VT Balram | താത്കാലിക നേട്ടത്തിനായി ബിജെപിയും സിപിഎമും തമ്മിലുണ്ടാക്കുന്ന അവിശുദ്ധ ബന്ധം എല്ലാ സ്ഥലങ്ങളിലും വര്‍ഗീയ ശക്തികള്‍ക്ക് വളമാവുകയാണ്: വി ടി ബല്‍റാം
കാഞ്ഞങ്ങാട്: (www.kasargodvartha.com) താത്കാലിക നേട്ടത്തിനായി ബിജെപിയും സിപിഎമും തമ്മിലുണ്ടാക്കുന്ന അവിശുദ്ധ ബന്ധം എല്ലാ സ്ഥലങ്ങളിലും വര്‍ഗീയ ശക്തികള്‍ക്ക് വളമാവുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. പടന്നക്കാട് ബേക്കല്‍ ക്ലബില്‍ ശരത് ലാല്‍-കൃപേഷ് നഗറില്‍ വച്ച് നടക്കുന്ന യൂത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പഠന കാംപ് യുവ ചിന്തന്‍ ശിവിര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് കമീഷനടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളെ മോദി സര്‍കാര്‍ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുന്നുവെന്ന് ബല്‍റാം പറഞ്ഞു. ജുഡീഷ്യറിയും മാധ്യമങ്ങളുമൊക്ക സംഘ പരിവാറിന് കീഴ്‌പ്പെടുന്നു. പിന്‍വാതില്‍ നിയമനങ്ങളും അഴിമതിയുമാണ് പിണറായി സര്‍കാരിന്റെ മുഖമുദ്ര. മയക്കുമരുന്ന് മാഫിയ കേരളത്തില്‍ തഴച്ചു വളരുകയാണെന്നും തലശ്ശേരിയില്‍ കൊല്ലപ്പെട്ട രണ്ട് പ്രവര്‍ത്തകരെ രക്തസാക്ഷികളായി അംഗീകരിക്കാന്‍ പോലും സിപിഎം തയ്യാറാകാത്തത് പ്രതികളും സിപിഎമുകാരാണ് എന്നത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍, കെപിസിസി അംഗം ഹക്കീം കുന്നില്‍, യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന ജനറല്‍ സെക്രടറിമാരായ ദുല്‍ഖിഫില്‍, ജോമോന്‍ ജോസ്, ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. കെ കെ രാജേന്ദ്രന്‍, ഡി സി സി ജനറല്‍ സെക്രടറി പി വി സുരേഷ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണന്‍, ബ്ലോക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം കുഞ്ഞികൃഷ്ണന്‍, യൂത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി, രതീഷ് രാഘവന്‍, വസന്തന്‍ ഐ എസ്, അശ്വതി, കാര്‍ത്തികേയന്‍ പെരിയ, ഇസ്മഇല്‍ ചിത്താരി, സത്യനാഥന്‍ പത്രവളപ്പില്‍, രാഗേഷ് പെരിയ, രാജേഷ് തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍ പതാക ഉയര്‍ത്തി. പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ചനയ്ക് ശേഷമാണ് കാംപ് ആരംഭിച്ചത്. ജില്ലയിലെ വിവിദ മണ്ഡലങ്ങളില്‍ നിന്നായി 250 പ്രതിനിധികളാണ് കാംപില്‍ പ്രതിനിധികളായിട്ടുള്ളത്. കാംപില്‍ പവര്‍ ഡ്രൈവ് എന്ന വിഷയത്തില്‍ ജെയ്സീസ് ഇന്റര്‍നാഷനല്‍ ട്രെയ്‌നര്‍ വി വേണുഗോപാല്‍, ഗാന്ധിസവും നെഹ്രുവിയന്‍ സോഷ്യലിസവും എന്ന വിഷയത്തില്‍ യൂത് കോണ്‍ഗ്രസ് സംസഥാന സെക്രടറി ഡോ. പി സരിന്‍ എന്നിവര്‍ ക്ലാസെടുത്തു. രാത്രിയില്‍ വിവിധ പ്രമേയങ്ങളുടെ അവതരണവും ചര്‍ചയും നടക്കും. കാംപിന്റെ സമാപനം കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എം ലിജു ഉദ്ഘാടനം ചെയ്യും.
Keywords: Kanhangad, News, Kasaragod, Top-Headlines, Politics, BJP, Congress, CPM, Inauguration, V T Balram about BJP and CPM.