Protest | തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചു; യുഡിഎഫ് രാപ്പകല്‍ സമരം നടത്തും
● തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് കമ്മിറ്റികൾ മുന്നൊരുക്കം പൂർത്തിയാക്കി.
● ഏപ്രിൽ നാലിനാണ് സംസ്ഥാന വ്യാപകമായി രാപ്പകൽ സമരം നടത്തുന്നത്.
● പിണറായി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് സമരം.
● കാസർകോട് ജില്ലയിലെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭയ്ക്ക് മുന്നിൽ നടക്കും.
കാസർകോട്: (KasargodVartha) തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സമരകാഹളവുമായി യു.ഡി.എഫ്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് രാഷ്ട്രീയ സമരവുമായി യു.ഡി.എഫ് രംഗത്ത് വരുന്നത്. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എല്ലാ പഞ്ചായത്ത് - മണ്ഡലം തലങ്ങളിലും കോൺഗ്രസ് കമ്മിറ്റികൾ ചേർന്ന് മുന്നൊരുക്കം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും പാർട്ടിയുമായി അടുപ്പിക്കാനാണ് തീരുമാനം. വോട്ടർമാരെ ചേർക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കും നേരത്തേതന്നെ താഴെത്തലങ്ങളിലേക്ക് നിർദേശം നൽകിയിരുന്നു. ജില്ലാ - സംസ്ഥാന നേതാക്കൾക്ക് ഇതിനായി ചുമതല വീതിച്ച് നൽകിയിരുന്നു. വാർഡ് തല യോഗങ്ങൾ നടന്നു കഴിഞ്ഞു.
ഇതിനിടെ, സംസ്ഥാന വ്യാപകമായി ഏപ്രിൽ നാലിന് യു.ഡി.എഫ് തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ രാപ്പകൽ സമരം നടത്തുന്നുണ്ട്. പിണറായി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച നടപടികൾക്കെതിരെയും അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെയുമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ രാപ്പകൽ സമരം നടത്തുന്നത്. കാസർകോട് ജില്ലയിലെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭയ്ക്ക് മുന്നിൽ കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത രാപ്പകൽ സമരം വിജയിപ്പിക്കാൻ അതാത് പഞ്ചായത്ത് യു.ഡി.എഫ് നേതൃയോഗങ്ങൾ ചേർന്ന് തീരുമാനിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക.
The UDF is set to hold a day-night protest against the Pinarayi government's decision to cut funds for local self-government institutions, among other issues, as part of their election preparations.
#UDFProtest #KeralaPolitics #LocalBodyFunds #PinarayiGovernment #ElectionPreparation #KeralaNews