Politics | ഘടകകക്ഷികളുടെ സമ്മർദം ഫലം കണ്ടുതുടങ്ങി; കോൺഗ്രസിൽ മഞ്ഞുരുക്കം; രമേശ് ചെന്നിത്തല യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാർഥിയാകും
● ഹൈക്കമാണ്ടിന്റെ ഇടപെടലിനൊടുവിൽ പരിഹാരമെത്തി.
● വിഡി സതീശൻ താൽക്കാലികമായി പിൻവാങ്ങി
● അധികാരത്തിൽ വന്നാൽ മുതിർന്ന നേതാക്കൾക്ക് പ്രധാന വകുപ്പുകൾ
എം എം മുനാസിർ
തിരുവനന്തപുരം: (KasargodVartha) സംസ്ഥാന കോൺഗ്രസിലെ നേതാക്കളുടെ ചേരിതിരിവ് കാരണം പ്രതിസന്ധിയിലായ യുഡിഎഫ് നേതൃത്വം വിഷയം കോൺഗ്രസ് ഹൈക്കമാണ്ടിൽ എത്തിച്ചതോടെ ഘടകകക്ഷികളുടെ സമ്മർദം ഫലം കണ്ടുതുടങ്ങി. കോൺഗ്രസിൽ ഉണ്ടാക്കിയ വെടി നിർത്തൽ ഫോർമുലയിൽ രമേശ് ചെന്നിത്തല യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും.
മുൻ കെപിസിസി പ്രസിഡണ്ട്, പ്രതിപക്ഷനേതാവ് എന്ന നിലയിൽ തിളങ്ങി നിന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു അവസരം കൂടി നൽകണമെന്ന അഭിപ്രായമാണ് കോൺഗ്രസിലും, യുഡിഎഫ് ഘടകകക്ഷികൾക്കുമിടയിലുള്ളത്. എൻഎസ്എസ് പോലുള്ള സാമുദായിക സംഘടനകളെ കോൺഗ്രസിൽ നിന്ന് അകറ്റാതിരിക്കാൻ ഇത് അനിവാര്യമാണെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു. കോൺഗ്രസ് ഹൈക്കമാണ്ട് നടത്തിയ ചർച്ചയിലും ഈയൊരു ഫോർമുലയാണ് മുന്നോട്ടുവെച്ചത്.
അതുകൊണ്ടുതന്നെയാണ് ചർച്ചകൾക്ക് ശേഷം നിലവിലെ പ്രതിപക്ഷനേതാവ് വിഡി സതീശൻ താൻ മുഖ്യമന്ത്രിയാകാനില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയത്. അടുത്ത ഊഴം വി ഡി സതീശന് നൽകും. കോൺഗ്രസ് നേതാക്കൾക്കിടയിൽ മഞ്ഞുരുകുന്നതിന്റെ സൂചനയായി വേണം ഈ തീരുമാനങ്ങളെ കാണാൻ. ഘടകകക്ഷി നേതാക്കൾ കോൺഗ്രസ് ഹൈക്കമാണ്ടിനെ കണ്ടതോടുകൂടിയാണ് കോൺഗ്രസിൽ ഐക്യശ്രമത്തിന് ആക്കം കൂട്ടിയത്.
ഒരു നേതാവിന്റെ കീഴിൽ തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഘടകകക്ഷികൾ ഹൈക്കമാണ്ടിനോട് ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം ചരട് വലികൾ ഉണ്ടാകും. അത് മുന്നണിക്ക് ദോഷം ചെയ്യും. മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരാൻ ഇടയായാൽ കോൺഗ്രസിലും, യുഡിഎഫിലും ഉണ്ടാകുന്ന വലിയ പ്രതിസന്ധിയെ കുറിച്ച് ഘടകകക്ഷി നേതാക്കൾ ഹൈക്കമാണ്ടിനെ വേണ്ട വിധത്തിൽ ധരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഹൈക്കമാണ്ട് മുന്നോട്ട് വെച്ച ഈ ഫോർമുല കോൺഗ്രസ് നേതാക്കൾ അംഗീകരിച്ചതും.
ഡൽഹി ചർച്ചകൾക്ക് ശേഷം കോൺഗ്രസിലെ മഞ്ഞുരുക്കം ഇപ്പോൾ കോൺഗ്രസ് പാർട്ടി വേദികളിൽ കണ്ടു തുടങ്ങിയിട്ടുമുണ്ട്. രമേശ് ചെന്നിത്തലയും, വിഡി സതീശനും, കെപിസിസി പ്രസിഡണ്ട് കെ സുധാകരനും ഒരുമയോടെ പാർട്ടി വേദികളിൽ സജീവമാണ്. എവിടെയും ഭിന്ന സ്വരങ്ങളില്ല. നേതാക്കളുടെ ഭിന്നത മുതലെടുത്ത് ഹൈക്കമാണ്ട് സ്വാധീനത്തിൽ മുഖ്യമന്ത്രിയാവാം എന്ന് വ്യാമോഹിച്ചവർക്ക് നേതാക്കൾക്കിടയിലെ മഞ്ഞുരുക്കം തിരിച്ചടിയായിട്ടുമുണ്ട്.
ഹൈക്കമാണ്ട് മുന്നോട്ടുവെക്കുന്ന ഫോർമുല പ്രകാരം വി ഡി സതീശൻ, കെ മുരളീധരൻ, ബെന്നി ബഹനാൻ, വിഎം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരൊക്കെ യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭയിൽ പ്രധാന വകുപ്പുകളിൽ ഇടം പിടിക്കുമെന്നാണറിയുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The pressure from coalition partners has led to the decision that Ramesh Chennithala will be the UDF's Chief Minister candidate.
#RameshChennithala #UDF #Politics #Kerala #Congress #Leadership