അനുശോചിച്ചു.

ഇബ്രാഹിം ഫൈസിയുടെ വിയോഗം സമുദായത്തിന് തീരാനഷ്ടം: സമസ്ത

കാസര്‍കോട്: ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ മരണം സമസ്തക്ക് തീരാനഷ്ടമാണെന്ന് സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹ് മദ് മൗലവി, സമസ്ത കേന്ദ്ര മുശാവറ അംഗമായ തൊട്ടി മാഹിന്‍ മുസ്ലിയാര്‍, നീലേശ്വരം മഹ് മൂദ് മുസ്ലിയാര്‍ എന്നിവര്‍ അനുശോചിച്ചു. സംഘാടക മികവ് കൊണ്ട് കഴിവ് തെളിയിച്ച വ്യക്തിത്വമായിരുന്നു ഇബ്രാഹിം ഫൈസിയുടേതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

മണ്‍മറഞ്ഞത് എല്ലാ മേഖലയിലും കഴിവ് തെളിച്ച സംഘാടകന്‍: എസ് വൈ എസ്

കാസര്‍കോട്: സമസ്തയിലും മറ്റ് എല്ലാ മേഖലയിലും കഴിവ് തെളിച്ച പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ടി കെ പൂക്കേയ തങ്ങള്‍ ചന്തേര, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സംസ്ഥാന വൈസ് പ്രസിഡഡണ്ട് മെട്രോ മുഹമ്മദ് ഹാജി എന്നിവര്‍ അനുശോചിച്ചു.

നഷ്ടപ്പെട്ടത് സംഘാടകനായ പണ്ഡിതനെ: എസ് കെ എസ് എസ് എഫ്

കാസര്‍കോട്: മികച്ച സംഘാടകനായ പണ്ഡിതനെയാണ് നഷ്ടപ്പെട്ടതെന്ന് എസ് കെ  എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈര്‍ അസ്ഹരി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജെ, ജില്ലാ ട്രഷറര്‍ ശറഫുദ്ദീന്‍ കുണിയ, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, സൈബര്‍ വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിര എന്നിവര്‍ അനുശോചിച്ചു.

സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെകട്ടറി അബ്ബാസ് ഹാജി കല്ലട്ര, ജംഇയത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് അലി ഫൈസി, ജനറല്‍ സെക്രട്ടറി ഹുസൈന്‍ തങ്ങള്‍, മദ്‌റസ മാനേജ്‌മെന്റ് പ്രസിഡന്റ് എം എസ് തങ്ങള്‍, ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി, സമസ്ത എംപ്ലോയീസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുട്ടി മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ ഖാസിലൈന്‍, മുശ്ത്താഖ് ദാരിമി, ഫാറൂഖ് ദാരിമി, മൊയ്തീന്‍ കുഞ്ഞി മൗലവി ചെര്‍ക്കള, ജംഷീര്‍ കടവത്ത് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

ഇബ്രാഹിം ഫൈസി ജെഡിയാര്‍: സമസ്തയ്ക്ക് നഷ്ടമായത് വിലപ്പെട്ട പ്രവര്‍ത്തനം കാഴ്ച വെച്ച സുന്നി പണ്ഡിതനെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Death, Obituary, Ibrahim Faizi Jediyar no more
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia