city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Condolences | 'കാസര്‍കോടിനോട് ഹൃദയ ബന്ധം പുലര്‍ത്തിയ നേതാവ്'; ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം; രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഉപവാസ സത്യാഗ്രഹം മാറ്റിവച്ചു

കാസര്‍കോട്: (www.kasargodvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. ജില്ലയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത രംഗങ്ങളിലെ നിരവധി പേര്‍ വിയോഗത്തില്‍ അനുശോചിച്ചു. കാസര്‍കോടുമായി പുലര്‍ത്തിയിരുന്ന നല്ല ബന്ധത്തിന്റെ ഓര്‍മകള്‍ നേതാക്കള്‍ അയവിറക്കി. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചതിനാല്‍ ഈ മാസം 22 ന് നടത്താനിരുന്ന 24 മണിക്കൂര്‍ ഉപവാസ സത്യാഗ്രഹം മാറ്റിവച്ചതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി അറിയിച്ചു. ഏക സിവില്‍ കോഡിനെതിരെയും മണിപ്പൂരിലെ നരഹത്യക്കുമെതിരായി വിദ്യാനഗറില്‍ നടത്താനിരുന്ന എകദിന ഉപവാസമാണ് മാറ്റി വച്ചത്.
             
Condolences | 'കാസര്‍കോടിനോട് ഹൃദയ ബന്ധം പുലര്‍ത്തിയ നേതാവ്'; ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം; രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഉപവാസ സത്യാഗ്രഹം മാറ്റിവച്ചു

മികച്ച ഭരണകർത്താവെന്ന് കലക്ടർ കെ ഇമ്പശേഖർ

ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗം തീരാനഷ്ടമാണെന്ന് കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ അനുസ്‌മരിച്ചു. മികച്ച ഭരണകർത്താവ് എന്ന നിലയിലും ജില്ലയുടെ അടക്കം കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഉമ്മൻ ചാണ്ടി നൽകിയ സേവനങ്ങൾ മഹത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസര്‍കോടിനോട് അഭേദ്യമായ ഹൃദയ ബന്ധം പുലര്‍ത്തിയ നേതാവെന്ന് സി ടി അഹ്മദ് അലി

കാസര്‍കോട് ജില്ലയോട് അഭേദ്യമായ ഹൃദയ ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സി ടി അഹ്മദ് അലി പറഞ്ഞു. സംസ്ഥാനത്തെ വികസന കുതിപ്പിലേക്ക് നയിച്ച മാതൃകാ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ജില്ലയുടെ വികസന കാര്യത്തില്‍ എന്നും സഹായകര മായി നിലകൊണ്ട ഭരണാധികാരിയായിരുന്നു. കാസര്‍കോടിന്റെ പിന്നാക്കാവസ്ഥക്ക് അറുതി വരുത്താന്‍
പ്രഭാകരന്‍ കമീഷനെ നിയോഗിച്ച് വികസന പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചത് ഒടുവില്‍ മുഖ്യമന്ത്രിയായ വേളയിലാണ്.

കരുണാകരന്‍ മുഖ്യമന്തിയായ വേളയില്‍ തദ്ദേശ സ്വയംഭരണ മന്ത്രിയായ താന്‍ എല്‍ബിഎസ് എന്‍ജിനിയറിംഗ് കോളജ് എന്ന ആവശ്യം ഉന്നയിച്ച പ്പോള്‍ ധനകാര്യ മന്ത്രിയെന്ന നിലയില്‍ യാതൊരു സങ്കോചവും കൂടാതെ തുക അനുവദിച്ചു. ലോകോത്തര ശ്രദ്ധ നേടിയ ജനസമ്പര്‍ക്ക പരിപാടി നടത്തി പാവങ്ങള്‍ക്ക് പരാശ്രയം നല്‍കിയ കരുണാദ്രനായിരുന്നു അദ്ദേഹമെന്നും സി ടി അഹ്മദ് അലി കൂട്ടിച്ചേര്‍ത്തു.

