മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ യുഡിഎഫ് ഭിന്നത; കോൺഗ്രസ് പ്രാദേശീക നേതൃത്വം കെപിസിസി പ്രസിഡണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തി
Dec 6, 2020, 16:59 IST
മൊഗ്രാൽ പുത്തുർ: (www.kasargodvartha.com 06.12.2020) തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊഗ്രാൽ പുത്തൂരിൽ സീറ്റിനെ ചൊല്ലി ഉണ്ടായ ലീഗ്-കോൺഗ്രസ് ഭിന്നത കെപിസിസി പ്രസിഡണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തി കോൺഗ്രസ് പ്രദേശിക നേതൃത്വം.
കോൺഗ്രസിന് വാർഡ് തലത്തിൽ സീറ്റ് നൽകുന്നതിന് പകരം ബ്ലോക് കോൺഗ്രസ് നേതൃത്വം ലീഗ് നേതൃത്വവുമായി ഒത്ത് കളിച്ച് എരിയാൽ ബ്ലോക് പഞ്ചായത്ത് ഡിവിഷൻ ഡിസിസി ഭാരവാഹിക്ക് നൽകി കോൺഗ്രസിനെ ഒതുക്കുകയായിരുന്നുവെന്നാണ് കോൺഗ്രസ് പ്രദേശിക നേതൃത്വത്തിൻ്റെ വിശദീകരണം.
2015 ലെ സ്റ്റാറ്റസ്കോ നിലനിർത്താൻ സംസ്ഥാന തലത്തിൽ യു ഡി എഫ് നേതൃത്തിന്റെ അറിയിപ്പ് ഉണ്ടായിട്ടും സീറ്റ് വിഭജനം ഏകപക്ഷീയമായി ലീഗ് നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ് -ലീഗ് ബന്ധം ഉപേക്ഷിക്കുകയും പത്രിക സമർപ്പിച്ചിരുന്ന മുഴുവൻ സ്ഥാനാർഥികളും പത്രിക പിൻവലിച്ചു പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസ് പ്രവർത്തകരുടെ നിസ്സഹകരണം മൂലം തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിക്കാതെയാണ് ഇപ്പോൾ ലീഗിൻ്റെ പ്രവർത്തനം. വിഷയത്തിൽ മൊഗ്രാൽ പുത്തുരിന്റെ ചുമതലയുള്ള ഡി സി സി ഭാരവാഹിയും ബ്ലോക് ഭാരവാഹി നേതൃത്വവും വേണ്ട നിലയിൽ ഇടപെട്ടില്ലെന്ന് ആരോപിച്ച് നേരത്തെ മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കാസർകോട്ട് എത്തിയപ്പോഴാണ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ നേരിട്ടു കണ്ടു മൊഗ്രാൽപുത്തൂരിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസ് പ്രദേശീക നേതൃത്വം അദ്ദേഹത്തെ അറിയിച്ചിരിക്കുന്നത്.
ആക്ഷേപം കെ പി സി സി പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നുമാണ് കെ പി സി സി പ്രസിഡണ്ട് അറിയിച്ചത്. തെരെഞ്ഞടുപ്പിന് ശേഷം മാത്രമേ കൂടുതൽ നടപടികൾ ഉണ്ടാവുകയുള്ളുവെന്നാണ് വിവരം.
Keywords: Kerala, News, Kasaragod, Mogral puthur, UDF, KPCC, KPCC-president, Local-Body-Election-2020, Politics, UDF, UDF split in Mogral Puthur panchayath; The issue was brought to the attention of the KPCC president by the local leadership of the Congress
< !- START disable copy paste -->