നേതാക്കൾക്കും അണികൾക്കും കർശന നിർദേശവുമായി മുസ്ലിം ലീഗ്; 'അച്ചടക്കം പാലിക്കണം; തീരുമാനങ്ങളയോ നേതാക്കളയോ ആക്ഷേപിക്കരുത്; ലംഘിച്ചാൽ നടപടി'
Sep 14, 2021, 20:10 IST
കാസർകോട്: (www.kasargodvartha.com 14.09.2021) നേതാക്കൾക്കും അണികൾക്കും നിർദേശങ്ങളുമായി ജില്ലാ മുസ്ലിം ലീഗ് നേതൃത്വം. സംഘടന അച്ചടക്കം മുഴുവൻ പ്രവർത്തകരും നേതാക്കളും കർശനമായി പാലിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിലൂടെയോ മറ്റു രീതിയിലോ സംഘടന തീരുമാനങ്ങളയോ നേതാക്കളയോ ആക്ഷേപിക്കുന്നത് വിലക്കുന്നു.
പൊതു സമൂഹത്തിന് പാർടിയോട് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളോ, പ്രസ്താവനകളോ, സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകളോ അഭിപ്രായപ്രകടനങ്ങളോ വേണ്ടെന്നാണ് നിർദേശം. ഇത് ലംഘിക്കുന്ന മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ലയും ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാനും അറിയിച്ചു.
പതിവിന് വിപരീതമായി പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിൽ കൂടിയും മറ്റു പാർടി തീരുമാനങ്ങളെ പരസ്യമായി വിമർശിക്കുന്ന സംഭവങ്ങൾ മുസ്ലിം ലീഗിനുള്ളിൽ കൂടി വരുന്ന പശ്ചാത്തലത്തിലാണ് നേതൃത്വം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് മുതൽ ഹരിത വിവാദം വരെ മുസ്ലിം ലീഗിനുള്ളിൽ ഭിന്ന സ്വരങ്ങൾ ഉയർത്തുകയും അണികൾ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. ഭാവിയിൽ ഇത്തരം വിവാദങ്ങൾക്ക് തടയിടുകയാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
Keywords: Kerala, News, Kasaragod, Top-Headlines, Muslim-league, Politics, District, Committee, Muslim League with strict instructions to leaders and workers.
< !- START disable copy paste -->