Township Development | ഊരാളുങ്കൽ ടൗൺഷിപ്പ് ദൗത്യം ഏറ്റെടുത്തു; പ്രത്യേക ഓഫീസറെ നിയമിച്ചു
● ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉയർന്ന നിലവാരത്തിലുള്ള രണ്ട് ടൗൺഷിപ്പുകളാണ് പണിയുക. 1
● 1ദേശീയപാത പോലൊരു പദ്ധതി കേരളത്തിലെ ഒരു കമ്പനിക്കും കിട്ടിയിട്ടില്ല.
● ഊരാളുങ്കലിന്റെ പെട്ടെന്നുള്ള വളർച്ച ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
കാസർകോട്: (KasargodVartha) നൂറുവർഷം ആഘോഷിക്കാൻ ഒരുങ്ങുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ദേശീയപാത നിർമ്മാണ പ്രവർത്തികൾക്ക് ശേഷം വയനാട് ടൗൺഷിപ്പ് ദൗത്യം ഏറ്റെടുക്കുന്നു. ഇതിനായുള്ള സ്പെഷൽ ഓഫീസറെ സർക്കാർ നിയമിച്ചു കഴിഞ്ഞു. ഡോ. ജെ ഒ അരുണിനാണ് ഇതിന്റെ ചുമതല. കിഫ്‌ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്‌കോണിനാവും മേൽനോട്ട ചുമതല.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉയർന്ന നിലവാരത്തിലുള്ള രണ്ട് ടൗൺഷിപ്പുകളാണ് പണിയുക. 100 വീടുകൾ വാഗ്ദാനം ചെയ്തിട്ടുള്ള കർണാടക, തെലുങ്കാന സർക്കാരുകളുടെയും, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെയും അഭിപ്രായം കൂടി അറിഞ്ഞതിനുശേഷമായിരിക്കും ഊരാളുങ്കലിന് നിർമ്മാണത്തിന്റെ ദൗത്യം ഏൽപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.
ഏകദേശം പതിനെട്ടായിരം തൊഴിലാളികൾ ജോലി ചെയ്യുകയും 1500 ഓളം എൻജിനീയർമാരും,1500 ജീവനക്കാരുമുള്ള ലോകത്ത് സഹകരണ മേഖലയിൽ രണ്ടാം സ്ഥാനത്തും, ഏഷ്യയിൽ ഒന്നാം സ്ഥാനത്തുമുള്ള ഒരു വലിയ പ്രസ്ഥാനമായി ഊരാളുങ്കൽ സൊസൈറ്റി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തുകളുടെ 50,000 രൂപയുടെ പദ്ധതികൾ മുതൽ 1700 കോടി രൂപയുടെ ദേശീയപാത നിർമ്മാണം വരെ യൂഎൽസിസിഎസ് ഏറ്റെടുത്തിട്ടുണ്ട്.
ആസൂത്രണത്തിലെ മികവും ടീം വർക്കുമാണ് ഊരാളുങ്കലിന്റെ വിജയമെന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറയുന്നുണ്ട്. ദേശീയപാത പോലൊരു പദ്ധതി കേരളത്തിലെ ഒരു കമ്പനിക്കും കിട്ടിയിട്ടില്ല. വിവിധ റീച്ചുകൾ ഏറ്റെടുത്ത 18 കമ്പനികളിൽ ഏറ്റവും വേഗത്തിലും മികവിലും പണികൾ പൂർത്തിയാക്കിയത് കാസർകോട് ദേശീയപാതയിലാണ്.
ഊരാളുങ്കലിന്റെ പെട്ടെന്നുള്ള വളർച്ച ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. സംസ്ഥാന സർക്കാർ അനർഹമായ ഇളവുകളും, സഹായവും നൽകുന്നുവെന്ന് കരാറുകാരുടെ കൂട്ടായ്മ ആക്ഷേപിക്കുകയും, ഇതിനെതിരെ കോടതിയിൽ നിയമ പോരാട്ടം നടത്തുകയും ചെയ്തിരുന്നു. കണ്ണൂരിൽ ഏഴ് നിലയുള്ള കോടതി സമുച്ചയം ഉണ്ടാക്കാനുള്ള കരാർ ഊരാളുങ്കലിന് നൽകിയതിനെതിരെ സുപ്രീം കോടതിയിൽ പോലും ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് വീണ്ടുമൊരു നിർമാണച്ചുമതല കൂടി ഊരാളുങ്കലിന് നൽകാൻ സംസ്ഥാന സർക്കാർ ഇപ്പോൾ നീക്കം നടത്തുന്നത്.
4000 കോടിയിലധികം രൂപയുടെ ആസ്തിയുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് പരിധിയില്ലാതെ വീണ്ടും വീണ്ടും സർക്കാർ ടെൻഡർ നൽകുന്നതിൽ ചെറുകുട ഇടത്തരം കരാറുകാർക്കിടയിൽ പ്രതിഷേധം ശക്തമാവുന്നുണ്ട്. സർക്കാർ ടെൻഡറുകൾ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ക്വട്ടേഷനേക്കാൾ 10% ഉയർന്ന തുകയ്ക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം ഏറ്റെടുക്കുമെങ്കിൽ അവർക്ക് നൽകാമെന്ന് 1997 ലെ ഉത്തരവിലെ സത്യവാങ്മൂലത്തിൽ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
സംസ്ഥാന സർക്കാരിന് വേണ്ടി നിർണായകമായ പദ്ധതികൾ നടപ്പിലാക്കുകയും, സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കി നൽകുകയും, അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ തള്ളിക്കളയാൻ സംസ്ഥാന സർക്കാരിനാവില്ല. പ്രത്യേകിച്ച് സർക്കാറിന് ഓഹരിയുള്ള കമ്പനി കൂടിയാണ് ഊരാളുങ്കൽ സൊസൈറ്റി. സൊസൈറ്റിയിൽ 82% ഓഹരിയാണ് സർക്കാറിനുള്ളതെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലവും നൽകിയിരുന്നു.
അതിനിടെ 2020ൽ ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളിൽ എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തിയത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് സൊസൈറ്റി വലിയ സാമ്പത്തിക നേട്ടമുക്കിയെന്നായിരുന്നു ഇഡിയുടെ വിലയിരുത്തൽ. എന്നാൽ പിന്നീട് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.
#UralungalSociety #WayanadTownship #LaborContract #KeralaNews #TownshipDevelopment #NationalHighway