കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതവിശ്വാസമനുസരിച്ച് ആചാരപ്രകാരം സംസ്കരിക്കാൻ സർകാർ അനുമതി; നടപടി ക്രമങ്ങൾ ഇങ്ങനെ
May 18, 2021, 16:10 IST
തിരുവനന്തപുരം: (www.kasargodvartha.com 18.05.2021) കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മതവിശ്വാസമനുസരിച്ച് ആചാരപ്രകാരം സംസ്കാരം ചെയ്യാൻ അനുവദിച്ചു സംസ്ഥാന സര്‍കാരിന്റെ മാര്‍ഗരേഖ പുറത്തിറക്കി. നേരത്തെ മൃതദേഹം ബന്ധുക്കൾക്ക് കാണാനോ മതപരമായ ചടങ്ങുകൾ ചെയ്യാനോ അനുവാദം ഉണ്ടായിരുന്നില്ല. ആശുപത്രി വാര്‍ഡില്‍നിന്ന് മാറ്റും മുമ്പ് ബന്ധുക്കള്‍ക്ക് സുരക്ഷാ മുന്‍കരുതലുകളോടെ മൃതദേഹം കാണാന്‍ അനുവാദമുണ്ട്.
മരണം വീട്ടില്‍ വെച്ചാണെങ്കില്‍ തദ്ദേശസ്ഥാപന സെക്രടറിയെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിക്കണം. ആശുപത്രിയില്‍ മരിച്ചാല്‍ രോഗിയുടെ മേല്‍വിലാസം ഉള്‍പെടുന്ന തദ്ദേശസ്ഥാപന സെക്രടറിക്കാണ് മൃതദേഹം കൈമാറുക. തദ്ദേശസ്ഥാപന സെക്രടറിക്ക് അപേക്ഷ നല്‍കിയാല്‍ സംസ്കരിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തേക്കു ബന്ധുക്കള്‍ക്ക് മൃതദേഹം കൊണ്ടുപോകാം.
കോവിഡ് സ്ഥിരീകരിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ സാംപിള്‍ ശേഖരിക്കും. പരിശോധനാഫലത്തിന് കാക്കാതെതന്നെ മൃതദേഹം വിട്ടുനല്‍കും. സെക്രടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ക്കും മൃതദേഹം വിട്ടുകൊടുക്കും. ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങള്‍ക്ക് തദ്ദേശസ്ഥാപന അധികൃതര്‍ സഹായിക്കും.
കോവിഡ് സംശയിക്കുന്ന ആളാണെങ്കിലും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാകും സംസ്കാരം. പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാവസ്ത്രങ്ങളണിഞ്ഞ മൂന്നോ നാലോ ബന്ധുക്കളെയോ വൊളന്റിയര്‍മാരെയോ മാത്രമേ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ബാഗില്‍ സ്പര്‍ശിക്കാന്‍ അനുവദിക്കുകയൊള്ളു. വിശുദ്ധഗ്രന്ഥ പാരായണം, തീര്‍ഥം തളിക്കല്‍ തുടങ്ങി മൃതദേഹത്തില്‍ സ്പര്‍ശിക്കാതെയുള്ള മതചടങ്ങുകള്‍ അനുവദിക്കും. മൃതദേഹം സംസ്കരിക്കാനുള്ള കുഴിക്ക് കുറഞ്ഞത് ആറടി താഴ്ചവേണം. ചിതാഭസ്മം ശേഖരിക്കാന്‍ തടസമില്ല.
മൃതദേഹം ജില്ല വിട്ട് കൊണ്ടുപോകണമെങ്കില്‍ ആശുപത്രിയില്‍നിന്ന് മരണ സെർടിഫികറ്റ്, ലഭ്യമായ പരിശോധനാ സെർടിഫികറ്റുകള്‍ എന്നിവ നല്‍കണം. കോവിഡ് രോഗിയുടെ പോസ്റ്റ്‌മോര്‍ടം അത്യാവശ്യമുണ്ടെങ്കില്‍ മാത്രമാണ് നടത്തുക. മൃതദേഹം എംബാം ചെയ്യാന്‍ അനുമതിയില്ല.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം അടുത്ത ബന്ധുക്കൾക്ക് പോലും കാണാനും മതപരമായ ചടങ്ങുകൾ നടത്താനും കഴിയാത്ത സാഹചര്യമായിരുന്നു ഇത് വരെയും. പലരുടെയും ആവശ്യ പ്രകാരമാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
Keywords: Thiruvananthapuram, Kerala, News, COVID-19, Religion, Hospital, Government, Death, Government allows cremation of Covid victims according to religious beliefs.
s.
< !- START disable copy paste --> s.