പൊലിഞ്ഞത് കോണ്‍ഗ്രസിലെ ഉദയസൂര്യനെന്ന് പി കെ ഫൈസല്‍

കേരള രാഷ്ട്രീയത്തില്‍ മറക്കാനാകാത്ത ഓട്ടേറെ ഏടുകള്‍ തുന്നിച്ചേര്‍ത്ത ഭരണാധിപന്‍, വെള്ളത്തിലെ മീന്‍ പോലെ ജനങ്ങള്‍ക്കിടയില്‍ നീന്തിത്തുടിച്ച ജനകീയന്‍, വിശാല മനസ്‌കതയുടെ രാഷ്ട്രീയ പര്യായം ഇങ്ങനെ എല്ലാമെല്ലാമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കാസര്‍കോട് ഡിസിസി പ്രസിഡണ്ട് അഡ്വ. പി കെ ഫൈസല്‍ പറഞ്ഞു.

ജനഹൃദയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വാസം. ജനങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ച വ്യക്തിത്വം. കേരളത്തിന്റെ സമഗ്ര പുരോഗതിയിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയ നേതാവ്. ജനസമ്പര്‍ക്ക പരിപാടിയില്‍ അശരണരോടൊപ്പം ക്ഷീണമില്ലാതെ കഴിയാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിബദ്ധതക്കു കഴിഞ്ഞു. അത് കാസര്‍കോടു വെച്ച് കണ്ടതാണ്. പരിഹരിക്കാതെ കിടന്ന ഒട്ടനവധി പ്രശ്നങ്ങള്‍ക്കാണ് ഒരൊറ്റ ദിനം കൊണ്ട് പരിഹാരമായത്. ഉമ്മന്‍ ചാണ്ടിയുടെ വിടവ് ലോക മലളായി സമൂഹത്തിനും, കോണ്‍ഗ്രസ് സംഘടനയ്ക്കും തീരാ നഷ്ടമാണ് .

അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് മഞ്ചേശ്വരം-വെള്ളരിക്കുണ്ട് താലൂകുകള്‍ അനുവദിക്കപ്പെട്ടത്. അതുവഴി ജില്ലക്ക് വന്ന മാറ്റം ചില്ലറയല്ല. ഏറെ ആരോഗ്യ പ്രതിസന്ധി നേരിടുന്ന കാസര്‍കോട് ജില്ലയുടെ ദുരവസ്ഥ മനസിലാക്കി അനുവദിച്ച ഉക്കിനടുക്കയിലെ മെഡികല്‍ കോളജ് എന്ന സ്വപ്നം ഇന്നും പൂര്‍ത്തീയാകാതെ കിടപ്പുണ്ട്. അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്നതാണ് പ്രഭാകരന്‍ കമീഷന്‍. അതിന്റെ ഭാഗമായി നൂറുകണക്കിനു കോടി രൂപ ഇന്നും ജില്ലയുടെ വികസനത്തിനായി ചിലവഴിക്കപ്പെടുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

കേരള സമൂഹത്തിനുണ്ടായ ഭീമമായ നഷ്ടമെന്ന് കെ കുഞ്ഞിരാമന്‍

കേരള സമൂഹത്തിനുണ്ടായ ഭീമമായ നഷ്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗമെന്ന് സിപിഎം നേതാവും, മുന്‍ എംഎല്‍എയുമായ കെ കുഞ്ഞിരാമന്‍ പറഞ്ഞു. വലിപ്പച്ചെറുപ്പമില്ലാതെ, എളിമ കൈവിടാതെ, രാഷ്ട്രീയ വിശ്വാസത്തെ മറികടന്ന് സാധ്യമായതെല്ലാം ചെയ്യാന്‍ അദ്ദേഹം കാണിച്ച ശുഷ്‌ക്കാന്തി എന്നിലും പ്രത്യേകിച്ച് ഉദുമാ മണ്ഡലത്തേയും ഒട്ടേറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്ത് അപൂര്‍വം മെഡികല്‍ കോളജുകള്‍ മാത്രം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതില്‍ ഒന്ന് കാസര്‍കോടിനായിരുന്നു. എന്റെ കൂടി സമ്മര്‍ദത്തെ ന്യായീകരിച്ചു കൊണ്ടായിരുന്നു ഉക്കിനടുക്കയിലെ മെഡികല്‍ കോളജിന് തറക്കല്ലിട്ടത്.

അതിന്റെ പണി പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനായില്ലെങ്കിലും തുടര്‍ നടപടികളുമായി മുന്നോട്ടു പോകുന്നത് തുടര്‍സര്‍കാരുകളാണ്. ഗവ. ആര്‍ട്‌സ് കോളജുകളില്ലാത്ത ഉദുമയിലേക്ക് ഒരു കോളജ് എന്ന ആവശ്യവുമായി ചെന്നപ്പോള്‍ ഒരു മടിയുമില്ലാതെ അത് അനുവദിക്കുകയുണ്ടായി. പനയാല്‍ പെരിയാട്ടടുക്കത്തിനു തിലകക്കുറിയായി ആ കോളജ് നിലകൊള്ളുന്നു. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ജില്ലക്കു തന്നെ അഭിമാനകരമാണ് അത്.

ദേലമ്പാടി പഞ്ചായതിന്റെ സമഗ്രവികസനത്തിനുള്ള സുപ്രധാന വികസനമായിരുന്നു അത്തനടിപ്പാലം. പിന്നാക്കം നില്‍ക്കുന്ന ദേലമ്പാടിയെ കാസര്‍കോട് പട്ടണവുമായി ബന്ധപ്പെടുത്തുന്നത് ഈ പാലമാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്തു തന്നെയാണ് അത് അനുവദിച്ചതും, പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടന്നതും. ഇതുപോലെ നിരവധി കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ വികസനോന്മുകത താന്‍ എംഎല്‍എയായിരുന്ന കാലത്ത് ജില്ലയെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിച്ചു.

ഉമ്മന്‍ചാണ്ടി സ്വാധീനം ചെലുത്താത്ത ഒരു മലയാളിയും കേരളത്തിലുണ്ടാവില്ലെന്ന് ഹകീം കുന്നില്‍

ഉമ്മന്‍ചാണ്ടിയെ അറിയാത്ത, അദ്ദേഹത്തില്‍ സ്വാധീനം ചെലുത്താത്ത ഒരു മലയാളിയും കേരളത്തിലുണ്ടാവില്ലെന്ന് മുന്‍ ഡിസിസി പ്രസിഡണ്ട് ഹകീം കുന്നില്‍ അനുസ്മരിച്ചു. മുഴുവന്‍ മലയാളികളും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖിക്കുന്നതു പോലെ താനും ആ ദുഖത്തില്‍ പങ്കു ചേരുന്നു.

ജനകീയ നേതാവിനെയാണ് നഷ്ടമായതെന്ന് കെഎംസിസി

ആള്‍ക്കൂട്ടത്തിനിടയില്‍ മാത്രം ജീവിച്ച ഏവര്‍ക്കും മാതൃകയായ സാധാരണക്കാര്‍ക്ക് സമാശ്വാസവും സാന്ത്വനവുമേകിയ മനുഷ്യ സ്‌നേഹിയെയാണ് ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമിറ്റി ഭാരവാഹികള്‍ അനുസ്മരിച്ചു. സാധാരണക്കാരന്റെ ആശ്വാസത്തിന് വേണ്ടി ആത്മാര്‍ഥതയോടെ സേവനവീഥിയില്‍ നിറഞ്ഞ് നിന്ന് ജന മനസുകളെ കീഴടക്കി പരിഹാസശരങ്ങളെ പുഞ്ചിരി കൊണ്ട് നേരിട്ട മഹാമനീഷി ആയിരുന്നു അദ്ദേഹം. എന്നും പ്രവാസികളോടും കെഎംസിസിയോടും കാണിച്ച സ്‌നേഹ വാത്സല്യം എക്കാലവും സ്മരിക്കപ്പെടുമെന്നും പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജെനറല്‍ സെക്രടറി സലാം കന്യപ്പാടി, ട്രഷറര്‍ ടി ആര്‍ ഹനീഫ്, ഓര്‍ഗനസിംഗ് സെക്രടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

സുന്നി നേതാക്കള്‍ അനുശോചിച്ചു

കേരളത്തിന് നഷ്ടപ്പെട്ടത് ജനകീയനായ മുഖ്യമന്ത്രിയാണെന്ന് സമസ്ത ഉപാധ്യക്ഷനും ജാമിഅ സഅദിയ്യ പ്രസിഡന്റുമായ കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. മുഖ്യമന്ത്രിയായിരിക്കുന്ന സമയത്തും അല്ലാത്തപ്പോഴും സുന്നി സംഘടനകളുമായും സ്ഥാപനങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാഷ്ട്രീയ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രടറി എ സൈഫുദ്ദീന്‍ ഹാജി, ജില്ലാ ജെനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സഅദിയ്യ അഡ്മിനിസ്‌ട്രേറ്റര്‍ ടി പി അബ്ദുല്‍ ഹമീദ് എന്നിവര്‍ തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടിയുടെ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി എന്നിവര്‍ അനുശോചനം അറിയിച്ചു.
        
Condolences | 'കാസര്‍കോടിനോട് ഹൃദയ ബന്ധം പുലര്‍ത്തിയ നേതാവ്'; ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം; രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഉപവാസ സത്യാഗ്രഹം മാറ്റിവച്ചു

ഉമ്മന്‍ ചാണ്ടി ജനകീയത മുഖമുദ്രയാക്കിയ നേതാവെന്ന് സിദ്ദീഖ് അലി മൊഗ്രാല്‍

ജനകീയത മുഖമുദ്രയാക്കിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) ജില്ലാ പ്രസിഡന്റ് സിദ്ദീഖ് അലി മൊഗ്രാല്‍ അനുസ്മരിച്ചു. ജലപാനം പോലുമില്ലാതെ മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന അദ്ദേഹത്തിന്റെ ജനസമ്പര്‍ക്ക പരിപാടികള്‍ അനവധി പേര്‍ക്കാണ് തുണയായത്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കേരളത്തിന്റെ വലിയ നഷ്ടം തന്നെയാണ്. മെഡികല്‍ കോളജ് അടക്കം കാസര്‍കോട് ജില്ലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും അദ്ദേഹത്തിനായി. നല്ലൊരു മനുഷ്യ സ്‌നേഹിയായ ഉമ്മന്‍ ചാണ്ടി എപ്പോഴും ജനങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം നല്‍കിയിരുന്നതെന്നും സിദ്ദീഖ് അലി മൊഗ്രാല്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് (എസ്) അനുശോചിച്ചു

സ്വതസിദ്ധമായ മന്ദഹാസം കൊണ്ടും,പെരുമാറ്റത്തിലെ ലാളിത്യം കൊണ്ടും ജനഹൃദയങ്ങളില്‍ ജീവിച്ച നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയെന്ന് കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡണ്ട് ടി വി വിജയന്‍ ഒളവറ അനുശോചിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് കേരള രാഷ്ട്രീയത്തിന് പ്രത്യേകിച്ച് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ജനകീയ നേതാവെന്ന് അഡ്വ. സോജന്‍ കുന്നേല്‍

രാഷ്ട്രീയ എതിരാളികളാല്‍ വേട്ടയാടപ്പെട്ടപ്പോഴും, തന്റെ പൊതുപ്രവര്‍ത്തന കാലഘട്ടങ്ങളില്‍ ലഭിച്ച ഓരോ മിനിറ്റും പാവപ്പെട്ടവരായ ആളുകളുടെ ഉന്നമനത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജെനറല്‍ സെക്രടറി അഡ്വ. സോജന്‍ കുന്നേല്‍ അനുശോചിച്ചു.

Keywords: Oommen Chandy, Medical College, Prabhakaran Commission, Malayalam News, Kerala News, Kasaragod News, Chief Minister of Kerala, Oommen Chandy: Condolences pour from leaders.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia