Police Action | കള്ളപ്പണ ആരോപണം: പാലക്കാട്ട് നടത്തിയത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധയെന്ന് എസിപി
● സിപിഎമ്മിന്റെ നാടകം ജനം കാണുന്നുണ്ടെന്ന് ഷാഫി പറമ്പില്‍.
● എന്നിട്ട് എന്ത് കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് എംപി.
● പ്രൈവസിയിലേക്ക് കടന്നുകയറിയെന്ന് ഷാനിമോള്‍ ഉസ്മാന്‍.
പാലക്കാട്: (KasargodVartha) ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കള്ളപ്പണം കൊണ്ടു വന്നെന്ന് ആരോപിച്ച് അര്‍ധരാത്രി പാലക്കാട്ടെ ഹോട്ടലില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയിലേക്ക് പൊലീസ് ഇടിച്ചു കയറി പരിശോധനയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സംഘര്‍ഷം. സിപിഎം, ബിജെപി നേതാക്കള്‍ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിന് അകത്തേക്കും എത്തി. ഇതോടെ ഹോട്ടലില്‍ വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധയാണ് നടത്തിയതെന്ന് എസിപി അശ്വതി ജിജി പറഞ്ഞു. സാധാരണ നടക്കുന്ന പതിവ് പരിശോധനയാണ് ഇതെന്നും ആരുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധന അല്ല ഇതെന്നുമാണ് എസിപി പറയുന്നത്. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും എസിപി പറഞ്ഞു.
ഭര്‍ത്താവും കൂടെയുള്ളപ്പോഴാണ് ബിന്ദു കൃഷ്ണയുടെ മുറി പരിശോധിച്ചത്. എല്ലാ ആഴ്ചയും ഇലക്ഷന്റെ ഭാഗമായി നടക്കുന്ന പരിശോധനയാണിത്. എപ്പോഴും വനിത പൊലീസ് ഉണ്ടാകണമെന്നില്ല. ഈ ഹോട്ടല്‍ മാത്രല്ല പല ഹോട്ടലിലും കഴിഞ്ഞ ആഴ്ചകളിലടക്കം പരിശോധന നടത്തിയിട്ടുണ്ടെന്നും എസിപി പറഞ്ഞു. കള്ളപ്പണം ഉണ്ടെന്ന ഒരു വിവരം പൊലീസിന് ലഭിച്ചിട്ടില്ലെന്നും എസിപി അശ്വനി മാധ്യമങ്ങളോട് വ്യക്തമാക്കി.
രാത്രി 12.10നാണ് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ വനിതാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. ഷാനിമോള്‍ ഉസ്മാന്‍ താമസിക്കുന്ന മുറിയിലേക്ക് മുന്നറിയിപ്പോ വ്യക്തതയോ നല്‍കാതെ പരിശോധിക്കാന്‍ കയറി. ഉദ്യോഗസ്ഥരില്‍ ചിലര്‍ മഫ്തിയിലായിരുന്നതിനാല്‍ ഷാനിമോള്‍ ഉസ്മാന്‍ ഭയന്ന് മുറിയില്‍ നിന്നു പുറത്തേക്കിറങ്ങി. ഇതിനു പിന്നാലെ ബിന്ദുകൃഷ്ണയും ഭര്‍ത്താവ് കൃഷ്ണകുമാറും താമസിച്ചിരുന്ന മുറിയിലേക്കും ഉദ്യോഗസ്ഥര്‍ കയറാന്‍ ശ്രമിച്ചതോടെ രണ്ടു മുറികളും പൂട്ടി ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും പുറത്ത് ഇറങ്ങി നിന്നു. പിന്നീട് ഇവരുടെ ആവശ്യ പ്രകാരം വനിതാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഹോട്ടലില്‍ താമസിക്കുന്ന സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം ഹോട്ടലിലെ റെയിഡ് പൊലീസിന്റെ സഹായത്തോടെ സിപിഎം നടത്തുന്ന നാടകമാണെന്ന് എംപിമാരായ വികെ ശ്രീകണ്ഠനും ഷാഫി പറമ്പിലും ആരോപിച്ചു. സിപിഎമ്മിന്റെ നാടകം ജനം കാണുന്നുണ്ട്. സിപിഎം- ബിജെപി നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയില്ല. ഈ തിരക്കഥയൊക്കെ എന്തിനാണെന്ന് ജനത്തിന് മനസിലാകുന്നുണ്ടെന്ന് ഷാഫി പറഞ്ഞു.
