city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ വോടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഇരട്ട വോട് തടയാൻ കർശന നടപടികൾ, കള്ള വോട് ചെയ്താൽ ഒരു വര്‍ഷം വരെ തടവ്

കാസർകോട്: (www.kasargodvartha.com 03.04.2021) ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു, ജില്ലാ പൊലീസ് മേധാവി പി ബി രാജീവ് ഐ പി എസ്, ഇലക്ഷന്‍ ഡെപ്യൂടി കലക്ടര്‍ സൈമണ്‍ ഫെര്‍ണ്ണാണ്ടസ് എന്നിവർ അറിയിച്ചു. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലായി ആകെ 1591 ബൂതുകളാണ് സജ്ജമാക്കുന്നത്. 983 മെയിന്‍ ബൂതുകളും 608 ഓക്‌സിലറി ബൂതുകളുമുള്‍പെടെയാണിത്. പുതുതായി പേര് ചേര്‍ത്തവര്‍ ഉള്‍പെടെ 2021 മാര്‍ച് 20ന് പ്രസിദ്ധീകരിച്ച വോടര്‍ പട്ടിക പ്രകാരം ആകെ 10,59,967 വോടര്‍മാരാണുള്ളത്. ഇതില്‍ പൊതുവോടര്‍മാരും പ്രവാസി വോടര്‍മാരും ഉള്‍പെടെ 10,58,337 പേരും 1630 സര്‍വീസ് വോടര്‍മാരുമാണുള്ളത്. ആകെ വോടര്‍മാരില്‍ 518501 പേര്‍ പുരുഷന്മാരും 5,41,460 പേര്‍ സ്ത്രീകളും ആറ് പേര്‍ ഭിന്നലിംഗക്കാരുമാണ്.
                                                                                    
ജില്ലയില്‍ വോടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഇരട്ട വോട് തടയാൻ കർശന നടപടികൾ, കള്ള വോട് ചെയ്താൽ ഒരു വര്‍ഷം വരെ തടവ്



1989 വീതം പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍, സെകന്‍ഡ് പോളിങ് ഓഫീസര്‍മാര്‍, തേഡ് പോളിങ് ഓഫീസര്‍മാര്‍, 1591 പോളിംഗ് അസിസ്റ്റന്റുമാര്‍, 153 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ ഉള്‍പെടെ 9700 ജീവനക്കാരെയാണ് ജില്ലയില്‍ തരെഞ്ഞെടുപ്പ് ഡ്യൂടിയ്ക്കായി ഇ-പോസ്റ്റിങ് നടത്തിയത്. റിസര്‍വ് ഉള്‍പെടെയാണിത്. ഇതിന് പുറമേ ബൂതുകളില്‍ കോവിഡ് 19 പ്രോടോക്കോള്‍ ഉറപ്പാക്കുന്നതിന് അങ്കണവാടി പ്രവര്‍ത്തകരെയും ആശാവര്‍ക്കര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

ഇരട്ട വോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച മുന്നറിയിപ്പ് എല്ലാ പോളിങ് സ്‌റ്റേഷുകള്‍ക്ക് മുന്നിലും പ്രദര്‍ശിപ്പിക്കും. അഞ്ച് നിയോജക മണ്ഡലങ്ങളിലെയും വോടര്‍ പട്ടിക പരിശോധിച്ച് സ്ഥലത്തില്ലാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലം മാറിപ്പോയ വോടര്‍മാരുടെയും ലിസ്റ്റ് തയ്യാറാക്കി റിടേണിങ് ഓഫീസര്‍മാര്‍ മുഖേന തുടര്‍നടപടികള്‍ക്കായി പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറുന്നതാണ്. ഈ ലിസ്റ്റില്‍ ഉള്‍പെട്ടവർ വോട് രേഖപ്പെടുത്താന്‍ എത്തിയാല്‍ അവരുടെ ഫോടോയെടുത്ത് ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കും. ഈ ലിസ്റ്റില്‍ ഉള്‍പെട്ട വോടര്‍മാര്‍ 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 31 പ്രകാരമുള്ള സത്യപ്രസ്താവന സമര്‍പിക്കണം.

മറ്റൊരാളുടെ വോട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും കുറ്റകരമാണ്. ഐപിസി 171 എഫ് അനുസരിച്ച് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍ നിന്ന് ഒഴിവാകുകയില്ല. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ വ്യാജമായിട്ട് ഉണ്ടാക്കിയാണ് വോട് ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റര്‍ ചെയ്യും. കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.

വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ഉള്ള വോടറുടെയും വോടേഴ്സ് ലിസ്റ്റില്‍ പേരുള്ള മരിച്ച ആളുടേയും തിരിച്ചറിയല്‍ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കരുത്. ഇതുപയോഗിച്ച് കള്ളവോട് ചെയ്യാന്‍ ശ്രമിച്ചാല്‍ നല്‍കിയ ആള്‍ക്കെതിരെയും നടപടിയുണ്ടാവും. യഥാർഥ വോടര്‍ തന്നെയാണ് വോട് ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം. വോടറുടെ ഐഡന്റിറ്റി സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വോട് ചെയ്യാന്‍ അനുവദിക്കൂ. എതെങ്കിലും സ്ഥാനാര്‍ഥിക്ക് വോട് ചെയ്യാന്‍ വേണ്ടി പണമോ പാരിതോഷികങ്ങളോ നല്‍കരുത്. ഭീഷണിപ്പെടുത്തുകയോ വോട് ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. വോടെടുപ്പിന് ഏതെങ്കിലും വിധത്തില്‍ തടസമുണ്ടാക്കുകയോ പോളിങ് ബൂതിലോ സമീപമോ സംഘര്‍ഷമുണ്ടാക്കുകയോ ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാവും.

ജില്ലയിലെ 738 ബൂതുകളില്‍ ലൈവ് വെബ്കാസ്റ്റിങ് സംവിധാനവും 853 ബൂതുകളില്‍ സി സി ടി വി സംവിധാനവും സജ്ജമാക്കും. ജില്ലയില്‍ 44 ക്രിടിക്കല്‍ ബൂതുകളും 61 വള്‍നറബിള്‍ ബൂതുകളുമാണുള്ളത്. കാസര്‍കോട് സിവില്‍സ്‌റ്റേഷന്‍ കോമ്പൗണ്ടിലെ പഞ്ചായത്ത് ഡെപ്യൂടി ഡയറക്ടര്‍ ഓഫീസില്‍ തയ്യാറാക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ജില്ലാ കളക്ടര്‍, പോലീസ് ഒബ്‌സര്‍വര്‍, എസ് പി എന്നിവര്‍ ജില്ലയിലെ ബൂതുകളിലെ സ്ഥിതിഗതികള്‍ തല്‍സമയം നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കും.

അഞ്ച് കേന്ദ്രങ്ങളില്‍ പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനായി രാവിലെ എട്ട് മുതല്‍ 9.30 വരെ, 9.30 മുതല്‍ 11 മണി വരെ, 11 മണി മുതല്‍ 12.30 വരെ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് വിതരണം. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ മാത്രമേ കൗണ്ടറില്‍ പ്രവേശിക്കേണ്ടതുള്ളൂ. മറ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ അനുവദിച്ച വാഹനത്തില്‍ തന്നെ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയെ എട്ട് സബ് ഡിവിഷനുകളായി തിരിച്ച് ഓരോ സബ് ഡിവിഷന്റെയും ചുമതല ഓരോ ഡി വൈ എസ് പി മാര്‍ക്ക് നല്‍കിയിട്ടുണ്ട്. എട്ട് മുതല്‍ 10 വരെയുള്ള ബൂതുകള്‍ക്ക് സുരക്ഷയേര്‍പെടുത്തുന്ന തരത്തില്‍ 70 സംഘം പട്രോളിങ് ഗ്രൂപുകള്‍ ഉണ്ടാകും. ഇതിന് പുറമേ 45 വള്‍നറബിള്‍ ബൂതുകളില്‍ പ്രത്യേകം പട്രോളിങ് സംഘവുമുണ്ട്. 10 കമ്പനി കേന്ദ്ര സേനയാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ വിന്യസിച്ചിട്ടുള്ളത്. വോട്ടെടുപ്പ് തീരുന്നതിന് 48 മണിക്കൂര്‍ മുമ്പ് വരെ പരസ്യ പ്രചാരണത്തിന് അനുമതിയുണ്ടെങ്കിലും ഇത്തവണ കൊട്ടിക്കലാശത്തിന് നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്.

Keywords:  Kasaragod, Kerala, News, Top-Headlines, Vote, Politics, Preparations for the polls in the district are complete; Strict measures to prevent double voting, imprisonment for up to one year for fraudulent voting.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia