Unity | വർഗീയതക്കെതിരെ ഒരുമിച്ച് നിൽക്കണം: സ്പീക്കർ
● സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
● ലഹരി ഉപയോഗം പോലുള്ള സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കണം, സ്പീക്കർ പറഞ്ഞു.
● യാത്രാ നായകൻ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി.
കാഞ്ഞങ്ങട്: (KasargodVartha) വർഗീയതക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താൻ നിരന്തരം ശ്രമിക്കണമെന്നും നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ആഹ്വാനം ചെയ്തു. എസ്‌വൈഎസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാനവ സഞ്ചാരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹമാണ്. അതിനാൽ, നാം സ്നേഹത്തോടെ ജീവിച്ചാൽ സമൂഹം സമാധാനപൂർവ്വം മുന്നോട്ടുപോകും. എന്നാൽ, ചിലർ മുനമ്പം വിഷയത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ലഹരി ഉപയോഗം പോലുള്ള സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കണം, സ്പീക്കർ പറഞ്ഞു.
ജുഡീഷ്യറിയുടെ കടമകൾ എക്സിക്യൂട്ടീവ് നിർവ്വഹിക്കരുതെന്നും പ്രശ്നങ്ങൾ ഉണ്ടായാലും പ്രതീക്ഷയോടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കർണാടക സ്റ്റേറ്റ് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ബി. സെഡ്. സമീർ അഹ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു. യാത്രാ നായകൻ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി.
എം.കെ.എം. അഷ്റഫ്, എൻ.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, കെ. ചന്ദ്രരശേഖരൻ, എം. രാജഗോപാൽ, റവ. ഫാദർ ജേക്കബ് തോമസ്, സ്വാമി പ്രേമാനന്ദൻ (ശിവഗിരി മഠം), കല്ലട്ര മാഹിൻ ഹാജി, കരീം ചന്ദേര, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സയ്യിദ് ത്വാഹാ സഖാഫി, ഫിർദൗസ് സഖാഫി, ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളംകോട് അബ്ദുൽ ഖാദർ മദനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മാനവ സഞ്ചാരം: സാമൂഹിക സൗഹാർദ്ദത്തിന്റെ ആഹ്വാനം
സപ്തഭാഷാ സംഗമഭൂമിയായ കാസർകോട് മാനവ സഞ്ചാരത്തിന് തിളക്കമാർന്ന തുടക്കം കുറിച്ചു. സമസ്ത കേരള സുന്നി യുവജന സംഘം സംഘടിപ്പിച്ച ഈ പരിപാടി സാമൂഹിക സൗഹാർദ്ദം ശക്തിപ്പെടുത്തുകയും മാനവിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്.
രാവിലെ ആറ് മണിക്ക് ഒമ്പത് കേന്ദ്രങ്ങളിൽ നടന്ന ഏർളി ബേർഡ്സ് പ്രഭാത സവാരിയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് കാസർകോട് ചന്ദ്രഗിരി ജംഗ്ഷനിൽ യുവജന പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചയും പ്രഫഷണലുകളുമായുള്ള സംവാദവും നടന്നു.
കാസർകോട് പ്രസ്‌ക്ലബിൽ നടന്ന മീഡിയ മീറ്റിൽ ജാഥാ നായകൻ ഡോ. അബ്ദുൽ ഹകീം അസ്ഹരി മാധ്യമ പ്രവർത്തകരുമായി സംവദിച്ചു. കാഞ്ഞങ്ങാട് ബേക്കൽ ഇന്റർനാഷണൽ ഹോട്ടലിൽ പ്രാസ്ഥാനിക സംഗമവും സൗഹൃദ ചായയും നടന്നു.
വൈകിട്ട്, കാഞ്ഞങ്ങാട് പുതിയ കോട്ട മസ്ജിദ് പരിസരത്തു നിന്നും ആരംഭിച്ച ബഹുജന സൗഹൃദ നടത്തത്തിൽ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. തുടർന്ന് നടന്ന മാനവസംഗമത്തോടെ ആദ്യ ദിവസത്തെ പരിപാടികൾക്ക് സമാപനമായി.
#UnityAgainstCommunalism, #SocialHarmony, #KeralaEvents, #HumanValues, #PeaceInSociety, #ReligiousTolerance