തങ്ങള്‍ ഓടിയൊളിച്ചെന്നാണ് പറയുന്നത്. അത് തെളിയിച്ചാല്‍ മുടി മൊട്ടയടിക്കുമെന്ന് വികെ ശ്രീകണ്ഠന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ നേതാവ് പരിശോധിച്ചു, എന്നിട്ട് എന്ത് കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
തങ്ങളുടെ മുറിയില്‍ കയറി പരിശോധിച്ചിട്ട് എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നല്‍ണമെന്ന് ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടു. പത്ത് പതിനഞ്ച് ദിവസമായി താമസിക്കുന്ന മുറിയാണ്. പൊലീസുകാരുള്‍പ്പെടെ തന്റെ പ്രൈവസിയിലേക്ക് കടന്നുകയറുകയാണ് ചെയ്തത്. ഒരു വനിതാ പൊലീസുകാര്‍ പോലും സംഘത്തിലുണ്ടായിരുന്നില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
പൊലീസ് പരിശോധനയ്ക്ക് ശ്രമിച്ചതിന് പിന്നാലെ താന്‍ പാലക്കാടല്ല, കോഴിക്കോടാണുള്ളതെന്ന് വ്യക്തമാക്കി ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട് ടൗണ്‍ സ്റ്റേഷന് മുന്നില്‍നിന്ന് ഫേസ്ബുക് ലൈവുമായി സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തി.
ഒരുട്രോളി ബാഗ് നിറയെ പണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ പാലക്കാട്ട് ഹോട്ടലിലെത്തിയെന്നാണ് ബിജെപി-സിപിഎം ആരോപണം. പാലക്കാട്ടെ മുറിക്കുള്ളില്‍നിന്ന് ട്രോളിബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് ബിജെപിക്കാരും സിപിഎമ്മുകാരും വിളിച്ചുപറയുകയാണ്. ഞാനുള്ളത് കോഴിക്കോടാണ്. എന്റെ ട്രോളിബാഗില്‍ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട്. നാളെ കാന്തപുരം ഉസ്താദിനെ കാണാനായാണ് കോഴിക്കോട് എത്തിയതെന്ന് രാഹുല്‍ പറഞ്ഞു.
എല്ലാ കോണ്‍ഗ്രസ് നേതാക്കളും മുറികള്‍ തുറന്നുകൊടുത്തു. ഷാനിമോള്‍ ഉസ്മാന്‍ മാത്രമാണ് മുറി തുറന്ന് കൊടുക്കാതിരുന്നത്. അവര്‍ ഒറ്റയ്ക്കാണ് മുറിയില്‍ താമസിക്കുന്നത്. വനിതാ പൊലീസ് വരാതെ മുറി തുറക്കില്ലെന്നാണ് അവര്‍ പറഞ്ഞത്. വനിതാ പൊലീസുകാര്‍ വന്നപ്പോള്‍ അവര്‍ മുറി തുറന്നുകൊടുത്തു. മുറി പരിശോധിച്ച ശേഷം ഒന്നും കിട്ടിയില്ല. സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഒരു ഉദാഹരണം കൂടി വന്നിരിക്കുകയാണ്.
സിപിഎം നേതാക്കന്മാരുടെ മുറി പരിശോധിച്ചെന്ന് അവരും ബിജെപി നേതാക്കന്മാരുടെ മുറി പരിശോധിച്ചെന്ന് ബിജെപിക്കാരും പറയുന്നു. സിപിഎം നേതാക്കന്മാരുടെ മുറി പരിശോധിച്ചതില്‍ എന്താണ് ബിജെപിക്ക് ആക്ഷേപമില്ലാത്തത്, തിരിച്ചും ആക്ഷേപമില്ല. നഗരഹൃദയത്തിലെ ഹോട്ടലില്‍ ട്രോളി ബാഗ് നിറയെ പണവുമായി ഒരാള്‍ക്ക് വരാന്‍ കഴിയുമെങ്കില്‍ പിന്നെ എന്തിനാണ് പൊലീസെന്ന് രാഹുല്‍ പറഞ്ഞു.
#Palakkad #CongressLeaders #PoliceRaid #ElectionInspection #KeralaNews #PoliticalProtest