ബിനീഷ് കോടിയേരിയുടെ അറസ്റ്റ്: കേരളീയര്‍ക്ക് അപമാനം കൊണ്ട് തലതാഴ്‌ത്തേണ്ട സ്ഥിതിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: (www.kasargodvartha.com 29.10.2020) ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളീയര്‍ക്ക് അപമാനം കൊണ്ട് തലതാഴ്‌ത്തേണ്ട സ്ഥിതിയെന്നും സ്വര്‍ണക്കടത്ത് കേസും ബെംഗളൂരു ലഹരിമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേര്‍ന്നുള്ള കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും ഈ കൊള്ളക്കാരെയും കള്ളന്മാരെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പലരെയും ചോദ്യം ചെയ്യാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അധോലോക പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതേക്കുറിച്ച് ഒന്നും ജനങ്ങളോട് വിശദീകരിക്കാന്‍ അവര്‍ക്ക് കഴിയില്ല. നാടാകെ അവരുടെ മുഖം മനസിലാക്കി കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബംഗളൂരു ലഹരിമരുന്ന് കേസിലാണ് മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപെടലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി.
Keywords: Thiruvananthapuram, News, Kerala, Ramesh-Chennithala, Politics, Top-Headlines, Ramesh Chennithala on Bineesh Kodiyeri's arrest