വിഎം സുധീരന്റെ രാജി നിരാശയുണ്ടാക്കിയെന്ന് വിഡി സതീശന്‍; പാര്‍ടി രാഷ്ട്രീയകാര്യ സമിതി വിടാനുള്ള കാരണം അറിയില്ലെന്ന് കെ സുധാകരന്‍; നിര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ചാണ്ടി
Sep 25, 2021, 14:42 IST
തിരുവനന്തപുരം: (www.kasargodvartha.com 25.09.2021) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി മുന്‍ പ്രസിഡന്റുമായ വി എം സുധീരന്‍ പാര്‍ടി രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് രാജിവച്ചത് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അനാവശ്യ സമ്മര്‍ദമുണ്ടാക്കുന്നയാളല്ല അദ്ദേഹം. സുധീരനുമായി ചര്‍ച്ച നടത്തും. സമിതിയില്‍നിന്ന് മാറിനില്‍ക്കുന്നത് ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു. രാജിക്ക് പിന്നില്‍ പുനഃസംഘടനുമായി ബന്ധപ്പെട്ട അതൃപ്തിയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു സതീശന്റെ മറുപടി.
രാജിക്ക് പിന്നിലെ കാരണം അറിയില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു. പാര്‍ടിയില്‍ കൂടിയാലോചന നടക്കാറുണ്ടെന്നും എന്നാല്‍ പലരും എത്താറില്ല എന്നതാണ് തന്റെ പ്രശ്‌നമെന്നും സുധാകരന്‍ പറഞ്ഞു. വി എം സുധീരനും, മുല്ലപ്പള്ളി രാമചന്ദ്രനുമൊന്നും പ്രതികരിക്കാറില്ലെന്നും സുധാകരന്‍ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. രണ്ടു തവണ വിളിച്ചിരുന്നു, വീട്ടില്‍ പോയി കണ്ടിരുന്നുവെന്ന് കെ സുധാരന്‍ വ്യക്തമാക്കി. രാജി
കത്തിലെ ഉള്ളടക്കം അറിയില്ലെന്നും അടുത്ത ദിവസം പരിശോധിക്കുമെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
സുധീരന്‍ രാജി വച്ചത് ശരിയായ നടപടിയല്ലെന്ന് ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു. രാജി നിര്‍ഭാഗ്യകരമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം രാഷ്ട്രീയ കാര്യ സമിതിയില്‍ വേണം. നേട്ടത്തിന് വേണ്ടി ആരുമായും കൂട് കൂടുമെന്ന മനോഭാവമാണ് സി പി എമിനുള്ളത്. ഇതാണ് കോട്ടയം നഗരസഭയില്‍ നടന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വി എം സുധീരന്റെ രാജി ആര്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. രാജി ദൗര്‍ഭാഗ്യകരമാണെന്നും രാജിയുടെ കാരണം സുധാരന്‍ തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വി എം സുധാരന്റെ രാജി പാര്‍ടിയെ ശക്തിപ്പെടുത്താനുള്ള ഹൈകമാന്‍ഡ് നീക്കങ്ങള്‍ക്ക് പോറല്‍ ഏല്‍പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുധീരന്റെ രാജി നിര്‍ഭാഗ്യകരമാണെന്ന് പി ടി തോമസ് എം എല്‍ എ പറഞ്ഞു. കെ പി സി സി പ്രസിഡന്റ് കെ സുധാകരനും വി ഡി സതീശനും സുധീരനുമായി ചര്‍ച്ച നടത്തും. അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും പി ടി തോമസ് പറഞ്ഞു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി എം സുധീരന്‍ രാജിവച്ചുവെന്ന വാര്‍ത്ത് പുറത്ത് വരുന്നത്. കെ പി സി സി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ആരോഗ്യകരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് വി എം സുധാരന്‍ നല്‍കിയ വിശദീകരണം. പാര്‍ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് വി എം സുധീരന്‍ വ്യക്തമാക്കി.