city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | ബദിയടുക്കയിലെ ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്ന് കൊടുത്തില്ല; പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ; 16ന് മാർച്ച്

DYFI Protest in Badiyadukka Against Panchayat
Photo: Arranged

● യുവജനങ്ങളുടെ കലാ കായിക സംസ്കാരിക മേഖലയിലെ ഉന്നമനത്തിന് ആവശ്യമായ ഒരു ഇടപെടലും പഞ്ചായത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.  
● കലാ കായിക പ്രതിഭകൾക്ക് പഞ്ചായത്ത്‌ തലം മുതൽ സംസ്ഥാനം തലം വരെ കഴിവ് തെളിയിക്കാൻ ഉള്ള വേദിയാണ് കേരളോത്സവങ്ങൾ. 
● ആധുനിക രീതിയിൽ വികസനം സാധ്യമായ ഗ്രൗണ്ടാണ് ബദിയടുക്ക ടൗണിന് തൊട്ടടുത്ത് തന്നെയുള്ള ബോളുക്കട്ട മിനി സ്റ്റേഡിയം. 

ബദിയടുക്ക: (KasargodVartha) പഞ്ചായത്തിന്റെ യുവജന വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ബദിയടുക്ക, നീർച്ചാൽ മേഖല കമ്മിറ്റികൾ സംയുക്തമായി 16ന് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. പഞ്ചായത്തിലെ യുവജനങ്ങളോട് യുഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതി കാണിക്കുന്ന അവഗണനയും വഞ്ചനയും തുടർ കഥയാവുകയാണെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.

യുവജനങ്ങളുടെ കലാ കായിക സംസ്കാരിക മേഖലയിലെ ഉന്നമനത്തിന് ആവശ്യമായ ഒരു ഇടപെടലും പഞ്ചായത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. കായിക താരങ്ങൾ പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്ന ബോളുക്കട്ട മിനി സ്റ്റേഡിയത്തിന്റെ വികസനം, ബാഡ്മിന്റൺ കളിക്കാരുടെ സ്വപ്നമായ ബാഡ്മിന്റൺ ഇൻഡോർ കോർട്ട് തുറന്ന് കൊടുക്കൽ, കേരളോത്സവം നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളിലൊക്കെ പഞ്ചായത്ത്‌ ഭരണസമിതി തികഞ്ഞ പരാജയമാണ്.

കലാ കായിക പ്രതിഭകൾക്ക് പഞ്ചായത്ത്‌ തലം മുതൽ സംസ്ഥാനം തലം വരെ കഴിവ് തെളിയിക്കാൻ ഉള്ള വേദിയാണ് കേരളോത്സവങ്ങൾ. എന്നാൽ ബദിയടുക്ക പഞ്ചായത്തിൽ അതിനുള്ള അവസരം പോലും ഒരുക്കുന്നില്ല. പേരിന് നടത്തുന്ന പരിപാടിക്ക് പോലും കൃത്യമായി സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്യാൻ കഴിയുന്നില്ല. കഴിഞ്ഞ വർഷം യുവജനസംഘടനകളും ക്ലബ്ബുകളും പ്രതിഷേധം ഉയർത്തിയതാണ്. എന്നിട്ട് പോലും ഒരു തയ്യാറെടുപ്പും നടത്താതെ, ഫണ്ട്‌ പോലും നീക്കി വെക്കാതെ ഈ നാട്ടിലെ യുവജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പേരിന് എന്തൊക്കെയോ കാട്ടി കൂട്ടിയാണ് കേരളോത്സവം നടത്തിയെന്ന് വരുത്തിയത്.

ആധുനിക രീതിയിൽ വികസനം സാധ്യമായ ഗ്രൗണ്ടാണ് ബദിയടുക്ക ടൗണിന് തൊട്ടടുത്ത് തന്നെയുള്ള ബോളുക്കട്ട മിനി സ്റ്റേഡിയം. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഒരു വികസന പ്രവർത്തനങ്ങളും നടത്താതെ ഗ്രൗണ്ടിനെ നശിപ്പിക്കാൻ ഉള്ള നിലപാടാണ് പഞ്ചായത്ത്‌ അധികൃതർ എടുക്കുന്നത്. കായിക താരങ്ങളും ക്ലബ്ബുകൾ ഉൾപ്പടെയുള്ള യുവജന സംഘടകൾ സ്റ്റേഡിയത്തിന്റെ വികസനത്തിനായി പതിറ്റാണ്ടുകളായി ശബ്ദമുയർത്തുമ്പോൾ പഞ്ചായത്ത്‌ ഭരണ സമിതി തിരിഞ്ഞ് പോലും നോക്കാത്ത സ്ഥിതിയാണ്. ഫലത്തിൽ സാമൂഹ്യ വിരുദ്ധർക്ക് താവളമൊരുക്കുകയാണ് പഞ്ചായത്ത്‌ ചെയ്യുന്നത്.

കായിക താരങ്ങളും യുവജനങ്ങളും നിരന്തരം ആവശ്യപ്പെട്ടിട്ടും ബാഡ്മിന്റൺ കോർട്ട് തുറന്ന് കൊടുക്കാൻ ഉള്ള ഒരു ഇടപെടലും പഞ്ചായത്ത്‌ ഭരണസമിതിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നില്ല. യുവജനങ്ങളുടെ ആവശ്യങ്ങളെ പാടെ തള്ളി കളയുന്ന സമീപനമാണ് പഞ്ചായത്ത്‌ സ്വീകരിക്കുന്നത്. കേരളോത്സവം പോലും കൃത്യമായി നടത്താൻ കഴിയാത്തത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച പഞ്ചായത്ത്‌ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കുന്നതെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. രാവിലെ 10 മണിക്ക് സിപിഎം ബദിയടുക്ക ലോക്കൽ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്നും മാർച്ച്‌ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

#DYFI #Badiyadukka #KeralaProtest #YouthDevelopment #PanchayatIssues #IndoorStadium

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia